വീണ്ടുമൊരു സൗഹൃദദിനമെത്തുമ്പോള്‍ ഓര്‍മയിലോടിയെത്തുന്നത് ഒരുപാട് മുഖങ്ങള്‍. സുഹൃത്തുക്കള്‍ ധാരാളമുണ്ടെങ്കിലും ഓര്‍മയില്‍ ദശാബ്ദത്തിനിപ്പുറവും ഗുല്‍മോഹര്‍ പൂക്കളുടെ തീവ്രവര്‍ണം പോലെ തെളിഞ്ഞു നില്‍ക്കുന്നത് നിന്റെ സൗഹൃദമാണ്. തിരുവനന്തപുരം ലോ കോളേജില്‍ നിയമം പഠിക്കാന്‍ ഒരേ ദിവസം ചേരുമ്പോള്‍ പിന്നീട് സൗഹൃദത്തിന് ഇത്രയും ആഴമുണ്ടാകുമെന്ന് കരുതിയില്ല. 

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവ് ഒരിക്കലും തോന്നിപ്പിക്കാത്ത കലാലയം. അതു കൊണ്ടു തന്നെ സൗഹൃദങ്ങള്‍ക്കും അതിര്‍വരമ്പുകള്‍  ഉണ്ടായില്ല. പ്രണയത്തിന്  വഴിമാറിയ സൗഹൃദങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴും നല്ല രീതിയില്‍, ഇത്രയും നാളിനിപ്പുറവും ആത്മാര്‍ഥമായി നിലനില്‍ക്കുന്ന സൗഹൃദബന്ധങ്ങള്‍ ചിലപ്പോള്‍ ലോ കോളേജിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമവകാശപ്പെടാവുന്നവയാണ്.

ജിന്‍സ്, നീയെനിക്കു മുന്നില്‍ തുറന്നിട്ട സൗഹൃദാകാശത്തിന്റെ വിശാലതയ്ക്ക് അതിരുകളുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല. പരസ്പരം പറയാതെ എന്നാല്‍ പരസ്പരമറിയുന്ന മനസുകള്‍ക്ക് ആത്മാര്‍ഥമായി മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ. അതില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്ന് നിന്റെ സൗഹൃദം എനിക്ക് മനസിലാക്കിത്തന്നു. 

കണ്ണൂര്‍ക്കാരനായ നിനക്ക്  ആത്മാര്‍ഥതയും സ്‌നേഹവും അധികമായതില്‍ അദ്ഭുതമില്ല. 'ഡീ..' എന്ന നിന്റെ ഓരോ വിളിയിലും ഒരു കൂട്ടുകാരന്റെ, സഹോദരന്റെ സംരക്ഷണയും സ്‌നേഹവും എനിക്ക് ലോഭമില്ലാതെ പകര്‍ന്നു തരാന്‍ നിനക്കായി. ജന്മദിനങ്ങള്‍ മറക്കാതെ ഓര്‍മിച്ച് നീ സമ്മാനങ്ങള്‍ വാങ്ങിത്തന്നു. പക്ഷെ നിന്റെ ജന്മദിനം ഒരിക്കലും ഓര്‍മിക്കാത്ത ഞാന്‍ സൗഹൃദത്തില്‍ മാപ്പു പറച്ചിലിന്  സ്ഥാനമില്ലാത്തതു കൊണ്ട് അതിന് മുതിരുന്നില്ല.

പ്രണയമാണോന്ന് തെറ്റിദ്ധരിച്ച അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ പ്രണയത്തിനപ്പുറം സൗഹൃദത്തിനാണ് ഞങ്ങള്‍ സ്ഥാനം കൊടുക്കുന്നതെന്ന് ധൈര്യത്തോടെ പറയാന്‍ നമുക്കായത് നീയും ഞാനുമായതു കൊണ്ട് മാത്രമാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും.

