സുല്‍ത്താന്‍ബത്തേരി: ലോക്ഡൗണ്‍ കാലത്ത് വീട്ടിലൊതുങ്ങിയ കലാകൗമാരത്തിന് ഊര്‍ജംപകര്‍ന്ന് ഓണ്‍ലൈന്‍ കലോത്സവത്തിന് കൊടിയേറി. എസ്.എഫ്.ഐ. സുല്‍ത്താന്‍ബത്തേരി ഏരിയാ കമ്മിറ്റിയാണ് കലകളുടെ ഓണ്‍ലൈന്‍ മാമാങ്കത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. ഒത്തുകൂടലിന്റെ ഹരമില്ലെങ്കിലും കൃത്യതയോടെയുള്ള നടത്തിപ്പും വിധിനിര്‍ണയവുമെല്ലാമായി കലോത്സവം പുരോഗമിക്കുകയാണ്.

കൊറോണബാധയേറ്റ് കലോത്സവവേദികള്‍ക്ക് തിരശീല വീണപ്പോഴാണ് ഓണ്‍ലൈന്‍ കലോത്സവമെന്ന ആശയം മുന്നോട്ടുെവച്ചത്. സംസ്ഥാന കമ്മിറ്റി ഓരോ ഏരിയാക്കമ്മിറ്റിയോടും പരിപാടികള്‍ ഏറ്റെടുത്തുനടത്താന്‍ നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസുകള്‍, മത്സരങ്ങള്‍, ഫിലിംഗ്രൂപ്പ് എന്നിവ നടക്കുന്നുണ്ട്. സ്റ്റേജിനങ്ങളും ഇതരയിനങ്ങളുമടക്കം ഇരുപതിലധികം മത്സരയിനങ്ങളാണുള്ളത്. വിധിനിര്‍ണയവും ഓണ്‍ലൈനിലാണ്. ആസ്വാദകര്‍ക്ക് ഓണ്‍ലൈനില്‍ കലോത്സവം കാണാം. സംഘാടകരും മത്സരാര്‍ഥികളും വിധികര്‍ത്താക്കളും പരസ്പരം കാണാതെ വീടുകളില്‍ ഇരുന്നാണ് പങ്കെടുക്കുന്നത്. കേള്‍ക്കുമ്പോള്‍ അസംഭവ്യമെന്ന് തോന്നുന്നവര്‍ക്ക് എസ്.എഫ്.ഐ. ബത്തേരി ഏരിയാ കമ്മിറ്റിയുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളില്‍ കയറാം. മത്സരങ്ങള്‍ ആസ്വദിക്കാം.

രജിസ്ട്രേഷന്‍മുതല്‍ കൃത്യമായ തയ്യാറെടുപ്പുകളുണ്ട്. ഓരോ മത്സരത്തിനും പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി കലാകാരന്മാര്‍ക്ക് പങ്കെടുക്കാന്‍ തത്സമയ അവസരമൊരുക്കി. ഒരേ മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് കലാകാരന്മാരുടെ പ്രകടനം വിലയിരുത്താന്‍ ഓരോ മത്സരാര്‍ഥിക്കും കഴിയുമെന്നതും കലോത്സവത്തിന്റെ പ്രത്യേകതയാണ്. വിധികര്‍ത്താക്കളുടെ കൂട്ടായ്മ ഓരോ മത്സരവും വിലയിരുത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. വിധികര്‍ത്താക്കളുടെ വിവരങ്ങള്‍ മത്സരാഥികള്‍ക്ക് അറിയാനാകില്ല.

ബത്തേരി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ 10-നും 25-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാം. ഇതിനോടകം രചനാമത്സരങ്ങള്‍ പൂര്‍ത്തിയായി. നൃത്തവും, സംഘമായുള്ള ഇനങ്ങളും ഒഴിവാക്കി പകരം പാട്ടിനും വാദ്യോപകരണങ്ങള്‍ക്കുമാണ് മുന്‍തൂക്കം.

Content Highlights: Online Arts fest SFI