കൊച്ചി: 'ഐലന്‍ ഖയാനി'... മാനവിക മൂല്യങ്ങളുടെ പതാകയേന്തി മുന്നില്‍ നിന്ന് നയിക്കുന്നവന്‍... ഒരു സിനിമയുടെ ടൈറ്റിലാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും സംഭവമതല്ല.... ഇത് 12 ദിവസം പ്രായമായ ഒരു കുഞ്ഞിന്റെ പേരാണ്... അവന്റെ അച്ഛനമ്മമാര്‍ ചേര്‍ന്ന് സമൂഹത്തിന് തന്റെ മകനെ പരിചയപ്പെടുത്തിയതാകട്ടെ ചെറിയൊരു വീഡിയോയിലൂടെയും. കുഞ്ഞുഐലന്റെ ചിരിയ്ക്കും ചിണുങ്ങലിനുമൊപ്പം ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തെയും അഭയാര്‍ത്ഥികളുടെ പാലായനത്തെയും വേട്ടയാടപ്പെടലിനെയും ചെറുത്തുനില്‍പ്പുകളെയും എല്ലാം വീഡിയോയിലൂടെ അവര്‍ പറഞ്ഞുപോകുന്നു. ഇതേപോലെയുള്ള വ്യത്യസ്തമായ പേരിടല്‍ ചടങ്ങുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. കുഞ്ഞിന്റെ പേര് വെറുതെ പറഞ്ഞുപോകാതെ ഒരു ചെറുപാട്ടിന്റെ അകമ്പടിയോടെയും ഹ്രസ്വദൃശ്യങ്ങളുടെയുമാണ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മക്കളുടെ പേരിടല്‍ ചടങ്ങിനും ആരെയും പങ്കെടുപ്പിക്കാന്‍ കഴിയാത്തതും കുഞ്ഞുങ്ങളെ കാണാന്‍ ആര്‍ക്കും വരാന്‍ പറ്റാത്തതും കണക്കിലെടുത്താണ് ഇത്തരത്തിലുള്ള പുതുപരീക്ഷണങ്ങള്‍ നടക്കുന്നത്.

തങ്ങളുടെ കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയതിനൊപ്പം കുഞ്ഞ് ഐലന് ലോകത്തെ പരിചയപ്പെടുത്തുകയെന്ന പ്രമേയത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. ദുബായില്‍ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റായ ഷാലു അബ്ദുള്‍ ജബ്ബാറിന്റെയും മാതൃഭൂമി ന്യൂസിലെ സബ് എഡിറ്റര്‍ ഷമീമ സലാമിന്റെയും മകനാണ് ഐലന്‍. ദുബായില്‍ നിന്നെത്തി ക്വാറന്റീനിലായിരുന്ന ഷാലുവിന്റെ ആശയത്തിലാണ് വീഡിയോ റിലീസ് ചെയ്തത്. വിഡീയോയുടെ എഡിറ്റിങ്ങും ഷാലു തന്നെയാണ് ചെയ്തിരിക്കുന്നത്. 'കുറെയധികം പ്രശ്നങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്. കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പലായന-കുടിയേറ്റ പ്രശ്നങ്ങള്‍ക്കിടയിലേക്കാണ് അവന്‍ ജനിച്ചുവീഴുന്നത്. ഇക്കാര്യങ്ങളൊന്നും അവനിപ്പോള്‍ പറഞ്ഞാല്‍ മനസിലാവണമെന്നില്ല അതുകൊണ്ട് അവന്റെ പേര് തന്നെയൊരു സന്ദേശമാകട്ടെയെന്ന് വിചാരിച്ചു. പതാകയേന്തിയവന്‍ എന്നാണ് ഈ പേരിനര്‍ത്ഥം. വാര്‍ത്താ ഫൂട്ടേജുകളും പത്രങ്ങളില്‍ വന്ന വാര്‍ത്താ ചിത്രങ്ങളും ഉപയോഗിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നതെന്നും ഷമീമയും ഷാലുവും പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരായ അന്നയും റഹീസും തങ്ങളുടെ മകള്‍ 'കല്‍മേയി ജാന്‍' എന്ന പേരും ഇതേപ്പോലെയാണ് അവതരിപ്പിച്ചത്. താരാട്ട് പാട്ടിന്റെ അകമ്പടിയോടെ ഒരേ സമയം നൂറിലധികം പേര്‍ ചേര്‍ന്ന് തങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു പേര് റിലീസ് ചെയ്തത്. കോട്ടയം സ്വദേശിയും വീഡിയോഗ്രാഫറുമായ ഹരീഷ് തന്റെ മകളുടെ നൂലുകെട്ട് ചടങ്ങും അവതരിപ്പിച്ചത് പാട്ടിനൊപ്പമായിരുന്നു.

Content Highlights: Naming ceremony through social media