സോഷ്യല്‍ മീഡിയ എന്നത് വെറും സെല്‍ഫി പോസ്റ്റ് ചെയ്യാനും ഇഷ്ടമില്ലാത്തവരെ കല്ലെറിയാനും മാത്രമല്ലെന്ന് കേരളം കണ്ടത് കിസ് ഓഫ് ലൗ എന്ന സമര പ്രഖ്യാപനത്തോടു കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ മാത്രം ആളെ കൂട്ടി കേരളത്തിലുടനീളം ചുംബന സമരത്തിനായി ആളുകള്‍ എത്തിച്ചേര്‍ന്നത് ഭരണാധികാരികളെ പോലും ഞെട്ടിച്ച സംഭവമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഒരു സോഷ്യല്‍ മീഡിയ സമരം കൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. മില്ല്യണ്‍ മാസ്‌ക് എന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലൂടെ.

പോലീസ് കസ്റ്റഡിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക  എന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ച് നടത്താന്‍ സോഷ്യല്‍ മീഡീയ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 

ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും ട്രോള്‍ഗ്രൂപ്പുകള്‍ക്കാണ് മാര്‍ച്ചിലേക്ക് ക്ഷണം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ക്യാമ്പയിന്‍ തുടങ്ങിയ അന്നുമുതല്‍ വലിയ ജനപിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിനും മാര്‍ച്ചിനും ലഭിക്കുന്നത്. ഇതിനായി //supportforsreejith എന്ന ഹാഷ്ടാഗിലൂടെയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ച് സമാധാന പരമായിരിക്കണമെന്നും ശാന്തമായിരിക്കണമെന്നുമുള്ള അറിയിപ്പും സംഘാടകര്‍ തങ്ങളുടെ പേജിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനം കാട്ടുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം കോഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു കാരണവശാലും രാഷ്ട്രീയം അനുവദനീയമായിരിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.