'ലോകമാകെ മാറി കേട്ടോ,
നിങ്ങളൊക്കെ മാറ് കേട്ടോ,
മുടിയിലല്ല മനസ്സിലാണ്, 
കാര്യമെന്ന് ഓര്‍ക്ക് കേട്ടോ.. 
സോഷ്യല്‍ മീഡിയ ഏറ്റുപിടിക്കുകയാണ് മുടി റാപ്പിലെ വരികള്‍. ചെറിയ മുടിയുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കോട്ടയംകാരിയായ ശില്‍പ സൂസന്‍ ജേക്കബ് ആണ് ഈ ഹിറ്റായ മുടി റാപ്പ് തയ്യാറാക്കിയിരിക്കുന്നത്. 

നാല് വര്‍ഷം മുന്‍പ് വരെ നീണ്ട മുടി ഉണ്ടായിരുന്ന താന്‍ മുടി മുറിച്ചപ്പോള്‍ ആള്‍ക്കാരുടെ ഭാഗത്ത് നിന്നും നേരിട്ട അഭിപ്രായങ്ങളെക്കുറിച്ചും പഴികളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ശില്‍പയുടെ റാപ്പ്.  വെട്ടിയ മുടിയെ നോക്കി വ്യക്തിത്വത്തെ അളക്കാന്‍ വരുന്നവര്‍ക്കുള്ള മറുപടി ആണ് തുടക്കം മുതല്‍ ഒടുക്കം വരെ റാപ്പിലുള്ളത്. മുടി കണ്ട് സ്വഭാവത്തിന് വില ഇടാന്‍ വരുന്നവരോട് മുടിയിലല്ല, മനസ്സിലാണ് കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള മുടി റാപ്പ് വീഡിയോ അവസാനിക്കുന്നത്. 

മുടി വെട്ടി നടക്കുന്ന പെണ്‍കുട്ടികളോട് സമൂഹത്തിലെ പലര്‍ക്കും ഉള്ള മനോഭാവത്തെ കാണിക്കാനാണ് താന്‍ ഈ റാപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുടി നോക്കിയല്ല, പ്രവര്‍ത്തികളെ നോക്കിയാണ് ഒരാളെ പരിഗണിക്കേണ്ടത് എന്നുമാണ് തന്റെ വീഡിയോയെക്കുറിച്ച് ശില്‍പയ്ക്ക് പറയാനുള്ളത്.

Content Highlights: Shilpa Susan Jacob Mudi Rap Song Viral Video