നിറം മങ്ങാത്ത ഓര്‍മകളുടെ വസന്തകാലമാണ് ഓരോരുത്തരുടെയും പഠനകാലം. അതുകൊണ്ട് തന്നെ കൗമാരത്തിന്റെ ഊര്‍ജം ആവോളം ആസ്വദിക്കുന്ന കാമ്പസ് കാലത്തെ രസം നിറയ്ക്കുന്ന ഓര്‍മകള്‍ ഏവര്‍ക്കും അവിസ്മരണീയമാകുന്നതും.

സൗഹൃദങ്ങള്‍ക്ക് ആഴവും പരപ്പും നല്‍കുന്ന ഹോസ്റ്റല്‍ ജീവിതമാണ് കലാലയത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കോളജ് ഹോസറ്റലില്‍ വിരിയുന്ന സൗഹൃദങ്ങള്‍ക്ക് സിനിമകളിലെ കാമ്പസിന്റെ പരിമിതമായ ഫ്രെയിമുകളേക്കാള്‍ വ്യാപ്തിയുണ്ടെന്നതാണ് അനുഭവസ്ഥരുടെ നേര്‍ സാക്ഷ്യം. 

ഇവിടെ അങ്ങനെ രസകരമായ ഒരു ഹോസ്റ്റല്‍ സൗഹൃദം കഥപറയുകയാണ്. മലപ്പുറം തിരൂര്‍ മലയാളം സര്‍വകലാശാലയിലാണ് സംഭവം നടക്കുന്നത്.ഒരു ഹോസ്റ്റല്‍ നിവാസിയുടെ ഏറെ ഇഷ്ടപ്പെടുന്നതും പച്ചനിറത്തിലുള്ളതുമായ കുപ്പായം ഒരു രാത്രിയുടെ മറവില്‍ കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം.

സമാനമായി നഷ്ടപ്പെടുന്ന പാന്റും കുപ്പായങ്ങളും മറ്റ് ജംഗമ വസ്തുക്കളും മറ്റു മുറികളില്‍ മിന്നല്‍ പരിശോധന നടത്തിയാല്‍ കണ്ടെത്താന്‍ സാധിക്കാറുണ്ട്. ഇത്തവണ അത് സാധ്യമായില്ലെന്ന വിഷമിക്കുന്ന ഘട്ടത്തിലാണ് അവിചാരിതമായി ഒരു ഫോട്ടോയില്‍  സുഹൃത്തും ഹോസ്റ്റല്‍ മേറ്റുമായ മറ്റൊരു വിരുതന്‍ തന്റെ കുപ്പായവുമിട്ട് ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ മറ്റൊന്നും നോക്കിയില്ല സുഹൃത്തിന് ഒരു കത്തങ്ങ് കാച്ചി...

കത്ത്  ഇങ്ങനെ...

fbഏറ്റവും പ്രിയ്യപ്പെട്ട സജീര്‍ മരയ്ക്കാര്‍ വായിച്ചറിയുന്നതിന്.. ബിധുന്‍ എഴുതുന്നത്.

സജീര്‍,
എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും തന്നെയില്ല.. തനിക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനീ സന്ദേശം അയയ്ക്കുന്നതിന് അടിസ്ഥാനം, താഴെ കാണുന്ന താങ്കളുടെ ഫോട്ടോയാണെന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ...

കഴിഞ്ഞതിനും മുന്‍പുള്ള എന്റെ പാലക്കാടന്‍ യാത്രയ്ക്കിടെ, ഏട്ടന്റെ കയ്യില്‍ നിന്നും മോഷണമെന്ന രീതിയില്‍ വ്യാഖ്യാനിക്കാവുന്ന വിധമാണ് അദ്ദേഹത്തിന്റെ പച്ച കളറും, ചൈനീസ് കോളറുമുള്ള ഷര്‍ട്ട് ഞാന്‍ കൈക്കലാക്കുന്നത്.. 

