big bros
യതീന്ദ്രരാജ്, ടിജിന്‍, അഖില്‍, രോഹിത് മനോമോഹന്‍

 
ചിത്രങ്ങളുടേയും വീഡിയോകളുടേയും സൗണ്ട് ക്ലിപ്പുകളുടേയും അകമ്പടിയോടെ വേഗതയാർന്ന ആശയ വിനിമയം... വാട്ട്‌സ്ആപ്പിന്റെ സ്വീകാര്യതയ്ക്കുള്ള ഒരു കാരണമിതാണ്. എന്നാൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും സൗണ്ട് ക്ലിപ്പുകൾക്കും അതേ ക്വാളിറ്റി ലഭിക്കുന്നുണ്ടോ...? വാട്ട്‌സ്ആപ്പിനും ചില പരിമിതികൾ ഉണ്ട്... 16 എം.ബി. വരെയുള്ള വീഡിയോ ഫയലുകളേ വാട്ട്‌സ്ആപ്പിലൂടെ ഷെയർ ചെയ്യാൻ സാധിക്കുകയുള്ളു. വീഡിയോകൾ കംപ്രസ് ചെയ്യുന്നതിനാൽ ഒറിജിനൽ ക്വാളിറ്റി നഷ്ടപ്പെടുകയും ചെയ്യും. 

 വാട്ട്‌സ്ആപ്പിന്റെ പോരായ്മകൾക്ക് പരിഹാരമായി വാട്ട്‌സ് ടൂൾസ്‌ എന്ന സൗജന്യ ആപ്ലിക്കേഷനും രംഗത്തെത്തി കഴിഞ്ഞു. തൃശ്ശൂർ സ്വദേശികളായ നാല് ചെറുപ്പക്കാരാണ് ഇതിനു പിന്നിൽ. പി.ഡി. യതീന്ദ്രരാജ്, ഇ.ടി. ടിജിൻ, കെ.എസ്. അഖിൽ, രോഹിത് മനോമോഹൻ എന്നിവർ ചേർന്ന് ഫ്രീലാൻസ് ആൻഡ്രോയ്ഡ് ഡവലപ്‌മെന്റ് ഗ്രൂപ്പിന് രൂപം നൽകിയത്. നേരംപോക്ക്‌ സംസാരത്തിനിടയിൽ വാട്ട്‌സ്ആപ്പിന്റെ പോരായ്മകൾ ചർച്ചയായി. പിന്നീട് ഈ ന്യൂനതകൾ പരിഹരിക്കാൻ ഒരു ആപ്ലിക്കേഷൻ നിർമിച്ചാലോയെന്നായി സുഹൃത്തുക്കളുടെ ചിന്ത. അങ്ങനെയാണ് വാട്ട്‌സ് ടൂൾസ്‌ ആപ്ലിക്കേഷന്റെ പിറവി.

ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ വാട്ട്‌സ്ആപ്പിന്റെ അറ്റാച്ച്‌മെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ പുതുതായി എട്ട് ഐക്കൺ കൂടി പ്രത്യക്ഷപ്പെടും. മൊബൈൽ ആപ്ലിക്കേഷൻസ്, പി.ഡി.എഫ്., സിപ്, ആർചീവ്, ആപ്ലിക്കേഷൻ, എ.പി.കെ., ജി.ഐ.എഫ്. എന്നിങ്ങനെയുള്ള ഏതു ഫയലും എത്ര വലിപ്പത്തിലും ഷെയർ ചെയ്യാം. ക്വാളിറ്റി നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പായി വീഡിയോകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യവും വാട്ട്‌സ് ടൂൾസ്‌ ഒരുക്കുന്നു.

വാട്ട്‌സ്ആപ്പിൽ മാത്രമല്ല വാട്ട്‌സ് ടൂൾസ് പ്രവർത്തിക്കുന്നത്. വാട്ട്‌സ് ടൂൾസ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏത് ആപ്ലിക്കേഷനിലും ഇതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഫോർ ബിഗ് ബ്രദേഴ്‌സ് പ്രൊഡക്ടിവിറ്റി എന്ന വിശദീകരണത്തോടെ പ്ലേസ്റ്റോറിൽ ഈ ആപ്ലിക്കേഷൻ കാണാം. ഹോം ടൗൺ വിക്കി എന്ന പദ്ധതിയാണ് ഈ ചെറുപ്പക്കാരുടെ അടുത്ത ലക്ഷ്യം. ഓരോ നാടിനെ കുറിച്ചും അവിടെയുള്ള വ്യക്തികളേയും അവരുടെ വിവരങ്ങളേയും സ്ഥാപനങ്ങളേയും മറ്റും പരിചയപ്പെടുത്തുന്ന സംരംഭമാണിത്. ഓരോ നാടിന്റേയും പേരിൽ രൂപവത്കരിച്ചിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്.