' ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നന്നാവണമെങ്കില്‍ ആദ്യം ഈ വാട്ട്‌സ്ആപും, ഫെയ്‌സ് ബുക്കുമൊക്കെ നിരോധിക്കണം'. 'പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത് അവളുടെ ഫെയ്‌സ്ബുക്ക് ഐഡി ഏതാണെന്നാണ്  അതില്‍ നിന്നു തന്നെ മനസ്സിലാക്കാം അവളുടെ സ്വഭാവസവിശേഷതകള്‍'. 'രാത്രിയെന്നില്ല പകലെന്നില്ല അവള്‍ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനില്‍ തന്നേയാ, ഇത്രമാത്രം പരിപാടി എന്താണ് അവള്‍ക്കതില്‍'.
 
ഓണ്‍ലൈനില്‍ ഇരിക്കുന്ന പെണ്‍കുട്ടികളെ കുറിച്ച് ഒരു ശരാശരി മലയാളിയുടെ പൊതുബോധത്തില്‍ വരുന്ന സംശയങ്ങളുടേയും, ചോദ്യങ്ങളുടേയും ലിസ്റ്റില്‍ ഉള്ള കുറച്ച് കാര്യങ്ങളാണ് ഇവ. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഇരിക്കുന്നതിന് നേരവും, കാലവും വരെ നോക്കുന്ന ഇവര്‍ ഒരു പത്ത് മണിക്ക് ശേഷം ഓണ്‍ലൈന്‍ ഇടങ്ങളില്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ അസ്വസ്ഥരാകുന്നതെന്തിനാണെന്ന് മനസ്സിലാകുന്നതേയില്ല.
 
 'രാത്രി ഒരുപാട് നേരം ആയല്ലോ.. ഈ നേരത്ത് ഇവിടെ എന്താണ് പരിപാടി എന്ന് വന്ന് ചോദിക്കുമ്പോള്‍ അണുബോംബ് നിര്‍മാണത്തിലാണ് ചേട്ടാ എന്ന് മറുപടി പറയേണ്ടി വരാറുണ്ട്. രാത്രിയാകുമ്പോള്‍ മാത്രം ചൊറിയാന്‍ വരുന്ന ഇത്തരക്കാരുടെ മനസ്സിലുള്ളത് രാത്രി ചെയ്യാന്‍ ഒരേയൊരു പരിപാടി മാത്രമേ ഈ ലോകത്തുള്ളൂ എന്നതാണ്. രാത്രികളില്‍ ഓണ്‍ലൈനില്‍ ഇരിക്കുന്നതും ഇരിക്കാതിരിക്കുന്നതും ഓരോരുത്തരുടെ ചോയ്‌സാണെന്നിരിക്കേ തന്നെ പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ കാണപ്പെടുമ്പോള്‍ പലരുടേയും നെറ്റി ചുളിയുന്നുണ്ട്. പെണ്‍കുട്ടികള്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടുമോ എന്ന ആശങ്കകളാണ് പലരും പങ്ക് വെക്കുന്നതെങ്കിലും, കണ്ട ആണുങ്ങളോട് കൊഞ്ചിക്കുഴഞ്ഞിരിക്കാനല്ലേ നിനക്കീ ഫെയ്‌സ് ബുക്കും വാട്ട്‌സ്ആപുമൊക്കെ എന്ന് ചോദിക്കുന്നവരും ഉണ്ട്.
 
