തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക എം.വി.ഉഷ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ താരമാണ്. ശിശുദിനത്തിൽ നെഹ്രു വിന്റെ ജീവിതവുമായി ബന്ധപ്പെട്ട്‌ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ആയിരങ്ങൾ ഷെയർചെയ്തതോടെ അഭിനന്ദനങ്ങൾ നാലുഭാഗത്തുനിന്നും പെയ്തിറങ്ങുകയായിരുന്നു. ചിലരുടെ കുത്തുവാക്കുകൾ ആദ്യം വേദനിപ്പിച്ചെങ്കിലും  ഇപ്പോൾ ടീച്ചർ ആഹ്ലാദത്തിലാണ്. 

  തന്റെ ക്ളാസിലെ കുഞ്ഞുങ്ങളെ ശിശുദിനത്തിൽ സന്തോഷിപ്പിക്കാൻ പ്രത്യേക ഇനമായാണ്‌ ഉഷ ഓട്ടൻതുള്ളൽ തയ്യാറാക്കിയത്. പ്രഥമാധ്യാപിക സിസ്റ്റർ ഷീന ജോർജിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ അസംബ്ലിയിൽ അവതരിപ്പിച്ചു. സ്വന്തമായി സ്മാർട്ട് ഫോണില്ലാത്ത ഉഷ സാമൂഹിക മാധ്യമങ്ങളിൽവന്ന കമന്റുകളൊന്നുമറിഞ്ഞിരുന്നില്ല. പരിയാരം മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ്. വിദ്യാർഥിയായ മകൾ രേവതിയാണ് കമൻറുകൾ അമ്മയോട് പറഞ്ഞത്. 

  ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ  തന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം താൻ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. എന്റെ ഉയരക്കുറവും തടിച്ച ശരീരപ്രകൃതവും എന്റെ പ്രകടനവും ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ വന്ന കമന്റുകളുടെ പേരിൽ ആദ്യം വേദനിച്ചു. എന്നാൽ ഇപ്പോഴതില്ല- ഉഷ നയം വ്യക്തമാക്കുന്നു.

thullal

ശിശുദിനത്തിൽ നെഹ്രുവിനെക്കുറിച്ചുള്ള ഉഷ മറ്റൊരു പരിപാടി കൂടി ഒരുക്കിയിരുന്നു. പ്രീ പ്രൈമറി വിദ്യാർഥികൾ ഏഴാംതരത്തിലെ കുട്ടികളുമായി നെഹ്രുവിനെക്കുറിച്ച് ഇംഗ്ലീഷിൽ നടത്തുന്ന അഭിമുഖം.  പ്രീ-പ്രൈമറി വിദ്യാർഥികൾ ഏഴാംതരക്കാരോട് ഇംഗ്ലീഷിൽ ചോദ്യംചോദിക്കുകയും അതിന് ഉത്തരം നൽകുന്നതായിരുന്നു പരിപാടി. അതിനായി സ്കൂൾ ലൈബ്രറിയിൽനിന്ന്‌ എടുത്ത നെഹ്രുവെക്കുറിച്ചുള്ള പുസ്തകത്തിൽനിന്ന്‌ ചോദ്യങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് ശിശുദിനത്തിൽ സ്പെഷ്യലായി കുട്ടികൾക്ക് നൽകാൻ ഓട്ടൻതുള്ളൽ എന്ന ആശയം ഉടലെടുത്തത്‌. ഓട്ടൻതുള്ളലിൽ മകൾ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയിരുന്നു. മകൾ ഓട്ടൻതുള്ളൽ പഠിക്കുമ്പോൾ ചില മുദ്രകളും താളവും സ്വന്തമാക്കിയിരുന്നു. ഇതുവെച്ച്  12 വരി തുള്ളൽകവിതയെഴുതി. രാത്രി പ്രാക്ടീസ് ചെയ്തു. ഓട്ടൻതുള്ളൽ അവതരിപ്പിക്കുമ്പോൾ വരികൾ തെറ്റാതിരിക്കാൻ പുസ്തകം നോക്കിയാണ് അവതരിപ്പിച്ചത്. ആ വീഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നോ കരുതിയില്ല.  സഹപ്രവർത്തകരുടെ വക സ്മാർട്ട്‌ഫോൺ സമ്മാനം സൈബർലോകത്തെ ഉടക്കിയ പ്രകടനം ഉഷടീച്ചറുടെ പതിവുശൈലി തന്നെയായിരുന്നു. എന്നാൽ ആ വൈറൽ കാണാൻ ടീച്ചർക്ക് സ്മാർട്ട് ഫോണോ വാട്ട്സാ പ്പോ, ഫെയ്‌സ് ബുക്കോ ഉണ്ടായിരുന്നില്ല.

