കാളികാവ്: സ്റ്റുഡന്റ്സ് പോലീസ് സമ്പ്രദായത്തിലൂടെ സംസ്ഥാനത്ത് രണ്ട് ആദിവാസിയുവാക്കള്‍ പോലീസിലേക്ക്. നിലമ്പൂര്‍ മേഖലയില്‍നിന്നുള്ള രണ്ടുപേരാണ് പോലീസിന്റെ ഭാഗമാകുന്നത്. എടക്കര കല്‍ക്കുളം കോളനിയിലെ ഉമേഷ്, വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സിന്ധു എന്നിവരാണ് ശരിക്കും പോലീസാകുന്നത്.
ആദിവാസികള്‍ക്കായി പ്രത്യേകനിയമനത്തിന് തയ്യാറാക്കിയ റാങ്കുപട്ടികയില്‍ രണ്ടുപേരും ഇടംപിടിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട്, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളില്‍നിന്നുള്ള 15 ആദിവാസികള്‍ക്കാണ് പ്രത്യേകനിയമനം നല്‍കുന്നത്.
സംസ്ഥാനത്ത് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിലൂടെ പോലീസിലെത്തുന്ന ആദ്യത്തെ രണ്ടുപേരാണ് ഉമേഷും സിന്ധുവുമെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം സ്ഥിരീകരിച്ചു. ഇവരെ കോളനികളില്‍നിന്ന് സ്കൂളിലെത്തിക്കാന്തന്നെ അധികൃതര്‍ പ്രയാസപ്പെട്ടിരുന്നു. നാണംകൊണ്ട് കമാന്‍ഡന്റിന്റെ മുഖത്തുനോക്കാന്‍പോലും പ്രയാസപ്പെട്ട കേഡറ്റാണ് സിന്ധു. 'സാര്‍ നോട്തില് നാണം വരുത്' മുഖത്ത് നോക്കാന്‍ പറയുമ്പോള്‍ സിന്ധു നല്കിയ മറുപടിയായിരുന്നു.
എന്നാല്‍ എസ്.പി.സി യിലൂടെ മനക്കരുത്ത് നേടി ഉമേഷും, സിന്ധുവും കോളനികളുടെതന്നെ അഭിമാനമായി മാറി. നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്കൂളിലാണ് രണ്ടുപേരും പഠിച്ചത്. ഉമേഷ് 2016-ല്‍ സ്റ്റുഡന്റ്സ് പോലീസിന്റെ മികച്ച പ്ലറ്റൂണ്‍ കമാന്‍ഡന്റ് പുരസ്കാരവും നേടിയിട്ടുണ്ട്. പരിശീലകനായ പൂക്കോട്ടുംപാടം സ്റ്റേഷനിലെ എ.എസ്.ഐ. മോഹന്‍ദാസ്, സ്കൂള്‍ നോഡല്‍ ഓഫീസര്‍ ഹാരിസ് ബാബു എന്നിവര്‍ ഇവരുടെ തുടര്‍പഠനത്തിലും ശ്രദ്ധിച്ചു. രണ്ട് കുട്ടികളെ ഔദ്യോഗിക പദവിയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ എ.എസ്.ഐ. മോഹന്‍ദാസിനും അധ്യാപകനായ ഹാരിസ് ബാബുവിനും നിര്‍ണായക പങ്കുണ്ട്.
എസ്.പി.സി. സംസ്ഥാന അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കൂടിയായിരുന്ന ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരീം, അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി. മോഹനചന്ദ്രന് എന്നിവര്‍ ആദിവാസിക്കുട്ടികള്‍ മാത്രം പഠിക്കുന്ന ഐ.ജി.എം.എം.ആര്. സ്കൂളിന് നല്കിയ പ്രത്യേകപരിഗണനയും ഉമേഷിന്റെയും സിന്ധുവിന്റെയും നേട്ടത്തിന് തുണയായി.
സ്റ്റുഡന്‍സ് പോലീസിലൂടെ ആദ്യമായി രണ്ട് പേര് പോലീസിലെത്തുന്നു