പലപ്പോഴും പ്രിയപ്പെട്ടവരുടെ വേര്‍പാടും ഓര്‍മദിവസവുമെല്ലാം നമ്മുടെ ദിനപ്പത്രങ്ങളില്‍ വരാറുണ്ട്. ചരമം അറിയാത്തവരെ അറിയിക്കാനും മറ്റ് ചിലപ്പോള്‍ ആദരസൂചമായിട്ടുമൊക്കെയാകും വാര്‍ത്ത. അത്തരത്തില്‍ പത്രത്തില്‍ അച്ചടിച്ചുവന്ന ചുഞ്ചുനായരുടെ ഓര്‍മദിനമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം.
ചുഞ്ചുനായരുടെ ഓര്‍മദിനത്തിന്റെ വാര്‍ത്തകണ്ട് ആദ്യം മൂക്കത്തുവിരലുവെച്ചെങ്കിലും പിന്നീടത് മൂക്കുംകുത്തി വീണ് ചിരിക്കാനുള്ള വഴിയാവുകയായിരുന്നു. പക്ഷേ ഈ ചുഞ്ചു നായര്‍ ആരാണെന്നല്ലേ, ആളൊരു പൂച്ചയാണ്.
മരണപ്പെട്ടുപോയ പ്രിയപ്പെട്ട പൂച്ചയുടെ ചിത്രത്തോടൊപ്പം മോളൂട്ടീ, നിന്നെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യുന്നു. അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, മറ്റ് പ്രിയപ്പെട്ടവര്‍ എന്നായിരുന്നു ഒരു ഇംഗ്ലീഷ് ദിപ്പത്രത്തില്‍ വന്നത്.
രാവിലെ മുതല്‍ തന്നെ ചുഞ്ചുനായരുടെ വേര്‍പാടിന്റെ ഒന്നാം വര്‍ഷം ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള പത്രപരസ്യത്തിന്റെ ഫോട്ടോ ആയിരുന്നു സോഷ്യല്‍മീഡിയകളില്‍ നിറയേ. പല മൃഗ സ്‌നേഹികളും ചുഞ്ചുനായരുടെ ഓര്‍മദിനത്തില്‍ ദു:ഖം രേഖപ്പെടുത്തി. പിന്നീട് തൊട്ടുപിന്നാലെ പൂച്ചയുടെ പേരിലെ നായര്‍ വിശേഷണത്തെ ട്രോള്‍ കൊണ്ട് മൂടുകയായിരുന്നു.
ചക്കിയെന്നും കറുമ്പിയെന്നുമൊക്കെ പേരുള്ള മറ്റ് പൂച്ചകള്‍ക്കിടയില്‍ ചുഞ്ചുനായരാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരം.
Content Highlights: social media, chunchu nair, cat death anniversary