broസ്കൂളിൽ സഹപ്രവർത്തകരുടെ അഭിനന്ദനമേറ്റുവാങ്ങിയ ഉഷയ്ക്ക്‌ സ്റ്റാഫ് കൗൺസിൽ ചൊവ്വാഴ്ച സമ്മാനമായി നൽകിയത് ഒരു സ്മാർട്ട്‌ഫോണായിരുന്നു. പ്രഥമാധ്യാപിക സിസ്റ്റർ ഷീന ജോർജ്, സീനിയർ അധ്യാപിക പി.വി.സുമതി, സ്റ്റാഫ് സെക്രട്ടറി എം.ടി.പി.ഷഹീദ്, ഗ്രെയ്‌സി എന്നിവർ ടീച്ചറുടെ പ്രീ പ്രൈമറി ക്ലാസിലെത്തിയാണ് സമ്മാനം കൈമാറിയത്. ഉഷ ടീച്ചർ സംസ്ഥാനത്തെ മികച്ച പ്രീ പ്രൈമറി അധ്യാപിക 2011-ൽ എസ്.എസ്.എ.യുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രീ-പ്രൈമറി അധ്യാപകർക്കായി ത്രിദിന ശില്പശാലയിൽ മികച്ച അധ്യാപികയായി തിരഞ്ഞെടുത്തത് ഉഷയെയായിരുന്നു. അന്ന് സമ്മാനമായി ലഭിച്ച 10,000 രൂപ  സ്വന്തം ആവശ്യത്തിനുപയോഗിക്കാതെ തന്റെ പ്രീ -പ്രൈമറി ക്ലാസ്  മോഡൽ ക്ലാസ് മുറിയാക്കാനാണ് ചെലവഴിച്ചത്.  ചുമരുകൾ മുഴുവൻ മനോഹരചിത്രം വരച്ച് ക്ലാസ്‌മുറി വർണാഭമാക്കി. 

  കുട്ടികൾ എന്‍റെ ജീവനാണ്. അവരിലേക്ക് ഒരുപാഠം അതുമല്ലെങ്കിൽ ഒരു സന്ദേശം എത്തിക്കണമെന്ന് ഞാൻ കരുതിയുറപ്പിച്ചാൽ ഞാൻ എത്തിക്കുക തന്നെ ചെയ്യും. ഇനി അതിന് പാട്ട് പാടണമെങ്കിൽ പാടും. നൃത്തം ചെയ്യണമെങ്കിൽ ചെയ്യും. കൂടുതലെന്തിന് പറയണം ഇനി അഭിനയിക്കണമെങ്കിൽ അതും ചെയ്യും. 

   തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് സ്കൂളിലെ  പ്രീ പ്രൈമറി അധ്യാപികയായി 10 വർഷം പൂർത്തിയാക്കിയ ടീച്ചർ സ്കൂളിൽ 10 വർഷം മുമ്പ് അധ്യാപികയായി എത്തുമ്പോൾ ഇവിടെ 29 കുട്ടികളാണുണ്ടായിരുന്നത്. ഇപ്പോൾ ഇവിടെ 290 കുട്ടികളുണ്ട്. ഈ വളർച്ചയ്ക്കുപിന്നിൽ ഉഷയുടെ മികവ്‌ കൂടിയുണ്ടെന്ന് സ്കൂളിലെ സീനിയർ അധ്യാപിക പി.യു.സുമതി പറയുന്നു. 

സ്കൂളിലെ പ്രീ- പ്രൈമറിയുടെ മുഴുവൻ ചുമതലയും ഇപ്പോൾ ഉഷയ്ക്കാണ്. ഗൾഫിലുള്ള ഭർത്താവ് വി.പി.രാമകൃഷ്ണനും ടീച്ചറുടെ വീഡിയോ ഹിറ്റായത്‌ അറിഞ്ഞപ്പോൾ സന്തോഷമായി. ഒരു കളിയാക്കലുകളുടേയും പേരിൽ വിഷമിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

തൃക്കരിപ്പൂർ പൂച്ചോലിലെ നാടകകലാകാരനും ശില്പിയുമായ എം.പി.ഭാസ്കരറെയും എം.വി.ചന്ദ്രമതിയുടെയും മകളാണ് ഉഷ. ഇവരുടെ ഇളയമകൾ മീരാവതി ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംതരം വിദ്യാർഥിയാണ്.

content highlights: M V Usha Teacher's Thullal performance on Nehru goes viral