അറിവില്ലായ്മയുടെ ആനുകൂല്യങ്ങള്‍ നല്‍കി ചിലരെ വിട്ടയക്കാറുണ്ടെങ്കിലും ചിലര്‍ക്ക് ചോദ്യങ്ങള്‍ക്കനുയോജ്യമായ രീതിയിലുള്ള ഉത്തരങ്ങള്‍ കൊടുക്കാന്‍ മറക്കാറുമില്ല. പല പെണ്‍കുട്ടികളും തന്റെ ആശയങ്ങളും, ആഗ്രഹങ്ങളും, കഴിവുകളും, പ്രതിഷേധങ്ങളും പങ്ക് വെക്കാനുള്ള ഇടങ്ങളായിട്ട് തന്നെയാണ് ഇത്തരം ഇടങ്ങളെ കാണുന്നത്. അത് വഴി സാമൂഹികപരമായി വരുന്ന മാറ്റങ്ങള്‍ നിരവധി തന്നേയാണ്. ആര്‍ത്തവം പോലേയുള്ള കാര്യങ്ങളില്‍ പലരുടേയും ചിന്താഗതികള്‍ക്ക് മാറ്റം വരുത്താന്‍ വലിയൊരു  പങ്ക് ഓണ്‍ലൈന്‍ ഇടങ്ങളിലെ എഴുത്തുകള്‍ കൊണ്ട് കഴിയാറുണ്ട്. അടുത്തിടെ നടന്ന മീ റ്റു ഹാഷ് ടാഗ് ക്യാമ്പയിന്‍ മറ്റൊരു ഉദാഹരണമാണ് എത്ര പെണ്‍കുട്ടികളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രോഷം കൊണ്ടത്.
 
ഒരാളുടെ എഴുത്തുകള്‍ മറ്റൊരാള്‍ക്ക് പ്രചോദനമായി എത്ര തുറന്നു പറച്ചിലുകളാണ് ദിവസങ്ങള്‍ കൊണ്ട് ഉണ്ടായത്. പക്ഷെ ഇത് പോലേയുള്ള തുറന്നു പറച്ചിലുകള്‍ കൊണ്ടും, നിലപാടുകള്‍കൊണ്ടും ഓണ്‍ലൈന്‍ ഇടങ്ങളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല. അതില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഇന്‍ബോക്‌സുകളില്‍ തന്നേയാണ്.
 
യാത്രകള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്നുവെന്ന് പറയുന്ന ഒരു പെണ്ണിനോട് എന്റെ കൂടെ ഒരു യാത്ര വരുമോ..? എന്തും തരാം എന്ന് അശ്ലീലച്ചുവയോടെ പറയുന്നവര്‍ തൊട്ട് ,സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരോട് ഒരു ദിവസത്തേക്ക് നിന്റെ റെയ്റ്റ് എത്രയാടീ  എന്ന് ചോദിക്കുന്നവരും, നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ പ്രൊഫൈലില്‍ പച്ച വെളിച്ചം കാണുമ്പോള്‍ ഇളക്കം തട്ടുന്നവരും, എഴുത്തിലൊക്കെ നല്ല പുരോഗമനവാദമാണല്ലോ എല്ലാ കാര്യത്തിലും അത് വേണമെന്ന് പറയുന്നവരും, കിട്ടുമോ എന്ന് ചോദിക്കുന്നവരും, രാത്രിയിലെ പച്ച ലൈറ്റ് എല്ലാത്തിനുമുള്ള പ്രദര്‍ശന ലൈറ്റാണെന്ന അവകാശത്തോടെ സെക്‌സ് ചാറ്റിനു വരുന്നവരും, ഞരമ്പിന്റെ തിളപ്പ് കൂടുമ്പോള്‍ പെണ്‍കുട്ടികളുടെ ഇന്‍ബോക്‌സില്‍ ലിംഗപ്രദര്‍ശനം നടത്തുന്നവരും ,എഴുത്തിന് മറ്റാരും നല്‍കാത്ത മാനങ്ങള്‍ നല്‍കി ഇന്‍ബോക്‌സില്‍ മാത്രം വന്ന് എടീ, പോടീ വിളികളോടെ സംവാദിക്കുന്നവരും ,അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തലവേദനകള്‍ സൃഷ്ട്ടിക്കുന്നവരെ ഓണ്‍ലൈനിരിക്കുന്ന പെണ്‍കുട്ടികള്‍ നേരിടേണ്ടി വരാറുണ്ട്.
 
