സ്വന്തം കാര്യത്തിന് ചെറിയൊരു പോറലേറ്റാല്‍ ഒട്ടും സഹിക്കില്ല ഒരു മലയാളിയും. തന്റെ കാര്യങ്ങള്‍ ശരിയായി നടന്ന് പോവാന്‍ എന്ത് കള്ളവും ചെയ്യാനും അത് ആരും അറിയാതെ ശരീരത്തില്‍ നിന്ന് ജീവന്‍ പോവും വരെ സൂക്ഷിച്ച് വെക്കാനും അവനോളം കഴിവ് മറ്റാര്‍ക്കുമില്ല.

അപകടം പറ്റി ആശുപത്രിയില്‍ പോവാന്‍ നേരം കടം ചോദിച്ചാല്‍ പോലും പല മലയാളിയും ദരിദ്രനായിരിക്കും. നാലാളുകളെ കാണുമ്പോള്‍ എന്തിനെയും വിമര്‍ശിക്കുകയും ആരും കാണാതെ തന്റെ കാര്യത്തിന് വേണ്ടി ആ വിമര്‍ശനത്തെ മറക്കുകയും ചെയ്യുന്നതും മലയാളി മാത്രം.  അങ്ങനെയുള്ള മലയാളിയുടെ മുഖത്തിന് നെരെ അടിക്കുന്ന ബ്രൈറ്റ്‌ലൈറ്റ് പ്രകാശമാണ് രണ്ട് ദിവസം കൊണ്ട് യുട്യൂബില്‍ വൈറലായി മാറിയ അണലി എന്ന ഹ്രസ്വചിത്രം.

മൊബൈല്‍ വെളിച്ചവും വാഹനത്തിന്റെ വെളിച്ചവും കൊണ്ട് ഭൂരിഭാഗവും രാത്രിയില്‍ തന്നെയാണ് അണലി ചിത്രീകരിച്ചിരിക്കുന്നത്. പകല്‍ ദൃശ്യങ്ങള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. എങ്കിലും ഒരു നല്ല ഹ്രസ്വചിത്രത്തിന്റെ എല്ലാ ചോരുവകളും ചേര്‍ന്നതാണ് ഇരുപത് മിനിറ്റോളമുള്ള അണലി.

anali 2പ്രധാനമായും വടകരയിലെ പ്രാദേശിക ഭാഷയില്‍ പ്രേക്ഷകരിലേക്കെത്തുന്ന അണലിക്ക് ഇരിങ്ങല്‍ സ്വദേശിയായ ഫെബിന്‍ സിദ്ദാര്‍ത്ഥനാണ് കഥയും സംവിധാനവും എഡിറ്റിങ്ങും ഒരുക്കിയിരിക്കുന്നത്. ഒരിടത്ത് പോലും അണലിയെ കാണിക്കുന്നില്ലെങ്കിലും രാത്രിയുടെ ഭീകരത കാണിക്കാനും പാമ്പ് അടുത്തെവിടെയോ ഉണ്ട് എന്നുള്ള ഭീതിയുണ്ടാക്കാനും ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിയുന്നുണ്ട്. 

രാത്രി ഇടവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ നാരായണന്‍ എന്ന കഥാപാത്രത്തെ അണലികടിക്കുന്നായി തെറ്റിദ്ധരിക്കുന്നതാണ് പ്രമേയം. ഒരു യഥാര്‍ഥ മലയാളിയുടെ എല്ലാ ചേരുവകളുമുള്ള നാരായണന്‍ പാമ്പുകടിയേറ്റെന്ന് തെറ്റിദ്ധരിച്ച് മരണത്തെ മുന്നില്‍ കാണുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ ഭാര്യയുടെ മടിയില്‍ കിടന്ന് നാരായണന്‍ താന്‍ ചെയ്ത കൊള്ളരുതായ്മയെ കുറിച്ച് ചിന്തിക്കുന്നു.

നാരായണന്റെ ചിന്തകളിലൂടെ സഞ്ചരിക്കാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും ഹ്രസ്വചിത്രത്തിന് മനോഹരമായി സാധിച്ചിട്ടുണ്ട്. മനോജ് കെ.പി.എ.സി, അജീഷ്, മിനി, സുജിത്ത് ജി ഗിരിധര്‍, സുജിത്ത് എന്‍. കെ, പ്രണവ് മോഹന്‍, റെജി മാവേലിക്കര എന്നിവരാണ് ചിത്രത്തില്‍ അഭിനിയിച്ചിട്ടുള്ളത്.