തൃശൂര്‍: ക്രിസ്മസ് ചില്ലായ്തോ പാപ്പ ഡെ ലാന്‍ഡ ലാന്‍ഡ...ബിസിനസ് പുള്ളായ്തോ...കേക്കോ ഒഡ്റീനോ സീനോ', വരികള്‍ കേട്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്നാല്‍, ക്രിസ്മസുമായി ബന്ധമുണ്ടെന്ന് തോന്നുകയും ചെയ്യും. വാട്സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ ക്രിസ്മസ് ഗാനത്തിന് വരികളെഴുതി പാടിയത് ഒരു തൃശ്ശൂരുകാരനാണ്, അയ്യന്തോള്‍ സ്വദേശിയായ സംഗീതസംവിധായകന്‍ പി.കെ. സുനില്‍കുമാര്‍.

ക്രിസ്മസ് അപ്പൂപ്പന്‍ ശാസ്ത്രീയനൃത്തത്തിന്റെ ചുവടുകള്‍ വെച്ച വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 23-ന് യൂ ട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതുവരെ എണ്‍പതിനായിരത്തിനടുത്ത് ആളുകളാണ് കണ്ടത്. പ്രശസ്ത ഗായകനും ഗാനചയിതാവും നടനുമായ അദ്നാന്‍ സമി തന്റെ ഫേസ്ബുക്ക് പേജില്‍ ഈ ഗാനം പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ - 'ഹാവ് യുവര്‍സെല്‍ഫ് എ വെരി മെറി ഇന്ത്യന്‍ ക്രിസ്മസ്'. ഒരു ആനിമേഷന്‍ ഗ്രൂപ്പ് ക്രിസ്മസ് ആശംസകള്‍ നേരുന്നതിനായി തയ്യാറാക്കിയ വീഡിയോ ആണിത്. സുവി വിജയ് ആണ് വീഡിയോ സംവിധാനം ചെയ്തത്. സംഗീതം നിര്‍വഹിച്ച സാമുവല്‍ എബി വഴിയാണ് വരികളെഴുതാനും പാടാനുമുള്ള അവസരം വന്നതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

തിയേറ്റര്‍ ഭാഷയായ ജിബ്രീഷിലാണ് ഗാനങ്ങളെഴുതിയത്. വാക്കുകള്‍ അര്‍ഥമില്ലാതെ ചേര്‍ത്തുവച്ച് സൃഷ്ടിക്കുന്ന ഭാഷയാണ് ജിബ്രീഷ്. നേരം സിനിമയിലെ 'പിസ്താ സുമാക്കീറ' എന്ന പിസ്താഗാനം ഇത്തരത്തിലുള്ളതാണ്. അത്തരം പരീക്ഷണം തന്നെയാണ് ഈ ഗാനത്തിലും പ്രയോഗിച്ചത്.

വൈറലായ 'കിം കിം' ഗാനം ഈ വീഡിയോയില്‍ എഡിറ്റ് ചെയ്ത് കയറ്റിയും പലരും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

''വരികള്‍ ഓര്‍ത്തെടുത്ത് വീണ്ടും പറയാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ തോന്നിയ വാക്കുകള്‍ ചുണ്ടിന്റെ ചലനമനുസരിച്ച് ക്രമീകരിച്ച് എഴുതിപ്പാടിയതാണ്. നാലുദിവസം മുമ്പാണ് വീഡിയോ തയ്യാറാക്കിയത്. പാട്ടിന് വരികളെഴുതാനും പാടാനുമായി പത്തുമിനിറ്റ് മാത്രമേ എടുത്തുള്ളൂ. വീഡിയോ കണ്ടിട്ട് ആളുകള്‍ വിളിക്കുന്നുണ്ട്. കാണുന്നവര്‍ക്കാണ് അദ്ഭുതം''- സുനില്‍കുമാര്‍ പറയുന്നു.

1995-ല്‍ ക്രിയേറ്റീവ് പെര്‍ഫോമന്‍സിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം നേടിയിട്ടുണ്ട് സുനില്‍കുമാര്‍. സ്‌കൂള്‍ കാലംതൊട്ട് തൃശ്ശൂര്‍ ശ്രീകേരളവര്‍മ കോളേജിലെ ഡിഗ്രി കാലം വരെ തുടര്‍ച്ചയായി കലാപ്രതിഭയായിരുന്നു ഇദ്ദേഹം. നാടകാഭിനയം, മിമിക്രി, കഥാപ്രസംഗം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളില്‍ തിളങ്ങി. ബൊളീവിയയിലെ കാട്ടുപോത്തിന്റെ കൊമ്പ്, ഓസ്ടേലിയയില്‍നിന്നുള്ള ഡിജിഡു, അറബിക് സംഗീതോപകരണം തുടങ്ങിയവയെല്ലാം സുനില്‍കുമാറിന് വഴങ്ങും. പി.വി.സി. പൈപ്പ് ഉപയോഗിച്ചും സംഗീതോപകരണം നിര്‍മിച്ചിട്ടുണ്ട്. 'ഓലേഞ്ഞാലിക്കുരുവി' സിനിമാഗാനത്തിനായി തബല വായിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി വിരമിച്ച പി.സി. കണ്ടന്‍കുട്ടിയുടെയും അമ്മിണിയുടെയും മകനാണ്. സഹോദരി സുകന്യ.