ഴ ചാറിനിന്ന പകലിൽ ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ മുറ്റത്തിരിക്കുന്ന എൻഫീൽഡ് ബുള്ളറ്റിന്റെ അപ്പുറത്തായാണ് ആ ഫ്രെയിം മുന്നിൽ തെളിഞ്ഞത്. വരാന്തയിൽ ചാരിയിരുന്ന് അകത്തേക്കുനോക്കി കൊച്ചുമോൻ നീട്ടിവിളിച്ചു: ‘‘അമ്മാമ്മേ... ദേ, പോസ്റ്റുമാൻ വന്നിരിക്കുന്നു...’’ കൊച്ചുമോന്റെ നീട്ടിയുള്ള വിളി തീരുംമുമ്പേ പല്ലുമുഴുവൻ പുറത്തുകാട്ടിയുള്ള സൂപ്പർ ഹിറ്റ് ചിരിയുമായി അമ്മാമ്മ ഫ്രെയിമിലെത്തി. ചട്ടയും മുണ്ടും ധരിച്ച് പോസ്റ്റുമാന്റെ മുന്നിലേക്കെത്തിയ അമ്മാമ്മ കൈകൾ നീട്ടുമ്പോൾ തുണിസഞ്ചിയിൽനിന്ന് ഒരു കെട്ട് കത്തെടുത്ത് അയാൾ മുന്നിലേക്കിട്ടു. അമേരിക്കയിലെ ഫ്ളോറിഡമുതൽ മഞ്ചേരിയിലെ പുല്ലാര എന്ന ഗ്രാമത്തിൽനിന്നുവരെയുള്ള കത്തുകൾ കൊച്ചുമോന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് അമ്മാമ്മ പറഞ്ഞു: ‘‘ദേ നോക്കെടാ... എത്ര കത്തുകളാണ് വന്നിരിക്കുന്നത്. എല്ലാത്തിനും ലൈവിൽ വന്നുതന്നെ മറുപടി കൊടുക്കണോട്ടാ...’’ അമ്മാമ്മയുടെ ഡയലോഗ് തീരുംമുമ്പേ കൊച്ചുമോന്റെ കൗണ്ടറെത്തി: ‘‘പിന്നെന്താ മാഡം... നമുക്കെല്ലാം ലൈവ് ആയിത്തന്നെ കൊടുക്കാട്ടോ...’’ കൊച്ചുമോൻ പറഞ്ഞതുകേട്ട് അമ്മാമ്മ വീണ്ടും ചിരിച്ചു.

   സ്മാർട്ട് ഫോണിൽ വിരൽതൊടുന്നവരുടെയെല്ലാം കൺമുന്നിൽ ഇപ്പോൾ സൂപ്പർ താരങ്ങളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. വൈറലായ അമ്മാമ്മയ്ക്ക് അഡാറായ ഒരു കൊച്ചുമോൻ. അമ്മാമ്മയുടെ തമാശകളും ഉപദേശവും കൊച്ചുമോന്റെ കുറുമ്പുകളുമെല്ലാം കാണാൻ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിമാറിയ പറവൂർ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകൻ ജിൻസണും ഇന്ന് യൂട്യൂബിലെ തരംഗമാണ്. പൂയ്യപ്പിള്ളി മാമ്പിള്ളിവീട്ടിൽ ജോസഫിന്റെ ഭാര്യയാണ് മേരി എന്ന അമ്മാമ്മ. മേരിയുടെ മകൻ തങ്കച്ചന്റെ മകനാണ് ജിൻസൺ എന്ന കൊച്ചുമകൻ. 

