കോട്ടയ്ക്കല്‍: വള്ളിച്ചീരയും തിരഞ്ഞ് സന്തോഷ് നടക്കുന്നത് കറിവെക്കാനൊന്നുമല്ല. അതിന്റെ കായ്കള്‍ കിട്ടിയാല്‍ ഇടിച്ചുപിഴിഞ്ഞ് ചാറാക്കി ചിത്രംവരയ്ക്കാം, അതാണുകാര്യം. ആഴ്ചകള്‍ക്കുമുമ്പ് വള്ളിച്ചീരയുടെ കായ്കള്‍കൊണ്ട് വരച്ച ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.

ജലച്ചായ ചിത്രരചനയില്‍ പ്രശസ്തനായ മാഹിയിലെ സദു അലിയൂരിനെ ബീറ്റ്‌റൂട്ടിന്റെ ചാറുകൊണ്ട് സന്തോഷ് വരച്ചിരുന്നു. പയ്യന്നൂരിലെ പ്രകാശന്‍ പുത്തൂര്‍ എന്ന ചിത്രകാരനെ തേക്കിന്റെ തളിര് അരച്ചുണ്ടാക്കിയ ചാറിലും! ഈ ജൈവചിത്രങ്ങളെല്ലാം ഫെയ്‌സ്ബുക്കില്‍ ഇഷ്ടങ്ങള്‍ വാരിക്കൂട്ടി.

തുളസിയില, കാപ്പിപ്പൊടി, കരി... അങ്ങനെ 'ഓര്‍ഗാനിക് ആര്‍ട്ടി'ന് സാധനങ്ങള്‍ക്ക് പഞ്ഞമില്ല. ഒരുപാട് വ്യത്യസ്തമായ ചെടികളും കായ്കളമുമുള്ള നമ്മുടെ നാട്ടില്‍ ജൈവചിത്രരചനയ്ക്ക് വരാന്‍പോകുന്നത് വലിയ സാധ്യതയാണ്. സന്തോഷ് ഒഴൂര്‍ ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.

വരയ്ക്കകത്തെ ചെറിയ ചെറിയ വിശദാംശങ്ങളില്‍പ്പോലും വലിയ ശ്രദ്ധ പുലര്‍ത്തുന്ന സന്തോഷ് ചിത്രരചന സ്വയം പഠിച്ചെടുത്തതാണ്. സ്‌കൂള്‍ പഠനകാലത്തുതന്നെ വരയിലും ശില്‍പകലയിലും താത്പര്യമുണ്ടായിരുന്നു. അത് സ്വയം തേച്ചുമിനുക്കി വളര്‍ത്തി. ജലച്ചായം, എണ്ണച്ചായം, അക്രിലിക്...അങ്ങനെ വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് വരയ്ക്കാറുണ്ട്.

സ്വന്തമായും മറ്റുള്ളവര്‍ക്കൊപ്പവും ചിത്രകലാപ്രദര്‍ശനങ്ങള്‍ നടത്തി. വൈക്കത്ത് കാട്ടിക്കുന്നിലുള്ള സര്‍ക്കാര്‍ മത്സ്യഫാമില്‍ സന്തോഷ് രൂപകല്പനചെയ്ത മത്സ്യകന്യകയുടെ ശില്പം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

താനൂരിലെ പുത്തന്‍തെരുവില്‍ ഫോട്ടോഫ്രെയിം കട നടത്തുകയാണ് സന്തോഷ്. ഭാര്യ: സരസ്വതി. അഞ്ചാംതരത്തില്‍ പഠിക്കുന്ന സ്വാതി, ഒരുവയസ്സുള്ള ശ്രുതി എന്നിവരാണ് മക്കള്‍. വൈകാതെ ഓര്‍ഗാനിക് ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് ഒഴൂര്‍. 

Content Highlights: Santhosh Ozhoor Organic Art