വടകര: ചമയങ്ങള്‍ അഴിച്ചുവെച്ചു, ഹൃദയത്തില്‍ കുടിയിരുത്തിയ കഥാപാത്രങ്ങളെ തത്കാലം പുറത്തിരുത്തി. ജീവിതത്തിന്റെ അരങ്ങില്‍ വേഷങ്ങള്‍ രണ്ടാണ് ഷിനില്‍ വടകരയ്ക്ക്. പിക്കപ്പ് വാന്‍ ഡ്രൈവറുടെയും മീന്‍വില്‍പ്പനക്കാരന്റെയും.
2018-ല്‍ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരംനേടിയ വടകര കുരിക്കിലാട് കളിപ്പുപയില്‍ ഷിനില്‍ കോവിഡ് മാറ്റിമറിച്ച കലാലോകത്തിന്റെ ഒരു പ്രതിനിധിമാത്രമാണ്. അരങ്ങിന് പൂട്ടുവീണപ്പോള്‍ ജീവിക്കാന്‍ വഴിതേടിയാണ് ഷിനില്‍ പിക്കപ്പ് വാനില്‍ മീന്‍വില്‍പ്പനക്കാരനായത്.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ അഭിനേതാവാണ് ഷിനില്‍. ഇവരുടെ 'കരുണ' ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കോഴിക്കോട് നാടകനിലയത്തിന്റെ മാര്‍ജ്ജാരന്‍, പെരുമലയന്‍ എന്നീ നാടകങ്ങള്‍ സംവിധാനംചെയ്തു. അങ്ങനെ നാടകത്തെ ഉലകമാക്കി ജീവിക്കുന്നതിനിടെയാണ് കോവിഡ് വില്ലനായത്. നാടകമേഖല പൂര്‍ണമായും സ്തംഭിച്ചതോടെ കുറെക്കാലമായി വരുമാനം നിലച്ചു. വേദികളുണരാന്‍ ഇനിയും താമസിക്കുമെന്നറിഞ്ഞതോടെ അതിജീവിക്കാന്‍ വഴിതേടിയിറങ്ങി. അങ്ങനെയാണ് ഒരു പിക്കപ്പ്വാന്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഭാര്യയുടെ സ്വര്‍ണം വിറ്റും പണയംവെച്ചും രണ്ടുലക്ഷംരൂപ സ്വരൂപിച്ചു. ആറുലക്ഷത്തോളം രൂപ ബാങ്ക്വായ്പയെടുത്ത് വാനെടുത്തു. ആദ്യദിവസം വീടിനുസമീപംതന്നെ വണ്ടിവെച്ചു. പരിചയക്കാര്‍ ചില ആവശ്യങ്ങള്‍ക്കൊക്കെ വിളിച്ചു.
ഞായറാഴ്ചയാണ് ചോമ്പാല ഹാര്‍ബറില്‍നിന്ന് മത്സ്യം കൊണ്ടുവന്ന് നാട്ടിലും പരിസരങ്ങളിലും വിറ്റത്. ആദ്യദിവസം മോശമായില്ല. 12 മണിയോടെ മീന്‍ തീര്‍ന്നു. ഇതോടെ മീന്‍വില്‍പ്പന തുടരാനാണ് പദ്ധതി. സുഹൃത്ത് പ്രവീണും ഒപ്പമുണ്ട്. ''കുറെ കാത്തിരുന്നു... ഇനി കുറെക്കാലം ഇതുതന്നെയായിരിക്കും സ്ഥിതി. പക്ഷേ, ഇനിയും കാത്തിരുന്നാല്‍ ജീവിതം കഷ്ടപ്പാടാകും...'' -ഷിനില്‍ പറഞ്ഞു. ഭാര്യയും ഒരു മകനും അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമുണ്ട് ഷിനിലിന്.
മേമുണ്ട എച്ച്.എസ്.എസില്‍ പഠിക്കുമ്പോഴാണ് നാടകമേഖലയില്‍ വന്നത്. സഫ്ദര്‍ ഹാശ്മി നാട്യസംഘത്തില്‍ പ്രവര്‍ത്തിക്കവേ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ് പൂര്‍ത്തിയാക്കി എം.ഫില്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടെ തിരുവനന്തപുരം നിരീക്ഷ നാടകവേദിയിലെത്തി. പിന്നാലെ കാളിദാസ കലാകേന്ദ്രത്തിലും.
'കരുണ' എന്ന നാടകത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമാണ് ഷിനിലിനെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനാക്കിയത്. വെഞ്ഞാറമൂട് രാമചന്ദ്രന്‍ പുരസ്‌കാരവും തിരൂര്‍ ഫാസ് പുരസ്‌കാരവും കിട്ടി. കുട്ടികളുടെ നാടകവേദിയില്‍ വര്‍ഷങ്ങളായി സജീവമാണ്. കേരളത്തിലും പുറത്തും കുട്ടികള്‍ക്കായി നാടകശില്പശാല നടത്താറുണ്ട്. നൂറോളം അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു.
വരുമാനം നിലച്ച് രണ്ടായിരത്തോളം കലാകാരന്‍മാര്‍
നാടകാവതരണം നിലച്ചതോടെ സംസ്ഥാനത്തുടനീളം തൊഴില്‍ നഷ്ടമായത് രണ്ടായിരത്തോളം നാടകകലാകാരന്‍മാര്‍ക്ക്. സജീവമായ നൂറോളം പ്രൊഫഷണല്‍ നാടകട്രൂപ്പുകള്‍ കേരളത്തിലുണ്ട്. ഇവയുടെ സീസണിന്റെ പാരമ്യത്തിലാണ് ലോക്ഡൗണ്‍ വന്നത്. ഇതോടെ ചുരുങ്ങിയത് 5000 വേദികളെങ്കിലും നഷ്ടമായിട്ടുണ്ട്. ആരും പുതിയ നാടകങ്ങളൊന്നും ഒരുക്കുന്നില്ല.