പ്രളയകാലത്തെ ടിക് ടോക്
  കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുമ്പോഴാണ് ജിൻസൺ ആദ്യമായി ടിക് ടോക് വീഡിയോകളുടെ ലോകത്തേക്കെത്തുന്നത്. ഗൾഫിൽ ജോലിചെയ്തിരുന്ന ജിൻസൺ ടിക് ടോക് വീഡിയോ നടനായ കഥ അമ്മാമ്മയാണ് പറഞ്ഞത്.  ‘‘ഇവനും അനിയൻ ലക്‌സണും ഗൾഫിലായിരുന്നു പണി. കഴിഞ്ഞതവണ ഇവർ രണ്ടുപേരും ഗൾഫിൽനിന്ന് അവധിക്കെത്തിയപ്പോഴായിരുന്നു പ്രളയമുണ്ടായത്. വീട്ടിൽ വെള്ളം കയറിയതോടെ ഞങ്ങളെല്ലാം ദുരിതാശ്വാസക്യാമ്പിലേക്ക് മാറി. അവിടെ ക്യാമ്പിൽ കഴിയുമ്പോൾ ഇവൻ ഫോണിലെ ക്യാമറയുംകൊണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. പ്രളയം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും രണ്ടാൾക്കും ടിക് ടോക് പ്രാന്ത് കലശലായി. ഇവർ വീഡിയോ എടുക്കുന്നതുകണ്ട് ഞാൻ വരാന്തയിലിരിക്കും...’’ അമ്മാമ്മ കഥ പറയുന്നതിനിടയിൽ ജിൻസൺ ഇടക്കുകയറി: ‘‘അന്ന് ഞങ്ങൾ ചെയ്ത വീഡിയോകൾക്ക് വലിയ ലൈക്ക് ഒന്നും കിട്ടിയിരുന്നില്ല. പരമാവധി നൂറോ നൂറ്റമ്പതോ ലൈക്കിൽ ഞങ്ങളുടെ വീഡിയോ ഒതുങ്ങിയിരുന്നു. എന്നാൽ, അമ്മാമ്മ അഭിനയിക്കാൻ വന്നതോടെ രംഗം മാറി. പിന്നെ പിടിച്ചാൽകിട്ടാത്ത അവസ്ഥയായി. അമ്മാമ്മ ആള് പൊളിയല്ലേ...’’ -ജിൻസന്റെ വാക്കുകൾകേട്ട് അമ്മാമ്മ വീണ്ടും ചിരിച്ചു. 

മോഹൻലാലിനൊപ്പം ഒരു സെൽഫി
Ammamma lalettanടിക് ടോക് താരമായതോടെ അമ്മാമ്മ നാട്ടുകാർക്കിടയിൽ സൂപ്പർ താരമാണ്. പള്ളിയിൽ പോകുമ്പോഴും കടയിൽ പോകുമ്പോഴുമൊക്കെ സെൽഫിയെടുക്കാൻ ആളുകൾ എത്തുന്നതിന്റെ സന്തോഷം അമ്മാമ്മയുടെ മുഖത്തുണ്ട്. എന്നാൽ, മോഹൻലാലിനൊപ്പം ഒരു സെൽഫി എടുക്കാൻ കഴിഞ്ഞതിന്റെ ത്രില്ലാണ് അമ്മാമ്മയുടെ ഏറ്റവും വലിയ സന്തോഷം. ‘‘ഇട്ടിമാണി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ലാലിനെ കാണാൻപോയത്. എന്നെ കണ്ടപ്പോൾത്തന്നെ വീഡിയോ ചെയ്യുന്ന അമ്മാമ്മയല്ലേയെന്ന് ലാൽ ചോദിച്ചു. ലാലിന്റെ ചോദ്യത്തിൽതന്നെ ഞാൻ ഫ്ളാറ്റായിപ്പോയി. അദ്ദേഹത്തിന്റെ കൂടെനിന്ന് ഒരു സെൽഫിയെടുക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി...’’ -അമ്മാമ്മ പറഞ്ഞതുകേട്ട് കൊച്ചുമോൻ കൗണ്ടറടിച്ചു: ‘‘അമ്മാമ്മയുടെകൂടെ ഒരു സെൽഫി കിട്ടാനല്ലേ ഇപ്പോൾ ഏറ്റവും വലിയ ഡിമാൻഡ്...’’