' ഇല നക്കിയുടെ ചിറി നക്കി ' എന്ന് നിസ്സംശയം പറയത്തക്ക വിധത്തിലാണ് ഒരു രാത്രിയുടെ മറവില്‍ അത് നഷ്ടമാകുന്നത്.. 
അത്ഭുതമെന്നോ, യാദൃശ്ചികമെന്നോ പറയട്ടെ, ആ ഷര്‍ട്ട് മുകളിലെ ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നു..

അത് തട്ടിയെടുത്ത വ്യക്തി താങ്കളാണെന്നറിഞ്ഞതില്‍ സന്തോഷം. താങ്കള്‍ ആ ഷര്‍ട്ടിനെ ഭംഗിയായ് പരിപാലിക്കുന്നു എന്ന് വിശ്വസിക്കട്ടെ..
കൂടാതെ ആ പച്ചക്കളര്‍ ഷര്‍ട്ടില്‍ സജീര്‍ കൂടുതല്‍ സുന്ദനായി കാണാന്‍ കഴിയുന്നുവെന്നും അറിയിക്കുന്നു.

ആയതിനാല്‍ താങ്കള്‍ ഇതുപോലുള്ള ഒരു ഷര്‍ട്ട് വാങ്ങിക്കയും, ഇപ്പോള്‍ അധികാരം സ്ഥാപിച്ച് കൈവശം വെച്ചിരിക്കുന്ന ഷര്‍ട്ട് യാതൊരു ഉപേക്ഷയും കൂടാതെ തിരികെ ഏല്‍പ്പിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്..

വിശ്വസ്തതയോടെ,
ബിധുന്‍
(ഒപ്പ്)
............
തിരൂര്‍
17.06.2017

ഷര്‍ട്ടുമായി മുങ്ങിയ വിരുതനും വിട്ടുകൊടുത്തില്ല, ഷര്‍ട്ടിന്റെ പേരില്‍ കത്തെഴുതിയ സുഹൃത്തിന് നല്ലൊരു മറുപടി കൊടുത്തു. ഷര്‍ട്ടിന്റെ മാഹാത്മ്യവും അതുകൊണ്ട് കിട്ടിയ ഗുണങ്ങളും വിവരിക്കുന്നതാണ് മറുപടി കുറിപ്പ്.

മറുപടി കുറിപ്പ്

fb2

പ്രിയപ്പെട്ട സുഹൃത്ത് ബിധുന്‍ നാരായണന്‍ വായിച്ചറിയുന്നതിന് സജീര്‍ മരക്കാര്‍ എഴുതുന്നത്..,

കത്ത് കിട്ടി. ആരോഗ്യവാനാണെന്ന് അറിഞ്ഞതില്‍ സന്തോഷം. താങ്കളുടെ കവിതകളെക്കാള്‍ ഹൃദയസ്പര്‍ശിയാണ് എനിക്ക് കിട്ടിയ കത്ത് എന്ന ആദ്യമേ സൂചിപ്പിക്കട്ടെ.,

അതില്‍ ഒരു കുപ്പായത്തെ പറ്റി കണ്ടു. യാത്രശ്ചികമായി എന്നിലേക്ക് വന്ന ചേര്‍ന്ന അതിന്റെ പ്രത്യേകത പറയാതെവയ്യ. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളില്‍ നിന്നും പുരസ്‌കാരം നേടിതന്നത് പ്രസ്തുത കുപ്പായമായിരുന്നു. 

മാത്രവുമല്ല, കത്തിന്മേല്‍ എന്റെ ബാപ്പ തുടര്‍നടപടി സ്വീകരിച്ച് ആയിരം രൂപ തരികയും പുതിയ കുപ്പായം വാങ്ങി താങ്കളുടെത് തിരികെ നല്‍കാനും ഉത്തരവിട്ടു. 

യാതൊരു ഉപേക്ഷയും കൂടാതെ തിരികെ നല്‍കണമെന്ന താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അലക്കുക പോലും ചെയ്യാതെ നാളെ ഹോസ്റ്റലില്‍ എത്തിക്കാം ബുദ്ധിമുട്ട് നേരിട്ടത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊള്ളട്ടെ...

എന്ന്
സസ്‌നേഹം
സജീര്‍ മരക്കാര്‍
(ഒപ്പ്)