പഴയങ്ങാടി: കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തില്‍ വ്യത്യസ്ത പാതയിലാണ് 12-കാരിയായ സ്വാലിഹ. പൊതു ഇടങ്ങളില്‍ മാലിന്യംതള്ളുന്നതിനെതിരേ പയ്യന്നൂര്‍ പുഞ്ചക്കാട് പുന്നക്കടവ് പാലം മുതല്‍ മുട്ടം പാലക്കോട് പാലം വരെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുഴയിലൂടെ ഞായറാഴ്ച അതിസാഹസികമായി ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്.

പുഴകളിലും കായലുകളിലും തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന മുദ്രാവാക്യവുമായാണ് സ്വാലിഹ ദൗത്യം നിറവേറ്റിയത്. വാദിഹൂദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സ്വാലിഹ ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ പൊതുഇടങ്ങളിലും വിദ്യാലയത്തിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യാഗസ്ഥനായ പുതിയങ്ങാടിയിലെ ഏണ്ടിയില്‍ റഫീഖിന്റെയും കെ.വി.ജാസ്മിന്റയും മക്കളില്‍ മൂത്തവളാണ് ഈ സാഹസപ്രിയ.

കണ്ണൂര്‍ സര്‍വകലാശാലാ കായികവിഭാഗത്തില്‍ നീന്തല്‍ പരിശീലനം നല്‍കുന്ന അനില്‍ ഫ്രാന്‍സിനോട് ദീര്‍ഘദൂര നീന്തല്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 'നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള നീന്തലല്ലേ' എന്ന് പറഞ്ഞ് എല്ലാ സംരക്ഷണച്ചുമതലയും ഏര്‍പ്പാടാക്കി.

ശാരീരിക പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് തോല്‍പിച്ച കയാക്കിങ് താരമായ പിതാവ് ഏണ്ടിയില്‍ റഫീഖാണ് സ്വാലിഹക്ക് പ്രചോദനം. ഞായറാഴ്ച നടത്തിയ സാഹസിക നീന്തലില്‍ കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളായ ഫെബിന്‍, നിയാസ്, രാഹുല്‍, ബിബിന്‍, ടിബിന്‍, സഹലു, അമല്‍, സ്‌നേഹ എന്നിവരും സ്വാലിഹയെ പിന്തുടര്‍ന്നു.

നഗരസഭാ കൗണ്‍സിലര്‍ പ്രദീപന്‍ ഉദ്ഘാടനംചെയ്തു. രാവിലെ എട്ടര മണിക്ക് തുടങ്ങിയ നീന്തല്‍ 10 കിലോമീറ്റര്‍ പിന്നിട്ട് മുട്ടത്ത് 12.30-ഓടെയാണ് എത്തിയത്.

Content Highlights: Swaliha, 12 year old girl swam for awareness against waste dumping river