അവധി ദിവസങ്ങളില്‍ ഫോണ്‍സംഭാഷണങ്ങളിലൂടെ സൗഹൃദം തുടര്‍ന്നുവെങ്കിലും വിവാഹ ശേഷം യാതൊരു സമ്പര്‍ക്കവും ഇല്ലാതായെന്നത് ദുഖഃമുണ്ടാക്കി.  ദുബായിലായിരുന്ന നിനക്ക് അവിടെയുണ്ടായ ഒരപകടത്തിന്റെ തുടര്‍ചികിത്സയ്ക്ക് വരേണ്ടി വന്നത് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായത് വളരെ നാളുകള്‍ക്ക് ശേഷം നിന്നെ കാണാന്‍ അവസരം നല്‍കി.

ആശുപത്രിയില്‍ നിന്ന് നീയെന്നെ വിളിക്കുമ്പോള്‍, നാളുകള്‍ക്കിപ്പുറവും നിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ നമുക്കിടയിലുണ്ടായിരുന്ന സൗഹൃദത്തിന് മാറ്റമുണ്ടായിട്ടല്ല എന്ന സന്തോഷം എനിക്കു നല്‍കി. നിന്നെ കാണാനെത്തുമ്പോള്‍ വര്‍ഷങ്ങളുടെ വിടവ് നമുക്കിടയിലുണ്ടായിരുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. പഴയ ഞാനും പഴയ നീയുമായി നമ്മള്‍ വിശേഷങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ ആത്മാര്‍ഥ സൗഹൃദത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു ബന്ധത്തിനും കഴിയില്ല എന്ന് ഉറപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ യാത്ര പറയാന്‍ വിളിച്ചുവെങ്കിലും പിന്നീട് ഒരു വിളിയും പരസ്പരമുണ്ടായില്ല. ഫേസ്ബുക്കില്‍ സുഹൃത്തുക്കളാണെങ്കിലും നീയതില്‍ നിന്ന് വിട്ടു നിന്നത് അധികം സമ്പര്‍ക്കം പുലര്‍ത്താനുള്ള അവസരം നല്‍കിയില്ല. പക്ഷെ വീണ്ടുമെന്ന ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞയാഴ്ച വിളിച്ചപ്പോള്‍, ഞാന്‍ നിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്നത് നിനക്കെത്ര മാത്രം ആനന്ദമുണ്ടാക്കിയെന്നത് നിന്റെ മറുപടിയില്‍ ഞാന്‍ മനസിലാക്കി. 'നാളുകള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ കയറിയപ്പോള്‍ നിന്റെ മോന്തയാ ആദ്യം കണ്ടത്. അപ്പോള്‍ നിന്നെ വിളിക്കാന്‍ തോന്നി' എന്ന പറഞ്ഞപ്പോള്‍ സൗഹൃദത്തിന് അവസാനമില്ല എന്ന് വീണ്ടും തിരിച്ചറിയുകയായിരുന്നു.

ജിന്‍സ്, നമ്മുടെ സൗഹൃദത്തിന് ഇന്ത്യന്‍ കോഫീ ഹൗസിലെ ചൂടുള്ള കാപ്പിയുടെ മണമാണ്, മാര്‍ച്ചു മാസത്തില്‍ ലോ കോളേജിന്റെ വളപ്പിലെ മരങ്ങളില്‍ വിരിയുന്ന പൂക്കളുടെ സുഗന്ധമാണ്, യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഗന്ധമാണ്...ഒരിക്കലും മറക്കാന്‍ കഴിയാത്ത സ്‌നേഹത്തിന്റെ നറുമണം.

നിനക്കേറ്റവുമിഷ്ടമുള്ള ആകാശനീലിമയുടെ ഭംഗിയാണ് നിന്റെ സൗഹൃദത്തിന്. അതിന് ആകാശത്തിന്റെ വിശാലതയുണ്ട്. ജിന്‍സ്, നീയെന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാണെന്ന് ഞാന്‍ നിസ്സംശയം  പറയും!