നിങ്ങളിലൊരാളെപ്പോലെ ഞങ്ങളേയും കരുതുക..നിങ്ങള്‍ക്കൊപ്പമെത്തന്‍ ഞങ്ങളേയും പിന്തുണയ്ക്കുക.. സഹതാപ നോട്ടമെറിയുന്ന ഏതൊരാളോടും ഭിന്നശേഷിക്കാര്‍ ആവര്‍ത്തിക്കുന്ന കാര്യമാണ് ഇത്. കൃഷ്ണകുമാര്‍ എന്ന ഭിന്നശേഷിക്കാരനായ യുവാവ് സ്വന്തം അനുഭവത്തെക്കുറിച്ച് എഴുതിയത് വായിക്കുക. വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഒരാള്‍ പോലുമില്ലാത്ത ഒരു വീട്ടില്‍ ഒരു വീല്‍ചെയര്‍ റാംപ് നിര്‍മിച്ച് തന്നെപ്പോലെയുള്ളവരെ കൂടി പരിഗണിച്ച സുഹൃത്തിനെക്കുറിച്ചാണ് കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 2019ല്‍ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം നേടിയ ആളാണ് പിഎസ് കൃഷ്ണകുമാര്‍.
കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
മൂന്നു വര്‍ഷം മുന്‍പ് ഇതേപോലൊരു ദിവസം ഒരു ചാനല്‍ പ്രോഗ്രാമിനിടയില്‍ അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായി ഞാന്‍ പറഞ്ഞിരുന്നു ആദ്യം ഭിന്നശേഷി സൗഹൃദമാക്കേണ്ടത് നമ്മുടെ വീടുകളാണെന്ന്. വീടിന്റെ വാതിലുകള്‍ വലുതാക്കണം, പടവുകള്‍ക്ക് പകരം റാംപുകള്‍ വേണം, അങ്ങനെയാണ് ഇന്‍ക്ലൂസീവ് ആയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത് എന്നൊക്കെ.
മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഇങ്ങനെയൊരു എഴുത്തിന്റെ ആവശ്യമെന്താണ് എന്ന് പലരും ചിന്തിച്ചേക്കാം അതിനു കാരണം ഞങ്ങളുടെ പ്രിയപ്പെട്ട അനു ചേച്ചിയാണ്. ഏകദേശം അഞ്ചു മാസം മുമ്പ് അനുചേച്ചി വിളിച്ചപ്പോള്‍, ആ സംസാരത്തിനിടയ്ക്ക് എന്നോട് പറഞ്ഞു കൃഷ്ണാ.. വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു എന്റെ ഡ്രീം ഹോം ആണ്, അവിടെ ഒരു റാംപും, വീല്‍ചെയര്‍ ഫ്രണ്ട്‌ലി ബാത്ത്‌റൂമും ഉണ്ടാക്കുന്നുണ്ട്.കുറച്ച് സെക്കന്റുകള്‍ ഞാന്‍ നിശബ്ദനായി പോയി. ആ വാക്കുകള്‍ എന്റെ മനസ്സു നിറച്ചിരുന്നു.
കാരണം ചേച്ചിയുടെ വീട്ടില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്ന ആരും തന്നെയില്ല. എപ്പോഴെങ്കിലും തന്റെ വീട്ടില്‍ വന്നു കയറാന്‍ സാധ്യതയുള്ള ആര്‍ക്കൊക്കെയോ വേണ്ടിട്ടാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതിനെയല്ലേ ഇന്‍ക്ലൂസീവ് ആകുക, ചേര്‍ത്തു പിടിക്കുക, ചേര്‍ന്നു നില്‍ക്കുക എന്നൊക്കെ പറയുന്നത്.
കഴിഞ്ഞ ദിവസം ചേച്ചി റാംപിന്റെയും വീടിന്റെയും ഫോട്ടോ അയച്ചു തന്നു. അതു കണ്ടപ്പോള്‍ സന്തോഷം ഒന്നുകൂടി കൂടി. ഇതിന് ഞാന്‍ കൂടി കാരണക്കാരനായല്ലോ എന്നതായിരുന്നു അതിന്റെ കാരണം.
'ചേച്ചി ഒരു ദിവസം ഞാന്‍ വരും അവിടേക്ക്..
എനിക്കായി... ഞങ്ങള്‍ക്കായി ഒരുക്കിയ ഇടങ്ങളിലൂടെ എന്റെ വീല്‍ചെയര്‍ ഓടിക്കും.
കനിയന്‍ പൂഗുന്ദ്രനാര്‍ എന്ന കവിയുടെ പുറനാനൂറു എന്ന തമിഴ് കവിതയുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്:
ഒരു വ്യക്തി നന്നായാല്‍
വീട് നന്നാകും
വീടു നന്നായാല്‍ രാജ്യം നന്നാകും
രാജ്യം നന്നായാല്‍ ലോകം നന്നാകും.
വ്യക്തികള്‍ നന്നായി തുടങ്ങി.. ഇനി രാജ്യവും, ലോകവും നന്നാകും..
ഉറപ്പാണ്..
ഇപ്പോഴത്തെ മനുഷ്യന്‍മാര്‍ക്കൊക്കെ അസാധ്യ സൗന്ദര്യമാണ്.