കല്‍പറ്റ: അതുവരെ ജീവിതത്തില്‍ കുതിച്ചുപാഞ്ഞ ചെറുപ്പക്കാരന് വിധിയുടെ സഡന്‍ബ്രേക്ക്. അതാണ് കല്‍പറ്റ പുളിയാര്‍മല സ്വദേശി സ്വരൂപ് ജനാര്‍ദനന്‍ എന്ന 29-കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. നാലുമാസം മുമ്പുണ്ടായ ഒരപകടമാണ് സ്വരൂപിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്.
പക്ഷേ, തന്റെ പേരായ്മകളെ നൃത്തംകൊണ്ട് പൊരുതിത്തോല്‍പ്പിക്കുകയാണ് ഈ യുവാവിപ്പോള്‍. അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട സ്വരൂപ് നൃത്തച്ചുവടുകളിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഒരു കാല്‍ നഷ്ടപ്പെട്ടെങ്കിലും സ്വരൂപിന്റെ നൃത്തത്തിന്റെ ഒരുചുവടുപോലും പിഴച്ചിട്ടില്ല. മോഡലിങ്, സിനിമ എന്നീ മോഹങ്ങളും ഒപ്പമുണ്ട്.
'' ഒന്നില്‍നിന്ന് കിട്ടാത്ത ലഹരി ഓരോരുത്തര്‍ക്കും അവരവരുടെ പാഷനില്‍നിന്ന് കിട്ടും, പാഷനാണ് എന്നെ ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്''- സ്വരൂപ് പറയുന്നു.
ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കാന്‍ സ്വരൂപിന് ഇനിയൊരു കൃത്രിമക്കാല്‍ വേണം. അതിന് 24 ലക്ഷം രൂപ വേണം ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവിപ്പോള്‍. കമ്പളക്കാട് കുടുംബശ്രീ ബസാറിലെ മാനേജരായിരുന്ന സ്വരൂപ് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴി ഫെബ്രുവരി എട്ടിനാണ് അപകടത്തില്‍പ്പെട്ടത്. സ്വരൂപ് ഓടിച്ചിരുന്ന ബൈക്കിനെ എതിരെനിന്നുവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് കത്തിനശിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്വരൂപ് അഞ്ചു ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. അവിടെ ലക്ഷങ്ങള്‍ ചെലവായെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് പോയി. അവിടെനിന്നാണ് തന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന സത്യം സ്വരൂപ് തിരിച്ചറിഞ്ഞത്. ഡോക്ടറുടെ വാക്കുകള്‍ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ചികിത്സയ്ക്കുശേഷം നാട്ടിലെത്തിയ സ്വരൂപിന് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പഴയപോലെ നൃത്തം ചെയ്യാനും മറ്റും പ്രചോദനം നല്‍കി. ഇതോടെ പഴയ റിഥം വെയ്ന്‍ ഡാന്‍സ് ക്‌ളബ്ബ് പുനരുജ്ജീവിപ്പിച്ചു. കൂട്ടുകാരുമൊത്ത് ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്ന സ്വരൂപിന്റെ യൂട്യൂബ് വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.