കുഞ്ഞുമനസ്സുകളെ വിസ്മയിപ്പിക്കുകയും അതിരുകളില്ലാത്ത അത്ഭുതലോകത്തേക്ക് വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന 'ആകാശ ജാംബൂരി'ക്ക് ആലുവയില്‍ തുടക്കമായി. ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആലുവ വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഹാം റേഡിയോ 'ആകാശ ജാംബൂരി' സംഘടിപ്പിച്ചത്. 

ആദ്യം തന്നെ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍ മുപ്പത് പേരടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞു. ശേഷം ആലുവ പാലസ്, അദ്വൈതാശ്രമം, ടൗണ്‍ഹാള്‍, പമ്പ് ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലേക്ക് മാറി. 

അവിടെയിരുന്നാണ് കുട്ടികള്‍ അന്യോന്യം ആശയവിനിമയം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഹാം റേഡിയോ ഉപയോഗിക്കുന്നവര്‍ ഇവരുമായി സംവദിച്ചു. 

ഒക്ടോബര്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള സ്‌കൗട്ട്- ഗൈഡുകള്‍ പരസ്പരം വയര്‍ലെസ് സൈറ്റുകളിലൂടെ ആശയവിനിമയം നടത്തുന്ന 'ജോട്ട ജോട്ടി' പരിപാടിയോട് അനുബന്ധിച്ചാണ് 'ആകാശ ജാംബൂരി' സംഘടിപ്പിച്ചത്. 

ജില്ലയിലെ 50 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 218 സ്‌കൗട്ട്- ഗൈഡുകള്‍ പരിപാടിയില്‍ പങ്കെടുത്തു. രക്ഷാ പ്രവര്‍ത്തനങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഹാം റേഡിയോ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് ഹാം റേഡിയോ ഓപ്പറേറ്റര്‍ ഷാജിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. 

ഇതിലൂടെ വനയാത്രകളിലും ക്യാമ്പുകളിലും ഹാം റേഡിയോ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. ആലുവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ്  സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആലുവ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. 

സ്‌കൗട്ട്‌സ് കമ്മീഷണര്‍ വി.ടി. ചാര്‍ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാം ഹരിനാരായണന്‍, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍മാരായ സി.എം. നാസിഫ്, ആര്‍. ജിനീഷ്, എ.ബി. ബെനഡിക്ട്, മുഹമ്മദ് റാഷിദ്, നിവിന്‍ വേണുഗോപാല്‍ എന്നിവരും സംസാരിച്ചു.