കൊച്ചി: ചാരുകസേരയില്‍ കിടന്ന് വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നതുപോലെ സ്മാര്‍ട്ട് ഫോണിലൂടെ വിരലോടിക്കുമ്പോള്‍ പല്ലു മുഴുവന്‍ പുറത്തുകാട്ടിയുള്ള പൊട്ടിച്ചിരിയിലായിരുന്നു അമ്മാമ്മ. അരികിലിരുന്ന് അമ്മാമ്മയുടെ തമാശകള്‍ക്കു കൗണ്ടര്‍ പറയുന്ന കൊച്ചുമോന്‍. ടിക് ടോകിലൂടെ ഏഴര ലക്ഷം ഫോളോവേഴ്സും 1.30 കോടി ലൈക്കുകളും നേടി പ്രശസ്തയായ അമ്മാമ്മ ഇപ്പോള്‍ മറ്റൊരു അന്വേഷണത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം. 88-ാം വയസ്സിലും തളരാതെ വീഡിയോകള്‍ ചെയ്യണം.

ടിക് ടോക് വീഡിയോകളിലൂടെ വൈറലായ പറവൂര്‍ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകന്‍ ജിന്‍സണും കോവിഡ് കാലത്തും തിരക്കിലാണ്. ''ചട്ടയും മുണ്ടുമുടുത്ത് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന അമ്മാമ്മയുമായി പ്രളയകാലത്ത് വെറുമൊരു തമാശയ്ക്ക് തുടങ്ങിയതാണ് ടിക് ടോക്. ഒന്നര വര്‍ഷംകൊണ്ട് 250-ലേറെ വീഡിയോകളാണ് അമ്മാമ്മ ചെയ്തത്.''

''ലോക്ഡൗണ്‍ കാലത്ത് തമാശ വീഡിയോകള്‍ വേണ്ടെന്ന് അമ്മാമ്മ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകള്‍ ചെയ്തിരുന്നു. അവസാനം ചെയ്ത കാക്ക എന്ന വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് കണ്ടത്...''- ജിന്‍സണ്‍ പറയുമ്പോള്‍ അമ്മാമ്മ പതിവുപോലെ ചിരിച്ചു. ടിക് ടോക് നിരോധിച്ചതിനാല്‍ വീഡിയോ ചെയ്യാന്‍ പറ്റുന്നില്ലെങ്കിലും അതു രാജ്യത്തിനു വേണ്ടിയല്ലേയെന്നാണ് അമ്മാമ്മ ചോദിക്കുന്നത്.

Content Highlights: Ammammayude Kochumon TikTok stars, TikTok Ban