തൃശ്ശൂര്‍ : രാവിലെ ഏഴരമുതല്‍ ഒമ്പതുവരെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ രംജിത്ത് ഒരു ചാക്ക് നിറയെ ചെരിപ്പ് നിര്‍മാണ വസ്തുക്കളുമായി കടയിലേക്കു പുറപ്പെടും. തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ചെറിയ കടയിലെത്തി, മുമ്പ് നിര്‍മിച്ച ചെരിപ്പുകള്‍ വില്‍പ്പനയ്ക്കായി നിരത്തും. പിന്നീട് പുതിയ ചെരിപ്പിന്റെ നിര്‍മാണവും പഴയവയുടെ അറ്റകുറ്റപ്പണിയും തുടങ്ങും. അവസാന സെമസ്റ്റര്‍ ബി.ബി.എ. പഠനം കോവിഡ് കാലത്ത് വഴിമുട്ടിയപ്പോള്‍ ചെരിപ്പ് നിര്‍മാണത്തിലേക്കും അറ്റകുറ്റപ്പണിയിലേക്കും ഇറങ്ങിയതാണ് 20-കാരനായ സി.എസ്. രംജിത്ത്.
കോവിഡിനു മുമ്പ് ബി.ബി.എ. പഠനകാലത്ത് ഒഴിവുസമയങ്ങളില്‍ അച്ഛന് ഷാജിയെ സഹായിക്കാന്‍ കടയിലെത്തിയുള്ള പരിചയമാണ് ഇപ്പോള്‍ മുഴുവന്‍സമയ ചെരിപ്പ് നിര്‍മാണത്തിലേക്കു കടക്കാന്‍ തുണയായത്. ഏത് ഡിസൈനിലുള്ള ചെരിപ്പ് ആവശ്യപ്പെട്ടാലും രണ്ട് മണിക്കൂറില്‍ തയ്യാറാക്കി നല്‍കും.
ഹാഫ് ഷൂസും ഫുള്‍ സ്ട്രാപ്പ് ചെരിപ്പും കാലുവേദനയുള്ളവര്ക്ക് ഉപയോഗിക്കാവുന്ന ചെരിപ്പും തയ്യാറാക്കുന്നുണ്ട്. വന്‍കിട കമ്പനികളുടെ പുതിയ മോഡലുകളുടെ ചിത്രവമായി എത്തുന്നവര്‍ക്ക് അതുപോലുള്ളവയും നിര്‍മിച്ചുനല്‍കും. പക്ഷേ, ഒരുകാര്യം, അതില്‍ ബ്രാന്‍ഡ് നാമമായി രാകോ എന്ന് വെക്കും. മുത്തച്ഛന് രാമന് തുടങ്ങിയതാണ് ഈ ചെരിപ്പുകട. അതിന്റെ സ്മരണയ്ക്കാണിത്.
പത്താംക്ലാസില്‍ 82 ശതമാനം മാര്‍ക്കുണ്ടായിരുന്നു രംജിത്തിന്. പ്ലസ്ടുവിന് 70 ശതമാനത്തില്‍ കൂടുതലും. ബി.ബി.എ. ആദ്യ സെമസ്റ്ററുകള്‍ക്കും നല്ല മാര്‍ക്കുണ്ട്. ഷീനയാണ് അമ്മ.