ചന്ദനക്കുറിതൊട്ട തുടക്കം
അമ്മാമ്മ താരമായ കഥ ജിൻസൺ വിശദമായിത്തന്നെ പറഞ്ഞു: ‘‘ഞാനും അനിയനുംകൂടി വീഡിയോകൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ അവധിതീർന്ന് ഗൾഫിലേക്ക് മടങ്ങിയത്. അതോടെ ഒറ്റയ്ക്ക് വീഡിയോ ചെയ്യാൻ എനിക്ക് വലിയ രസമില്ലാതായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അമ്മാമ്മ എന്നോട് അപ്രതീക്ഷിതമായി ആ ചോദ്യം ചോദിച്ചത്:  ‘‘ഒറ്റയ്ക്ക് ഇനിയെങ്ങനെ വീഡിയോ ചെയ്യുമെന്ന സങ്കടത്തിലാണോ നീ? അതോർത്ത് സങ്കടപ്പെടേണ്ട. ഞാൻ വരാടാ മോനേ വീഡിയോയിൽ...’’ അമ്മാമ്മയുടെ ഈ വാക്കുകൾ എന്നെ അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. അങ്ങനെയാണ് അമ്മാമ്മയ്ക്ക് ഒരു ചന്ദനക്കുറി തൊടുവിച്ച്് ഞാൻ ഒരു വീഡിയോ എടുത്തത്. ‘ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ...’ എന്ന പാട്ടുകൂടി ചേർത്ത് വീഡിയോ ടിക് ടോകിൽ പോസ്റ്റി. തലചൊറിഞ്ഞ് ചെറിയ ചിരിയോടെയാണ് അമ്മാമ്മ ചന്ദനക്കുറി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളപ്പൊക്കം പോലെയല്ലേ ആ വീഡിയോയ്ക്ക് ലൈക്കും കമന്റും വന്നുകൊണ്ടിരുന്നത്. മണിക്കൂറുകൾകൊണ്ട് ആ വീഡിയോ കണ്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. അഭിനന്ദനകമന്റുകൾ ഇൻബോക്സിൽ വന്നുനിറഞ്ഞതോടെ ഒരു കാര്യം മനസ്സിലായി -ഈ അമ്മാമ്മ ആളു പുലിതന്നെ...’’ -ചന്ദനക്കുറി തൊട്ട് അമ്മാമ്മ താരമായ കഥ ജിൻസൺ പറഞ്ഞു.

നൂലുകോർക്കുന്ന അമ്മാമ്മ
കഴിഞ്ഞവർഷം ഡിസംബറിലാണ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും ആദ്യ വീഡിയോ ഇറങ്ങുന്നത്. അതിനുശേഷം ഇതുവരെ 50-ലേറെ വീഡിയോകൾ ഇവർ ചേർന്ന് ചെയ്തിട്ടുണ്ട്. എല്ലാ വിഡിയോകളും സൂപ്പർ ഹിറ്റുകളായതോടെ അമ്മാമ്മയ്ക്കും കൊച്ചുമോനും ലക്ഷക്കണക്കിന് ആരാധകരായി. 
