താരങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ നോക്കാന്‍ മറ്റുള്ളവരെ ഏല്‍പിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. തിരക്കിനിടയിലും തങ്ങളുടെ ആരാധകരും അഭ്യുദയ കാംക്ഷികളുമായി സംവദിക്കുക എപ്പോഴും അപ്‌ഡേറ്റ് ആവുക എന്ന ഉദ്ദേശത്തോടെ തുടങ്ങുന്ന ഇത്തരം പേജുകളുടെ അമരത്ത് മിക്കപ്പോഴും താരങ്ങളായിരിക്കില്ല അവരുടെ പ്രതിനിധികളായിരിക്കും ഉണ്ടായിരിക്കുക. 

അങ്ങനെ സ്വന്തം സോഷ്യല്‍ മീഡിയാ പേജ് നോക്കാന്‍ ഏല്‍പിച്ചവര്‍ ഗായിക ജ്യോത്സ്‌നയ്ക്കിട്ടു കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജ് തിരിച്ചുകിട്ടി എന്നു പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ തനിക്കു കിട്ടിയ പണിയെക്കുറിച്ചാണ് ജ്യോത്സ്‌ന സംസാരിക്കുന്നത്. 

എന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ മീഡിയാ പേജ് മറ്റുള്ളവരെ നോക്കാന്‍ ഏല്‍പിച്ചിട്ടുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നു പറയുന്ന വീഡിയോയില്‍ ജ്യോത്സ്‌ന തനിക്കു കിട്ടിയ പണിയെക്കുറിച്ചും ഭാവിയില്‍ നമുക്കും സംഭവിച്ചേക്കാവുന്ന വിപത്തിനെക്കുറിച്ചും വിശദമായി പറയുന്നു. 

അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകള്‍ ഉണ്ടായിരുന്ന ജ്യോത്സ്‌നയുടെ ഫെയ്‌സ്ബുക്ക് പേജ് ഒരു നാള്‍ പൊടുന്നനെ അപ്രത്യക്ഷമാകുന്നു. അന്തംവിട്ട ജ്യോത്സ്‌ന പേജിന്റെ നടത്തിപ്പുകാരോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് അതിലും അടിപൊളി. 

ഫെയ്‌സ്ബുക്കില്‍  സിസ്റ്റം അപ്‌ഡേറ്റ് ചെയ്തപ്പോള്‍ എന്തോ പ്രശ്‌നം പറ്റിയതാണ്. ഇത്തരത്തില്‍ വേറെയും പേജുകള്‍ ഡിലീറ്റായി പോയിട്ടുണ്ട്. ഇനി ഈ പേജ് ഒരിക്കലും റിക്കവര്‍ ചെയ്യാന്‍ സാധിക്കില്ല ഇനിയിപ്പൊ പുതിയ പേജ് തുടങ്ങുകയേ നിവര്‍ത്തിയുള്ളൂ എന്നായിരുന്നു അവരുടെ മറുപടി. 

ഈ മറുപടിയില്‍ സംശയം തോന്നിയ ജ്യോത്സ്‌ന ഒരു കുറ്റാന്വേഷകയുടെ മികവോടെ തന്റെ പേജിന് എന്തു സംഭവിച്ചു എന്നത് കണ്ടെത്തുന്നതും എങ്ങനെ പേജ് തിരിച്ചു പിടിച്ചു എന്നതുമാണ് വീഡിയോയില്‍ പറയുന്നത്. തന്നെ ചതിച്ചവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറയുന്നു.  

Image Credit: facebook