 സൗഹൃദ രൂപേണ വന്ന് സംസാരിച്ച്, സംസാരം അതിരു കടന്ന് പ്രണയത്തിലും മറ്റ് പലതിലുമെത്തുന്ന സന്ദര്‍ഭങ്ങളിലും എത്താറുണ്ട്. ഓണ്‍ലൈന്‍ പ്രണയങ്ങളെ അടച്ചാക്ഷേപിക്കുന്നില്ലെങ്കില്‍ കൂടി ചുരുക്കം ചില പെണ്‍കുട്ടികള്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ചിലര്‍ പറ്റിപ്പോയ അമളി തിരിച്ചറിയുമ്പോള്‍ പതുക്കെ ഉള്‍വലിഞ്ഞ് തടിയൂരുകയും, പറ്റിയാല്‍ അവനിട്ട് രണ്ട് കൊട്ട് കൊടുത്തിട്ട് സ്ഥലം കാലിയാക്കാറുമാണ് പതിവ്. കുടുങ്ങിപ്പോയവര്‍ മിക്കവരും പിന്നീട് ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകാറാണ് ചെയ്യാറ്.
 
 ഒറ്റയ്ക്ക് കഴിയുന്ന പെണ്ണുങ്ങളെ തപ്പി പിടിച്ച് കുട്ടു കൂടി ആദ്യം, സൗഹൃദവും, കരുതലും, പിന്നീട് പ്രണയവും അതിനു ശേഷം പതുക്കെ അവരെ രതിയിലേക്കുമെത്തിച്ച്  പ്രണയ നിമിഷങ്ങളിലെ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി  അവസാനം അവരെ പുറന്തള്ളി മറ്റൊരു ഇരയെ തേടി പോകുന്ന ഒരു മാന്യനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ വിശ്വസിക്കാനേ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയിലും, പൊതു ഇടങ്ങളിലും പ്രഗത്ഭനായ അയാളെ കുറിച്ച് കാര്യമായി ഒന്ന് അന്വേഷിച്ചപ്പോള്‍ സമാനുഭവം ഉള്ളവര്‍ ഒരുപാടുണ്ടായിരുന്നു. കബളിക്കപ്പെട്ടവരില്‍ കൂടുതലും വിദ്യാഭ്യാസവും ,ജോലിയുമുള്ള സ്ത്രീകളാണെന്ന് കൂടി അറിഞ്ഞപ്പോള്‍ അത്ഭുതം  തോന്നി. 
 
എന്ത് കൊണ്ട് അയാളെ പരസ്യ വിചാരണ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോള്‍ മൗനം മാത്രമായിരുന്നു ഉത്തരം. ആ മൗനങ്ങളില്‍ അയാള്‍ അവര്‍ക്കു നല്‍കുവാന്‍ സൂക്ഷിച്ചു വെച്ചിരുന്ന അപകടങ്ങളെ വായിച്ചെടുക്കുവാന്‍ മാത്രമേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ. പരസ്പര വിശ്വാസത്തോടെ, ധാരണയോടെ പ്രണയവും, സൗഹൃദവും കൈമാറുകയും അഭിപ്രായ വ്യത്യാസങ്ങള്‍ വരുമ്പോള്‍ വ്യക്തിഹത്യ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങള്‍ നേരിട്ടനുഭവിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ തന്നെ എനിക്കതിന്റെ തീവ്രത മനസ്സിലാവുകയും ചെയ്യും. പലരും നിസ്സഹായതയെ ചൂഷണം ചെയ്തു തന്നേയാണ് മുന്നേറാറുള്ളത്.
 
ചിലയിടങ്ങളില്‍ പകച്ച് നിന്ന് പോയിട്ടുണ്ടെങ്കിലും അവയെ എങ്ങനെ തരണം ചെയ്യണമെന്ന് ഇപ്പോള്‍ പഠിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം തട്ടിപ്പുകളുമായി വരുന്നവര്‍ക്കെതിരേ പക്വമതികളായ മിക്ക പെണ്‍കുട്ടികളും വളരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കാറാണ് പതിവ്. പോലീസ് കേസ് ആയ വിഷയങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.  മറ്റൊരു കാര്യം എന്താണെന്ന് വെച്ചാല്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നവരാണ് ഇത്തരം തലവേദനകള്‍ സൃഷ്ടിക്കാറുള്ളത് എന്നതാണ്. 
 
