ടിക് ടോക്ക് തുറന്നാല്‍ നിറയെ പാട്ടിനൊപ്പം ചുവടുവെക്കുന്ന പെണ്‍കുട്ടികളെയാണ് മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി ഒരുകൂട്ടം ചുള്ളന്മാരുടെ ഡാന്‍സാണ് ഇപ്പോള്‍ ടിക് ടോക്കില്‍ വൈറലാകുന്നത്. ഓരോ നൃത്തച്ചുവടും മനോഹരമാക്കി സോഷ്യൽമീഡിയ കൈയടക്കുന്ന ഈ ചുള്ളന്മാരുടെ സംഘത്തിനുമുണ്ട് ഒരു കഥ പറയാന്‍. 

ടിക് ടോക്കിൽ തുടങ്ങിയതാണ് ഈ കൂട്ടുകെട്ട്. ടിക് ടോക്ക് പ്രൊഫൈലുകളില്‍ തങ്ങള്‍ക്കറിയാവുന്ന നൃത്തച്ചുവടുകള്‍ നന്നായി പ്രാക്ടീസ് ചെയ്ത് പങ്കുവെക്കുകയായിരുന്നു ഇവരില്‍ ഓരോരുത്തരും. അങ്ങനെയിരിക്കെയാണ് എറണാകുളം സ്വദേശിയായ രാജേഷും വയനാടുകാരനായ നിഖിൽ സണ്ണിയും തൃശൂരുകാരനായ സുധീഷും ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നത്. എന്നാല്‍ പിന്നെയൊരു ഡാന്‍സ് ടീം തുടങ്ങിക്കൂടെ എന്ന ചിന്തയിലായിരുന്നു മൂവര്‍ സംഘം. അങ്ങനെ ടിക് ടോക്കിൽ ഡാൻസ് ചെയ്യുന്ന മറ്റ് നാല് പേരെ കൂടി കണ്ടെത്തി ഡാൻസ് ഗ്രൂപ്പ് തുടങ്ങി. അങ്ങനെ ആറുപേരുമായി ചേർന്ന് കഴിഞ്ഞ ജൂണിൽ മേൽപ്പത്തൂർ മണ്ഡപത്തിൽ താണ്ഡവ് ബ്രദേഴ്സ് എന്ന പേരിൽ ടീം ആദ്യ പ്രകടനം കാഴ്ചവെക്കുകയായിരുന്നു. 

image

ടീമിലുള്ള പലരും കുട്ടിക്കാലത്തൊക്കെ ഡാൻസ് പഠിച്ച് നിർത്തിയവരാണ്. ടിക് ടോക്ക് വന്നപ്പോൾ അതിൽ ‍ഡാൻസ് ചെയ്തു തുടങ്ങുകയായിരുന്നു. ആദ്യമൊക്കെ നെഗറ്റീവ് കമന്റ്സ് കിട്ടിയിരുന്നെങ്കിലും ഇപ്പോൾ നല്ല പിന്തുണ ലഭിക്കുന്നുണ്ട് ഓരോ വീഡിയോകൾക്കും. പിന്നീടാണ് ഒരു ഗ്രൂപ്പ് എന്ന ആശയത്തിലേക്ക് എത്തിയത്. ഇപ്പോൾ നല്ലപ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്. കുറേ പ്രോഗ്രാമുകളും ലഭിക്കുന്നുണ്ട്. ഡാൻസ് പ്രാക്ടീസിനിടക്കുള്ള വിശ്രമ വേളകളിലാണ് ഞങ്ങൾ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത്. വലിയ എഫോർട്ടൊന്നും ആ വീഡിയോക്ക് വേണ്ടി എടുത്തിട്ടില്ല. പ്രാക്ടീസിനിടയിൽ നിന്ന് റിലാക്സാകാൻ വേണ്ടി ചെയ്തതായിരുന്നു ഇപ്പോൾ സോഷ്യൽമീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ഡാൻസ് വീഡിയോകൾ.- താണ്ഡവ് ബ്രദേഴ്സിന്റെ ക്യാപ്റ്റൻമാരിൽ ഒരാളായ നിഖിൽ സണ്ണി പറയുന്നു.

ക്ലാസിക്കൽ ഡാൻസ് അഭിരുചിയുള്ള ആൺകുട്ടികളെയാണ് ടീം ടിക് ടോക്കിലൂടെ തേടിയത്. പഠിച്ചവരും മറ്റ് ഡാൻസ് വീഡിയോകൾ കണ്ട് പ്രാക്ടീസ് ചെയ്ത് അവതരിപ്പിക്കുന്നവരുമാണ് ടീമിലുള്ളത്. മൂന്നുപേരിൽ തുടങ്ങിയ സംഘത്തിലിപ്പോൾ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 20ലധികം പേരാണുള്ളത്. 

പ്ലസ് ടു വിദ്യാർഥികൾ മുതൽ അധ്യാപകരും എൻജിനിയറിങിമടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഇന്ന് താണ്ഡവ ബ്രദേഴ്സിനോടൊപ്പമുണ്ട്. എല്ലാവരുടേയും സൗകര്യം കണക്കിലെടുത്ത് ഞായറാഴ്ച ദിവസങ്ങളിലാണ് മിക്കപ്പോഴും പ്രാക്ടീസ് നടത്താറുള്ളത്.- ടീം അംഗമായ രോഹിത് പറയുന്നു. 

ഇവരുടെ പ്രകടനത്തിന് വലിയ പിന്തുണയാണ് ടിക് ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ലഭിക്കുന്നത്. 

Content Highlights: Tik Tok boys dancers. Thandav Brothers new dance team from TikTok