ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സന്ദര്‍ഭമാണ് ഓരോ കല്യാണങ്ങളും. പ്രത്യേകിച്ച് ഉത്തരേന്ത്യൻ കല്യാണ ആഘോഷങ്ങളുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പാട്ടും ഡാന്‍സുമായി ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരുമായി ചേര്‍ന്ന് എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന ഒരു ദിവസമാക്കി മാറ്റും അത്. 

കല്യാണത്തിന്റെ തലേന്ന് നടക്കുന്ന സംഗീത് എന്ന ചടങ്ങിന് ബന്ധുക്കളോടൊപ്പം ചേര്‍ന്ന് കല്യാണ പെണ്ണും ചെറുക്കനുമൊക്കെ ഡാന്‍സ് ചെയ്യുന്നത് സ്വാഭാവികമാണ്. കല്യാണത്തിന്റെ അന്ന് മണ്ഡപത്തിലേക്ക് ആനയിക്കുമ്പോവും വരനും വധുവിനും ചുറ്റും നിന്ന് ബന്ധുക്കള്‍ നൃത്തം ചെയ്യാറുണ്ട്. 

എന്നാലിവിടെ വിവാഹമണ്ഡപത്തിലേക്ക് നൃത്തച്ചുവടുകളുമായി എത്തുന്ന വധുവിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ലഹംഗയുടെയും ആഭരണങ്ങളുടെയും ഭാരവും അവ ധരിച്ചിട്ടുള്ളതിന്റെ ബുദ്ധിമുട്ടുകളെയും വകവയ്ക്കാതെ ബോളിവുഡ് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന ഈ കല്യാണപെണ്ണിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. 

മണ്ഡപത്തിലേക്കുള്ള വധുവിന്റെ പലവിധ വരവുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും ഇങ്ങനെയൊന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല എന്ന കുറിപ്പോടെ സാഗര്‍ അറോറ എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് ഇട്ടിരിക്കുന്ന പോസ്റ്റിന് ഇതിനോടകം 23640 ല്‍ അധികം ലൈക്കും 2070 ല്‍ അധികം കമന്റും ലഭിച്ചിട്ടുണ്ട്,  മാത്രമല്ല 4,304,400ല്‍ അധികം പേര്‍ വീഡിയോ കണ്ടിട്ടും 178,600ല്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.