‘അമ്മാമ്മയുടെ കൊച്ചുമോൻ’ എന്ന പേരിലാണ് ഇവരുടെ യൂ ട്യൂബ് ചാനൽ. നെല്ലിക്ക എന്നപേരിൽ സൂപ്പർ ഹിറ്റായ വെബ് സീരീസും ഇവരെ പ്രേക്ഷകരുടെ പ്രിയങ്കരരാക്കുന്നുണ്ട്. നൂലുകോർക്കാൻ കഷ്ടപ്പെടുന്ന ഒരാളുടെ വീഡിയോയാണ് അമ്മാമ്മയും കൊച്ചുമോനും ചേർന്ന് ആദ്യം ചെയ്തത്. നൂലുകോർക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന അമ്മാമ്മ തന്റെ കാഴ്ച കുറഞ്ഞെന്ന് സങ്കടം പറയുമ്പോൾ കൊച്ചുമോൻ ആശ്വസിപ്പിക്കാനെത്തുന്നത് ഒരുഗ്രൻ ഡയലോഗുമായാണ്. കാഴ്ച പോയതല്ല, മറിച്ച് മുറിയിൽ ലൈറ്റിടാത്തതുകൊണ്ടാണ് സൂചിയുടെ കുഴൽ കാണാൻ പറ്റാത്തതെന്നു പറഞ്ഞ് കൊച്ചുമോൻ അമ്മാമ്മയെ ആശ്വസിപ്പിക്കുന്നു. നനഞ്ഞ കണ്ണുകൾക്കപ്പുറത്ത് പല്ലുകാട്ടിയുള്ള ചിരിയിലൂടെ അമ്മാമ്മ നിൽക്കുമ്പോൾ ചേർത്തുപിടിച്ച് ജിൻസൺ ലോകത്തോട് പറഞ്ഞത് ഒന്നുമാത്രമായിരുന്നു -‘‘വീട്ടിലെ പ്രായമായവരെ ഒറ്റപ്പെടുത്താതെ, അവരോട് മിണ്ടിയും പറഞ്ഞും ഒപ്പം കൂട്ടണം... അവരെ എന്നും എപ്പോഴും ചേർത്തുനിർത്തണം...’’

ആദ്യം പോയ വിക്കറ്റ്
ചന്ദനക്കുറി വീഡിയോക്കുശേഷം അമ്മാമ്മയെ ബുള്ളറ്റിന് പിന്നിലിരുത്തി കൊച്ചുമോൻ കാഴ്ചകൾ കാണിക്കുന്നതും ചായക്കടയിൽനിന്ന് ചായ കുടിക്കുന്നതുമൊക്കെയായ വീഡിയോകൾ വന്നു. എല്ലാം സൂപ്പർ ഹിറ്റുകളായതോടെ അമ്മാമ്മയും കൊച്ചുമോനും കേരളം കടന്ന് അങ്ങ് അമേരിക്കയിൽവരെ സൂപ്പർ താരങ്ങളായി. ‘‘അമ്മാമ്മയുടെ ഏറ്റവും രസികനായിത്തോന്നിയ വീഡിയോകൾ ആദ്യം പോയ വിക്കറ്റും ഒമ്പതിൽക്കൂടി ചാടുന്ന പൂച്ചയുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജിൻസൺ ക്രിക്കറ്റ് കളി ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ ഒരു വിക്കറ്റ് വീഴുന്നു. 
അയ്യോ വിക്കറ്റുപോയെന്ന് പറഞ്ഞ് ജിൻസൺ സങ്കടപ്പെടുന്നത് അമ്മാമ്മ കാണുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞ് അടുത്ത വിക്കറ്റ് പോകുമ്പോൾ ദേ രണ്ടാമത്തെ വിക്കറ്റ് പോയെന്ന് പറഞ്ഞ് ജിൻസൺ സങ്കടപ്പെടുമ്പോഴാണ് അമ്മാമ്മ നിഷ്‌കളങ്കമായി ആ ചോദ്യം ചോദിക്കുന്നത്: ‘‘മോനേ... പിന്നെയും വിക്കറ്റ് പോയോ... അപ്പോ ആദ്യംപോയ വിക്കറ്റ് ഇതുവരെ കിട്ടിയില്ലേ...’’ അമ്മാമ്മയുടെ ചോദ്യംകേട്ട് നിമിഷങ്ങളോളം ചിരിയായിരുന്നെന്ന് പറയുമ്പോഴും ജിൻസൺ നിറഞ്ഞ ചിരിയിലായിരുന്നു. ഒമ്പതിൽക്കൂടി ചാടുന്ന പൂച്ചയാണ് മറ്റൊരു തമാശ. ബാറ്ററി വാങ്ങിക്കാൻ കടയിൽപ്പോകുമ്പോൾ കൊച്ചുമോനോട് അമ്മാമ്മ പറയുന്നത് ഒമ്പതിൽക്കൂടി ചാടുന്ന പൂച്ചയുള്ള ബാറ്ററി വേണമെന്നാണ്. കടയിൽച്ചെന്ന് നോക്കുമ്പോഴാണ് അമ്മാമ്മ പറഞ്ഞത് എവറെഡി ബാറ്ററിയാണെന്ന് കൊച്ചുമോന് മനസ്സിലാകുന്നത്. കടയിൽച്ചെന്ന് ബാറ്ററി വാങ്ങിയശേഷം പൂച്ചയെ നോക്കി ഏറെനേരം ചിരിച്ചുനിന്ന കഥ ജിൻസൺ പറയുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു അമ്മാമ്മ. 

