മാവേലിക്കര: ''ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്. രാവിലെ പത്തിനുള്ള ശുഭമുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെയ്ന്റ് തോമസ് പാരിഷ്ഹാളിലാണ് കല്യാണം. ജര്‍മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്തമകള്‍ '3 ആര്‍ 80' ആണ് വധു...'' -സാമൂഹിക മാധ്യമത്തിലെ നന്ദു മഹാദേവന്റെ കുറിപ്പ് വൈറലാവുകയാണ്.
അര്‍ബുദം ബാധിച്ച് കാല്‍ മുറിച്ചെങ്കിലും തളരാതെ പോരാടുന്ന നന്ദുവിന് ബുധനാഴ്ച കൃത്രിമക്കാല്‍ ലഭിക്കും. അതു സൂചിപ്പിക്കുന്നതിനാണ് വ്യത്യസ്തമായ ഈ കുറിപ്പ് നന്ദു സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്തത്. അര്‍ബുദരോഗികള്‍ക്ക് ആത്മധൈര്യം പകരുകയാണ് ലക്ഷ്യം.
''ഞാന്‍ ഇരുകാലുകളില്‍ നടക്കാന്‍ പോകുന്നെന്ന സന്തോഷവാര്‍ത്ത പ്രതീകാത്മകമായി കുറിക്കുകയായിരുന്നു. അര്‍ബുദം കവര്‍ന്ന കാലിന്റെ സ്ഥാനത്ത് കൃത്രിമക്കാലെത്തുകയാണ്. ക്രച്ചസിന്റെ സ്ഥാനത്തെത്തുന്ന കൃത്രിമക്കാല്‍ ഒരുതരത്തില്‍ എന്റെ വധുതന്നെയാണ്. മരണംവരെ എന്റെ ഒപ്പം നടക്കേണ്ടവള്‍. ആ അര്‍ഥത്തില്‍ ഇതൊരു വിവാഹം തന്നെയാണ്'' -നന്ദു പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിനകം കൃത്രിമക്കാല്‍വെക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ്. അതു കഴിഞ്ഞാല്‍ നടക്കാനുള്ള കഴിവ് തലച്ചോറില്‍നിന്ന് നഷ്ടമാകും. നിര്‍ഭാഗ്യവശാല്‍ കാന്‍സര്‍ സമ്മാനിച്ച സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ആറുമാസത്തിനകം കാല്‍ വെക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ 15 മാസം കഴിഞ്ഞു. മാവേലിക്കരയിലുള്ള ലൈഫ് ആന്‍ഡ് ലിംബ് ട്രസ്റ്റാണ് സഹായഹസ്തവുമായെത്തിയത്.
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വാടകവീട്ടിലാണ് അച്ഛനുമമ്മയും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം നന്ദു താമസിക്കുന്നത്. കൃത്രിമക്കാല്‍ ഉപയോഗിക്കുന്നതിന് ജര്‍മന്‍ കമ്പനിയായ ഓട്ടോബോക്കിന്റെ തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ നന്ദു രണ്ടാഴ്ചത്തെ പരിശീലനം നേടി. ഏഴുലക്ഷം രൂപയാണ് കൃത്രിമക്കാലിന്റെ വില.
ലൈഫ് ആന്‍ഡ് ലിംബ് ചാരിറ്റബിള്‍ ട്രസ്റ്റ്
അമേരിക്കന്‍ മലയാളിയായ മാവേലിക്കര വെട്ടിയാര്‍ നടയില്‍ തെക്കതില്‍ ജോണ്‍സണ്‍ ശാമുവേല്‍ ചെയര്‍മാനായ ട്രസ്റ്റ്. കാലുനഷ്ടപ്പെട്ടവര്‍ക്ക് നാലുവര്‍ഷമായി കൃത്രിമക്കാല്‍ സൗജന്യമായി നല്‍കുന്നു. ഇരുനൂറോളം പേര്‍ക്ക് ആനുകൂല്യം ലഭിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വെട്ടിയാര്‍ സെയ്ന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളിലെ ചടങ്ങില്‍ 48 പേര്‍ക്കായി 51 കൃത്രിമക്കാലുകള്‍ നല്‍കും. ഒരു കോടിയിലധികം രൂപയാണ് ഈ വര്‍ഷത്തെ പദ്ധതിക്ക് ചെലവ്.
Content Highlights: Cancer survivor Nandu Mahadevan