ഇന്റര്‍നെറ്റ് വലിയൊരു സാധ്യതയാണ്. വിശേഷിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക്. എന്നാല്‍ വിവേകത്തോടെ കൈകാര്യംചെയ്തില്ലെങ്കില്‍ അതൊരു ചതിക്കുഴിയുമാണ്. കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 'കീപ്പ് ഇന്‍ ടച്ച്' എന്നപേരില്‍ പുറത്തിറങ്ങുന്ന ഹ്രസ്വചിത്രത്തിന്റെ പ്രധാനലക്ഷ്യവും അതുതന്നെ-ഇന്റര്‍നെറ്റ് ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.

ഉണര്‍ന്നിരിക്കുന്ന സമയത്തിലെ വലിയൊരുഭാഗവും വിദ്യാര്‍ഥികള്‍ ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വഭാവത്തില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതും സ്‌കൂളില്‍നിന്നുതന്നെ. ഇത്തരം മാറ്റങ്ങള്‍ നിരീക്ഷിച്ച് തങ്ങളുടെ സഹപാഠികളെ നേര്‍വഴിയിലൂടെ നടത്താനായി പ്രാപ്തരാക്കുകയാണ് കുട്ടികള്‍കൂടി ഭാഗഭാക്കാകുന്ന 'കീപ്പ് ഇന്‍ ടച്ച്'.

കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് കേരള പോലീസിന്റെ സഹകരണത്തോടെ ചിത്രം പുറത്തിറക്കുന്നത്. ഐഡിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പോലീസുകാരുമാണ് കഥാപാത്രങ്ങളായെത്തുന്നത്. എല്ലാവരോടും സമൂഹത്തോടു ചേര്‍ന്നുനില്‍ക്കാന്‍ പഠിപ്പിക്കുന്നു 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം. അങ്ങനെ ചേര്‍ന്നുനില്‍ക്കുമ്പോള്‍ ആപത്ഘട്ടങ്ങളില്‍ രക്ഷകരായി സമൂഹംതന്നെ കൂടെയുണ്ടാകും-അതാണ് ചിത്രം തരുന്ന സന്ദേശം.

വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഷാജി, കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കര്‍ എന്നിവര്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ട്. കുറ്റിപ്പുറം സ്റ്റേഷനിലെ സി.പി.ഒ. ഹരിനാരായണനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അയങ്കലം സ്വദേശി അജയ് വി. നായരാണ് സാങ്കേതിക സഹായം. സ്‌കൂള്‍വേദികളിലും സോഷ്യല്‍ മീഡിയയിലുമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.