കാഞ്ഞങ്ങാട്: തെയ്യം കെട്ടിയാടുന്നതിനിടയിൽ തെങ്ങിൽനിന്നുവീണ് പരിക്കേറ്റ കണ്ണൂർ പറശ്ശിനിക്കടവ് തളിയിൽ സുമേഷ് പെരുവണ്ണാന് വിഷുക്കൈനീട്ടവുമായി ‘മഞ്ഞൾപ്രസാദം’ വാട്‌സ് ആപ്പ് കൂട്ടായ്മ. വിഷുദിനപ്പുലരിയിൽ സുമേഷിന്റെ വീട്ടിെലത്തിയ വാട്ട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങൾ പത്തായിരം രൂപ വിഷുക്കൈനീട്ടം നൽകി. 

രണ്ടുമാസം മുൻപാണ് ബപ്പിരിയൻ തെയ്യത്തിന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട് തെങ്ങിൽ കയറുന്നതിനിടയിൽ സുമേഷ് പെരുവണ്ണാന്‌  തെങ്ങിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്ന പെരുവണ്ണാന്റെ കുടുംബത്തിന് ലക്ഷങ്ങൾ ആസ്പത്രിയിൽ ചെലവഴിക്കേണ്ടിവന്നു. പെരുവണ്ണാന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് കൂട്ടായ്മ പ്രവർത്തകർ ചികിത്സാസഹായം സ്വരൂപിച്ച്  വിഷുക്കൈനീട്ടമായി നൽകിയത്.  

മലബാറിന്റെ അനുഷ്ഠാനകലയായ തെയ്യത്തെ തനിമയോടെ ആചരിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി തെയ്യംകലാകാരന്മാരുടെ  ഉണർവ് ലക്ഷ്യമാക്കി  പ്രവർത്തിക്കുന്നതിനാണ്  വെള്ളിക്കോത്ത് ആസ്ഥാനമായി ‘മഞ്ഞൾപ്രസാദം’ വാട്ട്‌സ് ആപ്പ് കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചത്.

തെയ്യംകലാകാരന്മാരെ സഹായിക്കുന്നതിനും അതിന്റെ പൈതൃകപാരമ്പര്യം നിലനിർത്തുന്നതിനും തെയ്യംകലയിലേക്ക് കാലെടുത്തുവെയ്ക്കുന്ന പുതിയ ചെറുപ്പക്കാർക്ക് സാമൂഹികസുരക്ഷ നൽകുന്നതും കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ പെടുന്നു.   കൂട്ടായ്മ പ്രവർത്തകരായ ബാബു, എ.വി.സുരേഷ്‌കുമാർ, സന്തോഷ്, രാജേഷ്, രാജു, രഘു, പ്രശാന്ത്, ദിനേശൻ എന്നിവരാണ് കീഴ്ത്തള്ളിയിലുള്ള സുമേഷ് പെരുവണ്ണാന്റെ വീട്ടിലെത്തി സഹായധനം കൈമാറിയത്.