പൊതു ഇടങ്ങളില്‍ പെണ്ണ് കയറിയിരിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളില്‍ തുടങ്ങി രാത്രികള്‍ ആഘോഷിക്കുന്ന, അല്ലെങ്കില്‍ യാത്രകളോ, പ്രണയമോ, രതിയോ  എന്തും ആഘോഷമാക്കി മാറ്റുന്നവരൊക്കെ കുടുംബത്തില്‍ പിറന്നവരല്ലെന്നും വീട്ടില്‍ ചോദിക്കാനും, പറയാനും ഇവര്‍ക്കൊന്നും ആണുങ്ങള്‍ ഇല്ലാത്തതിന്റെ നെഗളിപ്പാണെന്നും, അല്ലെങ്കില്‍ അവരുടെ വീട്ടിലെ ആണുങ്ങളുടെ നട്ടെല്ലിന്റെ ഉറപ്പില്ലായ്മയാണ് ഇവരുടെ ഈ അഴിഞ്ഞാട്ടത്തിന് കാരണമെന്നും കണ്ടെത്തി നിര്‍വൃതിയടയുന്നവരാണ് പലരും.
 
ഇത്തരം കാര്യങ്ങള്‍ പടച്ച് വിടുന്നതില്‍ ചില സ്ത്രീകളും ഉണ്ടെന്നുള്ളതാണ് മറ്റൊരു വിരോധാഭാസം. ഭാരതസ്ത്രീതന്‍ ഭാവ ശുദ്ധിക്ക് ഇത്തരം ചിന്താഗതികള്‍ ചേരുന്നതല്ലെന്നും, ഫെമിനിസമെന്ന് പറഞ്ഞ് എത്ര കുരച്ചാലും ആണുങ്ങളെ പോലെയാവാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞതും വിദ്യാസമ്പന്നയായ ഒരു സ്ത്രീ തന്നേയായിരുന്നു. സത്യത്തില്‍ പെണ്ണിരിക്കേണ്ട ഇടങ്ങള്‍ ഇന്നതൊക്കെ മാത്രമാണെന്നും അതിലുപരി മറ്റിടങ്ങളിലേക്ക് അവള്‍ പടര്‍ന്നു പോയിട്ടുണ്ടെങ്കില്‍ അത് അഴിഞ്ഞാടാന്‍ അതായത് തോന്നിയത് പോലെ കുത്തഴിഞ്ഞ് ജീവിക്കാന്‍ വേണ്ടി മാത്രമാണെന്നും ചിന്തിക്കുന്ന ചിലരുടെ അഴുകിയ ചിന്താഗതികളാണ് മുകളില്‍ പറഞ്ഞ തലവേദനകളായി ഓരോ പെണ്‍കുട്ടിയുടെ മുന്നിലുമെത്തുന്നത്.
 
ചില പെണ്‍കുട്ടികള്‍ സ്വന്തമിടങ്ങളില്‍ പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ അല്ലെങ്കില്‍ പങ്കിടാന്‍ സാഹചര്യം കിട്ടാത്ത കാര്യങ്ങള്‍ ധൈര്യത്തോടെ സോഷ്യല്‍ മീഡിയകളില്‍ പറയാറുണ്ട്. അപരിചിതരോട് പറയുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ തോന്നുതേയില്ല.
 
അതിന് ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നേയാണ്. ഇപ്പോള്‍ എഴുത്തുകള്‍ കണ്ട് ചേര്‍ത്ത് പിടിച്ചു നിര്‍ത്തുന്ന ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവര്‍ തന്നേയാണ്. പക്ഷെ ഇവിടം വരെ എത്തുന്നതിനിടയില്‍ ഒരു പെണ്ണായത് കൊണ്ട് മാത്രം അനുഭവിക്കേണ്ടി വന്ന തലവേദനകള്‍ ആദ്യം പറഞ്ഞവ  പോലുള്ളത് തന്നേയാണ്.
 
