വീണ്ടും കവര്‍ സോങ് പ്രേമികള്‍ക്ക് നല്ല കാലം സമ്മാനിച്ചുകൊണ്ടാണ് 'തീവണ്ടി' ഓടിക്കൊണ്ടിരിക്കുന്നത്. അല്ല, തീവണ്ടി ഓടുന്നതിന് മുമ്പേ തന്നെ അതിന്റെ കവര്‍ വേര്‍ഷനുകളും ഓടിത്തുടങ്ങിയിരുന്നു. ആ സിനിമയിലെ 'ജീവാംശമായ്..' ഗാനം യൂട്യൂബില്‍ അന്നേ ഹിറ്റായിരുന്നു. ഇടക്കൊന്ന് നിര്‍ത്തിയിടേണ്ടി വന്നെങ്കിലും ഓടിത്തുടങ്ങിയപ്പോള്‍ സൂപ്പര്‍ സൂപ്പര്‍ ഹിറ്റാണ് തീവണ്ടി. ഒപ്പം ജീവാംശമായ് എന്ന ഗാനവും..

കവര്‍ വേര്‍ഷനെന്നാല്‍ ഒരു ഹിറ്റ് പാട്ടിനെ അതിന്റെ എല്ലാ കലാപരമായ അംശങ്ങളേയും ബഹുമാനിച്ചുകൊണ്ട് പുനര്‍നിര്‍മ്മിക്കുന്ന രീതിയാണ്. ബഹുമാനിച്ചുകൊണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗാനം പോപ്പുലറാകുമ്പോള്‍ അതിന്റെ ഗുണം കവര്‍ സോങിനും കിട്ടും. സോഷ്യല്‍മീഡിയയുടെ കാലത്ത് കവര്‍ സോങുകള്‍ ശ്രദ്ധിക്കപ്പെടുന്നത് ഒറിജില്‍ പതിപ്പിനും അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ഗുണകരമാകുകയും ചെയ്യും. പുതിയ കാലത്ത് കവര്‍ പതിപ്പിന്റെ പ്രസക്തി ഇങ്ങനെയാണ് വന്നു ചേര്‍ന്നത്. 

തീവണ്ടി എന്ന പേരുകേള്‍ക്കുന്നതിന് മുമ്പേ ജീവാംശമായ് എന്ന ഗാനം നമ്മള്‍ കേട്ടു. പുതുമുഖ സംവിധായകന്‍ കൈലാസ് മേനോന്‍ സംഗീതം ചെയ്ത് യുവഗായകന്‍ കെ.എസ് ഹരിശങ്കറും ശ്രേയാ ഘോഷാലും ചേര്‍ന്ന് പാടിയ ഗാനം നിരവധി പേരെകൊണ്ട് യൂട്യൂബ് ഏറ്റു പാടിച്ചു. 

രണ്ടു മാസം മുമ്പാണ് ഹരിശങ്കര്‍ തന്നെ പാടിയ കവര്‍ വേര്‍ഷന്‍ യൂട്യൂബിലെത്തിയത്. ഇതുവരെ നാലുലക്ഷത്തോളമായി അതിന്റെ കാഴ്ചക്കാരുടെ എണ്ണം. സംഗീതജ്ഞയും ഗായികയുമായ ഡോ.കെ ഓമനക്കുട്ടിയുടെ കൊച്ചുമകനാണ് ഹരിശങ്കര്‍. അമ്മാവന്മാരായ എം.ജി രാധാകൃഷ്ണന്റേയും എം.ജി ശ്രീകുമാറിന്റേയും പാത പിന്തുടരുന്നവന്‍. കര്‍ണാടക സംഗീതജ്ഞനായിരുന്ന ആലപ്പുഴ ശ്രീകുമാറിന്റെയും വീണ വിദുഷി കമല ലക്ഷ്മിയുടേയും മകന്‍. ശാസ്ത്രീയ സംഗീതത്തില്‍ പയറ്റിത്തെളിഞ്ഞ ഹരിശങ്കറിനെ ഈ കവര്‍ വേര്‍ഷനില്‍ കാണാം.

ലസിക നൃത്ത വിദ്യാലയം പുറത്തിറക്കിയ ഈ കവറിന് ലഭിച്ചത് നല്ല  വരവേല്‍പ്പാണ്. നന്ദന ചന്ദ്രയാണ് നൃത്തം. പതിവു രീതി വിട്ട് സഞ്ചരിച്ച ഒരു കവര്‍ പതിപ്പ് കൂടിയാണിത്.

മോക്ഷ എന്ന ബാന്‍ഡ് തയ്യാറാക്കിയ കവര്‍ പതിപ്പാണ് ഏറ്റവും ഒടുവില്‍ യൂട്യൂബില്‍ ഹിറ്റായത്. ജീവാംശമായ്ക്കൊപ്പം ആവണിപ്പൊന്നൂഞ്ഞാലും ഇടക്ക് വരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ രണ്ടേമുക്കാല്‍ ലക്ഷമാണ് കാഴ്ച്ചക്കാരുടെ എണ്ണം.

മറ്റു കവര്‍ പതിപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്‌പേസ് ഉണ്ടാക്കാന്‍, പുതിയ തലമുറക്ക് ഇഷ്ടമാകുന്ന തരത്തില്‍ ക്ലാസിക്കല്‍ മ്യൂസിക്കിന് പ്രാധാന്യം നല്‍കി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് പ്രധാന കാരണം വീണക്ക് നല്‍കിയ പ്രാധാന്യമാണ്. അതുകൊണ്ടാവാം ഇന്‍സ്ട്രുമെന്റ്‌സ് കവര്‍ വേര്‍ഷനുകളും ധാരാളമുണ്ട്.

ശ്രീവാണിയുടെ വീണ പതിപ്പ് സിനിമയിറങ്ങുന്നതിന് നാലുമാസം മുമ്പേ ഇറങ്ങിയതാണ്. ഒപ്പം ആ പാട്ടില്‍ വീണ വായിച്ച വി സൗന്ദര രാജന്റെ കവര്‍ പതിപ്പും യൂട്യൂബില്‍ ഹിറ്റാണ്.

കോഴിക്കോടന്‍ യുവ സംഗീതജ്ഞരായ അമല്‍ ശിവന്‍, അഭിഷേക് പ്രദീപ്, നിഹാല്‍ ആസാദ്, അമല്‍ രാജ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്ട്രുമെന്റല്‍ വേര്‍ഷനും നേരത്തേ ഇറങ്ങി.

ശ്രദ്ധിക്കപ്പെട്ട മറ്റു ചില കവര്‍ പതിപ്പുകള്‍ താഴെ

Content highlights: Theevandi movie, Jeevamshamayi song, KS Harisankar, Shreya Ghoshal, Cover songs