പന്തളം: ഉയരംകൂടിയ കൊടുമുടികള്‍ കീഴടക്കുകയെന്ന ലക്ഷ്യവുമായി മലയാളിയായ ഷെയ്ഖ് ഹസന്‍ ഖാന്‍ ആദ്യം നടന്നുകയറിയത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയായിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോ. 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ, ഷെയ്ഖ് കീഴടക്കിയത് ഫെബ്രുവരി പതിനൊന്നിനാണ്.

ഡല്‍ഹി കേരള ഹൗസിലെ അസിസ്റ്റന്റ് ലെയ്സണ്‍ ഓഫീസറായി ജോലിനോക്കുന്ന ഷെയ്ഖിന് ചെറുപ്പംകാലം മുതലുള്ള ആഗ്രഹമാണ് മലമടക്കുകള്‍ കയറി നെറുകയിലെത്തുക എന്നത്. ഡല്‍ഹിയിലെത്തിയശേഷം ആദ്യ ഉദ്യമം ഇതിനായുള്ള പരിശീലനം നേടുക എന്നതായിരുന്നു. 

പതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരകാശിയിലെ നെഹ്രു പര്‍വ്വതാരോഹണ പരിശീലനകേന്ദ്രത്തില്‍ ഒരുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയതോടെ പര്‍വ്വതങ്ങള്‍ കീഴടക്കാനുള്ള ധൈര്യവും സമ്പാദിച്ചു. ഇന്ത്യന്‍ മൗണ്ടനീയറിങ് ഫൗണ്ടേഷന്‍ അംഗവുമാണ് ഷെയ്ഖ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിനു മുമ്പായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികള്‍ കീഴടക്കി അതിനുമുകളില്‍ ഇന്ത്യയുടെ ദേശീയപതാക പാറിക്കാനുള്ള ശ്രമത്തിലാണ് ഈ 33-കാരന്‍. ഇതിനുള്ള സാമ്പത്തികം കണ്ടെത്തുകയെന്നതാണ് പ്രധാന കടമ്പയെന്ന് ഷെയ്ഖ് പറയുന്നു. 

sheikh hasan
കിളിമഞ്ചാരോ കീഴടക്കിയ കേരള ഹൗസ് അസി. ലെയ്‌സണ്‍ ഓഫീസര്‍ ഷെയ്ഖ് ഹസന്‍ ഖാനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമോദിക്കുന്നു

സെക്രട്ടേറിയേറ്റിലെ ഫിനാന്‍സ് വിഭാഗത്തില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റായി ജോലിനോക്കിയിരുന്ന ഷെയ്ഖ് ഡെപ്യൂട്ടേഷനിലാണ് കേരള ഹൗസില്‍ ജോലിനോക്കുന്നത്. കിളിമഞ്ചാരോ കീഴടക്കിയ ഷെയ്ഖിനെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമോദിച്ചു. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ് ഷെയ്ഖ്. ഖദീജാ റാണിയാണ് ഭാര്യ. ഏക മകള്‍ ജഹനാര മറിയം.