ഒരു ‘ലൈക്കി’ന്റെ ഞെട്ടലിലാണ് പൂങ്കുന്നം സ്വദേശിയായ ഹര്‍ഷ് അഥവ ഹര്‍ഷവര്‍ദ്ധന്‍ സിങ്. ലോകത്തെ സംഗീതാസ്വാദകരെ ഉന്മാദത്തിലെത്തിക്കുന്ന സൂപ്പര്‍ ഡി.ജെ.യും മ്യൂസിക് പ്രൊഡ്യൂസറുമായ സ്റ്റീവ് അയോക്കിയാണ് ഹര്‍ഷിന്റെ ഇന്‍സ്റ്റഗ്രാമിലെത്തി ലൈക്ക് ചെയ്തത്. ലോകസംഗീതത്തിന്റെ ---ഗ്രാമി അവാര്‍ഡ് രണ്ടുതവണ സ്വന്തമാക്കിയ സംഗീതജ്ഞനാണ് സ്റ്റീവ് അയോക്കി.

സ്റ്റീവിന്റെ പ്രശസ്തമായ ചാട്ടം അനുകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഷവര്‍ദ്ധന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് സ്റ്റീവ് അയോക്കി തന്നെ ലൈക്ക് ചെയ്തത്. രാവിലെ കണ്ണുതുറന്നപ്പോള്‍ ഹര്‍ഷ് ഇതുകണ്ട് ഞെട്ടി.

image
സ്റ്റീവ് അയോക്കിയുടെ പ്രശസ്തമായ ചാട്ടം

തൃശ്ശൂരാണ് വളര്‍ന്നതും പഠിച്ചതുമെങ്കിലും ഹര്‍ഷവര്‍ദ്ധന്റെ സ്വദേശം രാജസ്ഥാനിലെ ഉദയ്‌പൂരിലാണ്. അച്ഛന്‍ ഹിമ്മത്ത്‌സിങ് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് തൃശ്ശൂരില്‍ താമസമാക്കിയത്. പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍നിന്ന്‌ പ്ലസ്ടു പൂര്‍ത്തിയാക്കിയ ഹര്‍ഷ്, ഓം സ്റ്റുഡിയോസില്‍നിന്ന്‌ മ്യൂസിക് പ്രൊഡക്ഷനും സൗണ്ട് ഡിസൈനിങ്ങും പഠിച്ചു. ഇപ്പോള്‍ മാതൃഭൂമി തൃശ്ശൂര്‍ ക്ലബ്ബ് എഫ്.എമ്മില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു.

ഉദയ്‌പൂരിലെ കുടുംബവീട്ടില്‍ പോയപ്പോഴാണ് ഒരുദിവസം രാവിലെയുള്ള ജോഗിങ്ങിനിടയില്‍ ഈ ചിത്രമെടുത്തത്. ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിപ്പോള്‍ സ്റ്റീവ് ലൈക്ക് ചെയ്തിരിക്കുന്നത്. ടുമാറോ ലാന്‍ഡ്, അള്‍ട്രാ മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവ സ്റ്റീവിന്റെ പ്രശസ്തമായ ലൈവ് ഷോകളാണ്. 2016-ല്‍ സ്റ്റീവിന്റെ ‘ഐ വില്‍ സ്ലീപ്പ് വെന്‍ ഐ ആം ഡെഡ്’ എന്ന സംഗീതസംരംഭം മികച്ച മ്യൂസിക് ഫിലിമിനുള്ള ഗ്രാമി അവാര്‍ഡ് സ്വന്തമാക്കി. 2012-ല്‍ സ്റ്റീവിന്റെ ‘വണ്ടര്‍ ലാന്‍ഡി’ന് മികച്ച ഡാന്‍സ്-ഇലക്ട്രോണിക് ആല്‍ബത്തിനുള്ള ഗ്രാമിയും ലഭിച്ചിരുന്നു.