തൃശ്ശൂര്‍: മൊബൈലിലെ സ്‌ക്രീനിനുനേരെ ശ്രീജിത്ത് മോതിരം നീട്ടിയപ്പോള്‍ കടലിനിക്കരെയിരുന്ന് രാധിക കൈനീട്ടി. പിന്നെ ക്ലോസപ്പും വൈഡ് ആങ്കിളും സൈഡ് ആങ്കിളും ചേര്‍ന്ന് കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ നിമിഷങ്ങള്‍. വരനും വധുവും അകലങ്ങളിലിരുന്ന് സാക്ഷികളായി.

കോവിഡ്കാലം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല. പക്ഷേ, പരിഹാരം കണ്ടെത്താനും മലയാളി മിടുക്കനാണ്. പ്രതിശ്രുതവരന്‍ കടലിനക്കരെ ഖത്തറില്‍, വധു ഇങ്ങ് ചെന്ത്രാപ്പിന്നിയിലും. വിവാഹനിശ്ചയ ഷൂട്ട് അടിപൊളിയാക്കണമെന്ന് കരുതിയ വീട്ടുകാര്‍ക്ക് ആശങ്ക.

എന്നാല്‍, ആശങ്കയെല്ലാം വിഷ്ണുവിന്റെ വിര്‍ച്വല്‍ഷൂട്ട് എന്ന 'ഐഡിയ'യ്ക്കു മുന്നില്‍ പറപറന്നു. വൈകിയില്ല വീഡിയോകോളിലൂടെ വരന് നിര്‍ദേശങ്ങളെത്തി. ഇപ്പുറത്ത് ലൈവായി പ്രതിശ്രുതവധുവും ഒരുങ്ങി. വിഷ്ണുവിന്റെ ക്യാമറ എല്ലാം ഒപ്പിയെടുത്തു. ഷൂട്ട് കെങ്കേമം. ഏങ്ങണ്ടിയൂര്‍ സ്വദേശി ശ്രീജിത്തിന്റെയും ചെന്ത്രാപ്പിന്നി സ്വദേശി രാധികയുടെയും വിവാഹനിശ്ചയമാണ് വിര്‍ച്വല്‍ ഷൂട്ടിങ്ങിലൂടെ അവിസ്മരണീയമാക്കിയത്.

radhika sreejith

വെഡ് ബുക്ക് എന്ന ഫോട്ടോ കമ്പനി നടത്തുന്ന വാടാനപ്പിള്ളിയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ വിഷ്ണു രവീന്ദ്രനാണ് വിര്‍ച്വല്‍ ഫോട്ടോഷൂട്ട് എന്ന പരീക്ഷണവുമായെത്തിയിരിക്കുന്നത്. നേരത്തെ വിവാഹഫോട്ടോഷൂട്ടില്‍ വവ്വാല്‍ ക്ലിക്ക് നടത്തി വിഷ്ണു ശ്രദ്ധേയനായിരുന്നു.

Content Highlights:Virtual Wedding Engagement Sreejith and Radhika