അമ്മാമ്മയെ സിനിമയിലെടുത്തേ!
ടിക് ടോക് വീഡിയോകൾ ഹിറ്റായതോടെ അമ്മാമ്മയ്ക്കുമുന്നിൽ സിനിമയുടെ വാതിലുകളും തുറന്നു. ‘ഉത്കണ്ഠ’ എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. സാരിയുടുത്താണ് തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചത്. ഇതുവരെ ചട്ടയും മുണ്ടും മാത്രമുടുത്തിരുന്ന അമ്മാമ്മയ്ക്ക് സാരിയുടുക്കാനുള്ള മോഹം സഫലമായ നിമിഷംകൂടിയായിരുന്നു തെലുങ്ക് സിനിമയിലെ അഭിനയം. അതുകഴിഞ്ഞ് ദുൽഖർ സൽമാൻ നിർമിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും ഒരു വേഷം കിട്ടി. 
സിനിമയിൽ അഭിനയിക്കാൻകിട്ടിയ അവസരത്തെക്കുറിച്ച് ചോദിക്കുമ്പോൾ അമ്മാമ്മയുടെ മുഖത്ത് ഒരു നാണം വിരിയും. ‘‘സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്നൊന്നും ഞാൻ കരുതിയതല്ല. കൊച്ചുമോൻ പറഞ്ഞുതന്നത് കേട്ട് വീഡിയോയിൽ അഭിനയിച്ചതുപോലെയാണോ സിനിമാപിടിത്തം. അവിടെ ചെല്ലുമ്പോഴല്ലേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നത്...’’ മേരി സിനിമയിൽ അഭിനയിച്ച കഥ പറയുമ്പോൾ ജിൻസൺ വീണ്ടും ഇടക്കുകയറി: ‘‘സിനിമയിലായാലും എന്റെ അമ്മാമ്മ അടിപൊളിയല്ലേ...’’
കത്തുകൾ വരുമ്പോൾ
‘‘ഹായ് അമ്മാമ്മേ, എന്റെ പേര് ഹാദിയ... ഞാൻ കൊയിലാണ്ടി സെൻട്രൽ യു.പി. സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയാണ്. ഞാൻ അമ്മാമ്മയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. അമ്മാമ്മയുടെ ആ ചിരിക്കാണ് ഒരുമ്മകൊടുക്കാൻ തോന്നുന്നത്...’’ ജിൻസൺ പൊട്ടിച്ചുവായിച്ച കത്തിലൂടെ സഞ്ചരിക്കുമ്പോൾ പിന്നെയും ഒരുപാട് കത്തുകൾ അമ്മാമ്മ മുന്നിലേക്കിട്ടു. അമേരിക്ക, ഇംഗ്ലണ്ട്്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഇൻഡൊനീഷ്യ തുടങ്ങി എത്രയോ രാജ്യങ്ങളിൽനിന്നുള്ള കത്തുകൾ. ഇന്റർനാഷണൽ കത്തുകൾക്കുപുറമേ ലോക്കൽ കത്തുകൾ എണ്ണാൻ പറ്റാത്തത്രയുണ്ട്. 
