പാലക്കാട്: കഞ്ചാവും ലഹരിനല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കടത്തിയ കേസുകളില്‍ ഒമ്പതു മാസത്തിനിടെ പാലക്കാട്ട് പിടിയിലായത് 63 വിദ്യാര്‍ഥികള്‍. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

19-നും 25-നുമിടെ പ്രായമുള്ളവരാണിവര്‍. ആദ്യമായി പിടിക്കപ്പെടുന്ന ഇവരില്‍ പലരും ജയിലില്‍ക്കഴിയുന്ന ചുരുങ്ങിയ കാലത്തിനിടെ പതിവ് കുറ്റവാളികളുമായി ചങ്ങാത്തത്തിലായി അവര്‍ക്കൊപ്പം കൂടുകയാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലക്കാരാണ് പിടിയിലായവരിലേറെയും. പിടിക്കപ്പെടാതെ രക്ഷപ്പെടുന്നുമുണ്ട്. ഇവര്‍ വീണ്ടും കടത്തിനെത്തും.

പിടിക്കപ്പെട്ടത് കഞ്ചാവുതന്നെയെന്ന് ഉറപ്പാക്കാന്‍ എറണാകുളത്തെ മേഖലാ പരിശോധനാ കേന്ദ്രത്തില്‍ പരിശോധനയ്ക്കയക്കും. ഇവിടെനിന്നുള്ള രാസപരിശോധനാ റിപ്പോര്‍ട്ട് സഹിതമാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. ഇത് വൈകുന്നത് പതിവാണ്. ഇതുമൂലം അറുപത് ദിവസത്തിനുശേഷം പലരും സ്വാഭാവികമായി ജാമ്യംനേടി പുറത്തുപോവും.

വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവര്‍, പ്ലസ്ടുവിന് ശേഷം പഠനം തുടരാനാവാത്തവര്‍ തുടങ്ങിയവരാണ് കൂടുതലായി ഇതിലുള്‍പ്പെടുന്നതെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എം.എസ്. വിജയന്‍ പറയുന്നു. ഇത്തരക്കാരില്‍ നല്ലൊരുപങ്കിന്റെയും കുടുംബബന്ധങ്ങളില്‍ താളപ്പിഴകളുള്ളതായും അറിവായിട്ടുണ്ട്.

പുറത്തുപോവുന്നതിനിടെ ഇവര്‍ മറ്റ് കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ചിരിക്കും. ഇത്തരത്തില്‍ ഒഡിഷയില്‍ നിന്നുള്ള കഞ്ചാവുകടത്തുകാരനുമായി ബന്ധപ്പെട്ട പത്തിലേറെപ്പേര്‍ ഇപ്പോള്‍ ഒഡിഷയില്‍ ഇതേ രംഗത്തുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ലാഭം

ഒരു യാത്രകൊണ്ട് പതിനായിരം രൂപയും അതിലേറെയും ലഭിക്കുമെന്നതാണ് ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കഞ്ചാവ് കടത്തല്‍ അപകടം പിടിച്ച പണിയാണെങ്കിലും ലഹരിഗുളികകളുടെ കടത്ത് അത്ര അപകടകരമല്ല എന്നരീതിയിലാണ് ഈ രംഗത്തേക്ക് കുട്ടികളെത്തുന്നത്.

ഒരുമാസത്തിനിടെ പാലക്കാട്ടുനിന്ന് പിടികൂടിയത് ആയിരത്തോളം നൈട്രോസെപാം ഗുളികകളാണ്. ഇവിടെ ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ലഭിക്കാന്‍ മനോരോഗ ചികിത്സകരുടെ കുറിപ്പടിവേണം. കേരളത്തിന് പുറത്ത് കുറിപ്പടികളൊന്നുമില്ലാതെ ലഭിക്കും.

36 രൂപ വിലവരുന്ന ഗുളിക പത്തുഗുളികകളുള്ള സ്ട്രിപ്പായാണ് ലഭിക്കുക. കേരളത്തിലെത്തിച്ചാല്‍ ഇതിന് അഞ്ഞൂറുരൂപ ലഭിക്കും. ചിറ്റൂര്‍ മേഖലയിലും മറ്റും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് സമീപം ഇവയുടെ വില്‍പ്പന വ്യാപകമാണ്. പാലക്കാട് നഗരത്തിലെ കോളേജുകള്‍ക്ക് പരിസരത്തും ഇതിന്റെ വില്‍പ്പന നടക്കുന്നുണ്ട്.