തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മുന്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മണ്ഡലത്തില്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയാണിപ്പോള്‍. സ്വീകരണ പരിപാടികളില്‍ പൂച്ചെണ്ട് വേണ്ടെന്നും പകരം പുസ്തകം മതിയെന്നും പ്രശാന്ത് നിലപാടെടുത്തിരുന്നു. മണ്ഡലത്തിലുടനീളം നടക്കുന്ന സ്വീകരണ പരിപാടികളില്‍ പുസ്തകം ഏറ്റുവാങ്ങി തളര്‍ന്നിരിക്കുകയാണ് തിരുവനന്തപുരത്തുകാരുടെ പഴയ മേയര്‍ ബ്രോ.

സ്വീകരണ പരിപാടികള്‍ തുടങ്ങുന്നതിന് മുന്‍പ് പ്രശാന്ത് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സ്വീകരണങ്ങളില്‍ പൂച്ചെണ്ടുകള്‍ വേണ്ടെന്നും പകരം പുസ്തകം മതിയെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും മിന്നുന്ന വിജയം നേടിയ പ്രശാന്തിന്റെ ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. 

കിട്ടിയ പുസ്തകങ്ങള്‍ ഗ്രന്ഥശാലകള്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറാനാണ് പ്രശാന്തിന്റെ തീരുമാനം. പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി ലോഡ് സാധനങ്ങള്‍ കയറ്റിയയച്ച് താരമായ പ്രശാന്ത് ഈ പരിപാടിക്കിട്ട പേര് '' ഒരു ലോഡ് പുസ്തകം'' എന്നാണ്. ചരിത്രവും സാഹിത്യവും ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് കൂടുതലും ലഭിച്ചത്. 

എം.എല്‍.എ.യെ പുസ്തകങ്ങള്‍ നല്‍കി സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം മുന്നോട്ടുവന്നു. പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയ എം.എല്‍.എ.യ്ക്കും മനസ്സുനിറയെ സന്തോഷം. ആദ്യദിവസംതന്നെ പ്രതീക്ഷച്ചതിനേക്കാള്‍ വലിയ സഹകരണമുണ്ടായെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ഡലത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഗ്രന്ഥശാലകള്‍ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.

പല വിദ്യാലയങ്ങളുടെയും ഗ്രന്ഥശാലകളുടെയും സ്ഥിതി പരിതാപകരമാണ്. സ്വീകരണ പരിപാടികളില്‍ പെട്ടെന്ന് കേടായിപ്പോകുന്ന പൂച്ചെണ്ടുകളും ഹാരങ്ങളും മറ്റും മാലിന്യമായി മാറുകയുംചെയ്യും. ഇത് ഒഴിവാക്കുന്നതിനൊപ്പം നാട്ടുകാരുടെ ശ്രദ്ധകൂടി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വികസനത്തിലേക്കു കൊണ്ടുവരാനും കഴിയും. 

അടുത്ത മൂന്നുദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലെ സ്വീകരണങ്ങളിലും പുസ്തകങ്ങളായിരിക്കും താരങ്ങളെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

content highlights: VK Prasanth MLA book collection challenge