ഗോറില്ലയൂടെ കൂട്ടിലേക്ക് കുട്ടി വീണതിനെത്തുടര്‍ന്ന് ഗോറില്ലയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വിവാദങ്ങള്‍ പുകയവേ പ്രതികരണവുമായി കുട്ടിയുടെ അമ്മയായ മിഷേല്‍ ഗ്രെഗ് രംഗത്ത്. അപകടങ്ങള്‍ സംഭവിച്ചു എന്നാണ് അവര്‍ പറഞ്ഞത്.

Michelle gregg
കുട്ടിയുടെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രാര്‍ത്ഥിച്ചവര്‍ക്കും ചിന്തിച്ചവര്‍ക്കുമായി നന്ദി പറയുന്നു. നിങ്ങള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും കണ്ട ഗോറില്ലക്കൂട്ടിലേക്ക് വീണ കുട്ടിയുടെ അമ്മയാണ് ഞാന്‍. അധികൃതര്‍ വന്ന് രക്ഷിക്കുന്നതുവരെ ദൈവമാണ് എന്റെ മകനെ സംരക്ഷിച്ചത്. എന്റെ മകനിപ്പോള്‍ സുരക്ഷിതനാണ്. അസ്ഥികള്‍ക്ക് പൊട്ടലോ മറ്റ് ആന്തരികമായ മുറിവുകളൊന്നും തന്നെയില്ല. എന്നെയും എന്റെ മകനേയും സഹായിച്ച ദൈവത്തോടും മറ്റെല്ലാവരോടും നന്ദി പറയുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിന്‍സിനാറ്റി മൃഗശാലയില്‍ നാലുവയസ്സുകാരനായ ആണ്‍കുട്ടി ഗോറില്ലയെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് വീണത്. സന്ദര്‍ശകരെ കൂടുമായി വേര്‍തിരിക്കുന്ന വേലിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 180 കിലോ ഭാരവും 17 വയസ്സ് പ്രായവുമുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഇനത്തില്‍പ്പെട്ട ഹരാമ്പേ എന്ന ഗോറില്ല തനിക്ക് മുമ്പിലേക്ക് വീണ കുട്ടിയെ കൂട്ടിലെ വെള്ളത്തിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

സന്ദര്‍ശകരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഇതുവരെ 17 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. അതിനിടെ ഗോറില്ലയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സിന്‍സിനാറ്റി മൃഗശാല തങ്ങളുടെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിനും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗോറില്ലയുടെ മരണത്തില്‍ മൃഗശാലയ്ക്ക് പുറത്ത് മൃഗസംരക്ഷക പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി ഹരാമ്പേക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.