മലപ്പുറം: നിലമ്പൂര്‍കാരന്‍ സച്ചിന്‍കുമാറിനെ അറിയില്ലേ? തന്റെ പ്രണയിനി അര്‍ബുദ ബാധിതയാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചുനടന്ന ആ ചെറുപ്പക്കാരനെ ആരും മറന്നുകാണില്ല. സച്ചിന്റേയും ഭവ്യയുടെയും വിവാഹം അത്രമേല്‍ സന്തോഷിച്ചവരാണ് ഓരോ മലയാളികളും.

വെള്ളപ്പൊക്കം നാട്ടില്‍ ദുരിതം വിതച്ച സമയത്ത് സച്ചിന്‍ വീണ്ടും വാര്‍ത്തയാകുകയാണ്.

തന്റെ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റുകിട്ടുന്ന കാശ് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വില്‍ക്കാനുള്ള അറിയിപ്പ് നല്‍കിയത്.

യാത്രകളെ ഇഷ്ടപ്പെടുന്ന ഈ യുവ മിഥുനങ്ങള്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും സ്നേഹസമ്മാനമായി നല്‍കിയതാണ് ബുള്ളറ്റ്. ആശുപത്രിക്കിടക്കയില്‍ വീര്‍പ്പുമുട്ടിയ ഭവ്യക്ക് നാടുകാണണമെന്ന ആഗ്രഹം പറഞ്ഞപ്പോഴാണ് സച്ചിനും ഒരുപാട് യാത്ര പോകണമെന്ന് ചിന്തിച്ചുതുടങ്ങിയത്. ഒരുമാസം മുന്‍പ് രോഗം ഭേദമായ ഭവ്യ ഇതുവരെ ബുള്ളറ്റില്‍ ഒരു ദൂരയാത്രപോലും പോയിട്ടില്ല എന്നത് മറ്റൊരുകാര്യം.

സച്ചിന്റെ വീടിനു പിറകിലുള്ള മലയാണ് കവളപ്പാറ. ദുരന്തത്തില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ മറ്റൊന്നും ഇല്ല. അതാണ് അത്രയും മോഹിച്ച ബുള്ളറ്റ് വിറ്റ് തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും സച്ചിന്‍ മുന്നിലുണ്ടായിരുന്നു.

ഇപ്പോള്‍ ദുരിതമനുഭവിക്കന്നവര്‍ക്കൊപ്പം. എല്ലാം ശരിയായശേഷം ഒരു ബുള്ളറ്റ് വാങ്ങും. എന്നിട്ട് ഞങ്ങള്‍ അതിലൂടെ ദൂരയാത്രകള്‍ പോകും-ഇരുവരും പറഞ്ഞു.

Content Highlights: sachin and bhavya sells their bullet for flood relief