‘‘അമ്മാമ്മയോടുള്ള ആളുകളുടെ സ്നേഹത്തിന്റെ അടയാളമാണ് ഈ കത്തുകൾ. ദിവസവും എത്ര കത്തുകളാണ് വരുന്നതെന്നോ. വരുന്ന കത്തുകളെല്ലാം ലൈവിൽ വന്നാണ് ഞങ്ങൾ വായിക്കാറുള്ളത്. അതു കാണുമ്പോൾ അയച്ചവർക്കും സന്തോഷമാകുമല്ലോ. അതുപോലെ അമ്മാമ്മയെ കല്യാണത്തിന് ക്ഷണിക്കുന്ന കത്തുകളും ഒരുപാട് വരാറുണ്ട്. എല്ലാവരുടെയും സ്നേഹം ലഭിക്കുന്നത് ഒരു വലിയ ഭാഗ്യമല്ലേ...’’ -ജിൻസൺ ചോദിക്കുമ്പോൾ അമ്മാമ്മ പതിവുപോലെ ചിരിച്ചു. 


 ആദ്യമായി വിമാനത്തിൽ
നാട്ടിൽ താരമായതോടെ വിദേശത്തു നിന്നും അമ്മാമ്മയെത്തേടി ക്ഷണങ്ങളെത്തി. അങ്ങനെയാണ് കഴിഞ്ഞയാഴ്ച അമ്മാമ്മയും കൊച്ചുമോനും മലേഷ്യയിലേക്ക് പറന്നത്. അമ്മാമ്മ ആദ്യമായി വിമാനത്തിൽ കയറുന്ന വീഡിയോ 16 ലക്ഷം പേരാണ് യൂട്യൂബിൽ കണ്ടത്. ‘‘അമ്മാമ്മയുടെ ആദ്യ വിദേശയാത്ര ഒരു ചരിത്രസംഭവം തന്നെയായിരുന്നു.

എറണാകുളത്തെ ഒരു ട്രാവൽ ഏജൻസിയാണ്‌ അമ്മാമ്മയെയും എന്നെയും മലേഷ്യയിലെ ജോഹോർ മലയാളി കൂട്ടായ്മയുടെ ഓണപരിപാടിയിലേക്ക് കൊണ്ടുപോയത്. പാസ്‌പോർട്ട് പോലുമില്ലാതിരുന്ന അമ്മാമ്മയ്ക്ക്‌ അതിവേഗത്തിലാണ് പാസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ അത് റെഡിയാക്കി തന്നത്. രാത്രി എട്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് ഞങ്ങളുടെ സെൽഫിപിടിത്തം. അത് മലേഷ്യയിൽ എത്തുന്നതുവരെ നീണ്ടു നിന്നു. ഉറങ്ങുന്ന അമ്മാമ്മയ്ക്കൊപ്പം ആകാശത്തുവെച്ചും സെൽഫിയെടുക്കാൻ ഒരുപാടു പേർ വന്നിരുന്നു. മലേഷ്യയിലെ പരിപാടിക്കിടയിൽ അത്താഴത്തിന്‌ പോയപ്പോൾ തീൻമേശയിൽ കഴിക്കാൻ വെച്ച കൂറ്റൻ മീനിനെ നോക്കി അമ്മാമ്മ അന്തംവിട്ടു നിൽക്കുന്ന വീഡിയോ സൂപ്പർ ഹിറ്റായിരുന്നു.’’  ജിൻസണിന്റെ വാക്കുകളിൽ അമ്മാമ്മയുടെ ആദ്യ വിദേശയാത്രയുടെ ചിത്രം തെളിഞ്ഞു.

Content highlights:Tiktok Ammamma and Kochumon