കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ എസ്എഫ്‌ഐ നേതൃത്വം. കോളേജിന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദ്യാര്‍ഥി സംഘടനയും തങ്ങളുടെ പാനലിലെ എല്ലാ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ചിട്ടില്ല.

വിക്ടോറിയ കോളേജിലെ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ 80 ശതമാനവും പെണ്‍കുട്ടികളാണ്. എന്നാല്‍, സംവരണമുള്ള രണ്ട് സീറ്റുകളില്‍ മാത്രമാണ് മിക്കവാറും വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നത്. 1976ന് ശേഷം കോളേജ് ചെയര്‍പേഴ്‌സണ്‍ ആയി ഒരു പെണ്‍കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്എഫ്‌ഐ പറയുന്നു.

13  സീറ്റുകളിലും പെണ്‍കുട്ടികളെ നിര്‍ത്താനുള്ള തീരുമാനം എല്ലാ വിധത്തിലുമുള്ള സ്ത്രീമുന്നേറ്റങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നാണ് എസ്എഫ്‌ഐ പറയുന്നത്. ഈ പെണ്‍കുട്ടികള്‍ ജയിക്കേണ്ടത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്നും എസ്എഫ്‌ഐ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

Content Highlights; victoria college, SFI, College Union Election