കോഴിക്കോട്: ആളും പണവുമില്ലാതെ വിവാഹം മുടങ്ങുന്ന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ സുമനസ്സുകളുടെ ഒരു കൂട്ടായ്മ. വിവാഹത്തിന്റെ എല്ലാ വിധ ചടങ്ങുകളും സ്വയം ഏറ്റെടുത്ത് നടത്തുന്ന ഈ സംഘത്തിന്റെ പേര് 'ആങ്ങളമാര്‍.' ആങ്ങളമാരുടെ നേതൃത്വത്തില്‍ ആദ്യവിവാഹം ഫെബ്രുവരി 11ന് ഞായറാഴ്ച മണ്ണാര്‍ക്കാട്ട് നടക്കുകയാണ്.

ആണ്‍തുണയില്ലാത്ത, നിര്‍ധന കുടുംബത്തില്‍പ്പെട്ട, നിരവധി ആലോചനകള്‍ വന്നിട്ടും വിവാഹ ഭാഗ്യം കൈവരാതെ, വിവാഹച്ചെലവുകളെക്കുറിച്ചോര്‍ത്ത് ജീവിതം തള്ളിനീക്കുന്ന നിരാശ്രയരായ സഹോദരിമാര്‍ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യ ഭാഗ്യത്തിന് സാമ്പത്തികം ഒരു തടസ്സമാവില്ല. നിരാശ്രയരായ സഹോദരിമാര്‍ ആങ്ങളമാര്‍ സ്വയം നല്‍കുന്ന വാക്കുകളാണിത്. 

ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാല്‍ പിന്നെ ആങ്ങളമാര്‍ രംഗത്തിറങ്ങുകയായി. വിവാഹക്ഷണക്കത്ത് തയ്യാറാക്കുക, പത്ത് പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, കല്യാണ വസ്ത്രങ്ങള്‍ വധുവിനും കുടുംബത്തിനും വാങ്ങുക, കതിര്‍മണ്ഡപമൊരുക്കുക, തലേ ദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നിര്‍വഹിക്കുക. അതിന്റെ എല്ലാ ചെലവും ആങ്ങളമാര്‍ സ്വന്തം കൈയില്‍ നിന്ന് എടുക്കുന്നു. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേദിവസം വധുവിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിക്കും. 

വരനെ കണ്ടത്തേണ്ടത് പെണ്‍ വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. യോജിച്ച വരനെ കണ്ടെത്തിയിട്ടും പണമില്ലാത്തതിനാലും സഹായത്തിന് ആളില്ലാത്തതിനാലും വിവാഹം നടത്താന്‍ കഴിയാത്തവര്‍ക്കാ ണ് ആങ്ങളമാരുടെ തുണ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645324587,9895961428, 7558040898 എന്നീ നമ്പറുകളിലുടെയോ aanglamaar@gmail.com http://www.facebook.com/aanglamaar എന്ന ഇ.മെയില്‍, ഫെയ്‌സ്ബുക്ക് അഡ്രസ്സിലൂടെയോ ബന്ധപ്പെടാമെന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പറയുന്നു.

കേരളത്തിലെവിടെയുമുള്ള അശരണരായ പെങ്ങന്മാര്‍ക്ക് ആശ്രയമായെത്തും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാരായ അനില്‍, ഷാജി, ബിജു ജോര്‍ജ്, സെബാസ്റ്റിയന്‍, ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍, അരുണ്‍ എന്നവരാണ് ആങ്ങളമാരായി കൈകോര്‍ത്തിരിക്കുന്നത്. 

മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍ പറമ്പില്‍ പരേതനായ അളകേശന്റെയും ശാരദയുടെ മകള്‍ പ്രിയയുടെവിവാഹം ഇവരാണ് നടത്തുന്നത്. കക്കുപ്പടി മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 9.30നും 10 നും ഇടക്കുള്ളമുഹൂര്‍ത്തത്തിലാണ് വിവാഹം.