അപരിചിതരെ സൂക്ഷിക്കണമെന്ന് ഞാനടക്കം പറയുമെങ്കില്‍ കൂടിയും അപരിചിതരായി വന്ന് സൗഹൃദത്തിന്റെ കൊടുമുടികളില്‍ കയറി നമുക്ക് എല്ലാമായി മാറുന്നവരും ഇവിടെ തന്നേയുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കൂട്ടായിട്ടുള്ളത് പെണ്ണുങ്ങളോട് തന്നേയാണ്. ഓരോ കുറിപ്പുകള്‍ വായിച്ച് ഇതെന്റെ അനുഭവങ്ങളാണ് പെണ്ണേ എന്നും പറഞ്ഞ് ഓടി വന്ന് കെട്ടിപ്പിടിക്കുന്ന പെണ്ണുങ്ങള്‍ തൊട്ട് ആണ്‍ സൗഹൃദങ്ങളിലെ സ്‌നേഹവും ,കരുതലും കാണിച്ചു തന്ന മിടുക്കന്മാരും ഈ ഓണ്‍ലൈന്‍ ഇടങ്ങളില്‍ തന്നേയുണ്ട്.
 
പെണ്ണ് ഉള്ള് തുറന്നെഴുതുമ്പോള്‍,'നീ ഫെമിനിച്ചി'യാണല്ലേ എന്ന് ചോദിച്ച് വഷളത്തം വിളമ്പുന്നതിനേക്കാള്‍ കൂടുതല്‍ നീ ഉഷാറാണ് പെണ്ണേ എന്ന് ആത്മാര്‍ഥതയോടെ പറഞ്ഞ് ഉയരങ്ങളിലെത്താന്‍ കൈ പിടിച്ച് നടത്തിയ സൗഹൃദങ്ങളില്‍ മിക്കവരും ആണ്‍ സൗഹൃദങ്ങള്‍ തന്നേയാണ്. പെണ്‍കുട്ടികള്‍ ചതിക്കുഴികള്‍ വീഴാന്‍ ഏറ്റവും സാധ്യതയുള്ള ഇടങ്ങള്‍ ഓണ്‍ ലൈന്‍ ഇടങ്ങളാണെന്ന് പറയുമെങ്കിലും, ഇത്തരം ഇടങ്ങള്‍ തുടങ്ങിയ കാലത്തുള്ള അബദ്ധങ്ങളൊന്നും ഇപ്പോള്‍ സംഭവിക്കാന്‍ ചാന്‍സുകള്‍ വളരെ കുറവ് തന്നേയാണ്. കാരണം മറ്റൊന്നുമല്ല ഇപ്പോഴത്തെ  നമ്മുടെ  പെണ്‍കുട്ടികള്‍ക്കൊക്കെ നെല്ലും, പതിരും തിരിച്ചറിയാനുള്ള വിവേകമൊക്കെ ധാരാളം ഉണ്ടെന്നുള്ളത് തന്നേയാണ്.
 
പെണ്‍കുട്ടികളാല്‍  സ്ത്രീകളാല്‍ ഇത്തരം ഇടങ്ങളില്‍ പുരുഷന്മാര്‍ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും ഓണ്‍ലൈനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കാണുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ മറ്റുള്ളവര്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നത് കൊണ്ട് തല്‍ക്കാലം അതിനെ കുറിച്ച് പറയുന്നില്ല. ഇത്രയൊക്കെ തലവേദകള്‍ സഹിച്ച് ഇവിടെ ഇരുന്നാല്‍ നിങ്ങള്‍ക്കെന്ത് കിട്ടും അല്ലെങ്കില്‍ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഇത് ഞങ്ങളുടേയും കൂടി ഇടമാണ്.