കൊച്ചി : ''പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് വാക്‌സിന്‍ എത്തിയിരിക്കുന്നു...'' -ഫോണിലൂടെ മലയാളിക്കൊപ്പമുള്ള ആ ശബ്ദം ഇത്തവണ പ്രതീക്ഷയുടെ ശബ്ദമായി മാറി.

ബി.എസ്.എന്‍.എലിന്റെ പുതിയ കോളര്‍ ട്യൂണിന് പിന്നില്‍ കൊച്ചി സ്വദേശിനി ശ്രീപ്രിയയാണ്. ബി. എസ്.എന്‍.എല്‍. ഉദ്യോഗസ്ഥയാണ് ശ്രീപ്രിയ.

കേരളത്തിന് പുറത്തേക്കും ശ്രീപ്രിയയുടെ  ശബ്ദം സഞ്ചരിക്കാനൊരുങ്ങുകയാണ്. ബി.എസ്.എന്‍.എലിന്റെ ഇംഗ്ലീഷ് കസ്റ്റമര്‍ കെയര്‍ സേവനങ്ങളും ഫോള്‍ട്ട് ബുക്കിങ് നിര്‍ദേശങ്ങളും വൈകാതെ ഇന്ത്യ മുഴുവന്‍ കേള്‍ക്കും.

1500, 198 എന്നീ നമ്പറിലേക്ക് വിളിച്ചാല്‍ ഇന്ത്യയിലെവിടെയും ശ്രീപ്രിയയുടെ ശബ്ദം കേള്‍ക്കാം. അതിനുള്ള റെക്കോഡിങ് എല്ലാം പൂര്‍ത്തിയായി.

കടവന്ത്ര ബി.എസ്.എന്‍.എല്‍. ഓഫീസിലെ ജൂനിയര്‍ അക്കൗണ്ടന്റാണ് വി. ശ്രീപ്രിയ.ശ്രീപ്രിയയുടെ ശബ്ദം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ബി.എസ്.എന്‍.എല്‍. ആകുന്നതിനുമുമ്പ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലിക്കമ്യൂണിക്കേഷനായിരുന്ന സമയത്താണ് ആദ്യമായി ആ ശബ്ദം കേള്‍ക്കുന്നത്.

ടെലിഗ്രാം ബുക്ക് ചെയ്യുന്നതിനുള്ള ഫോണോഗ്രാമിന് വേണ്ടിയായിരുന്നു അത്. 'ഫോണോഗ്രാം സേവനത്തിലേക്കു സ്വാഗതം' എന്നായിരുന്നു ആദ്യ ശബ്ദസന്ദേശം.

പിന്നീട് ബി.എസ്.എന്‍.എല്‍. ആയി മാറിയതോടെ റേഡിയോ പരസ്യത്തിനും ശ്രീപ്രിയയുടെ ശബ്ദം മതിയെന്ന് ബി.എസ്.എന്‍.എല്‍. തീരുമാനിച്ചു. ബി.എസ്.എന്‍.എലിന്റെ കേരളത്തിലെ എല്ലാ അറിയിപ്പുകളും ഇപ്പോള്‍ ശ്രീപ്രിയയുടേതാണ്.

''മുമ്പൊന്നും ആരും തിരിച്ചറിഞ്ഞിരുന്നില്ല. പൊതുപരിപാടികള്‍ക്ക് അവതാരകയായി പോകുമ്പോള്‍ മൈക്കിലൂടെ ശബ്ദം കേട്ടു ചിലര്‍ വന്ന് സംശയം ചോദിക്കും, 'ഫോണിലൂടെ കേള്‍ക്കുന്നത് നിങ്ങളുടെ ശബ്ദമാണോ' എന്ന്.

കോവിഡ് മുന്നറിയിപ്പിന്റെ സമയത്ത് പത്രത്തിലൊക്കെ വാര്‍ത്ത വന്നതോടെ എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി. നേരിട്ട് സംസാരിക്കുമ്പോള്‍ ഫോണിലൂടെ കേള്‍ക്കുന്ന ശബ്ദവുമായി ബന്ധമില്ലെന്ന് ചിലര്‍ പറയാറുണ്ട്. ശബ്ദമൊക്കെ ക്രമീകരിച്ചു പറയുന്നത് കൊണ്ടാവാം''.

''പലയാവര്‍ത്തി, പല ശബ്ദവിന്യാസത്തില്‍ പറഞ്ഞു പഠിച്ച്, അതില്‍ നിന്നും മികച്ചതെന്ന് തോന്നുന്നവയാണ് കോളര്‍ ട്യൂണായും കസ്റ്റമര്‍ കെയര്‍ സര്‍വീസിനെല്ലാമായും എടുക്കാറുള്ളത്.

റെക്കോഡ് ചെയ്ത്, ബി.എസ്.എന്‍.എലിലെ മേധാവികള്‍ക്കു അയച്ചുകൊടുക്കും. അവരാണ് മികച്ചത് തിരഞ്ഞെടുക്കുക'' -ശ്രീപ്രിയ പറഞ്ഞു.

ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സി.വി. വിനോദ്, മൊബൈല്‍ വിഭാഗം ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് പുതിയ കോവിഡ് വാക്സിന്‍ സന്ദേശം രൂപപ്പെടുത്തിയത്.

രാജ്യത്തു കേരളസര്‍ക്കിളാണ് ആദ്യമായി കോവിഡ് വാക്സിന്‍ സന്ദേശം കോളര്‍ട്യൂണ്‍ ആക്കിയത്.

മുമ്പത്തെപ്പോലെ കോളര്‍ട്യൂണ്‍ മുഴുവനും ഉപഭോക്താവിനു കേള്‍ക്കേണ്ടിവരില്ല. മറുതലയ്ക്കല്‍ കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ കോളര്‍ട്യൂണ്‍ കട്ടാകും.