തൃശ്ശൂര്‍: ഒരു കുപ്പായവും അഴിച്ചു വെച്ചല്ല ഈ യുവ നേതാവ് മീന്‍പിടിത്തക്കാരന്റെ വേഷമണിഞ്ഞത്. കോവിഡ് കാലത്ത് അന്നത്തിനുള്ള വക സമ്പാദിക്കുന്നു എന്നുമാത്രം. മീന്‍പിടിത്തക്കാരന്റെ ജീവിത വേഷത്തെപ്പറ്റി കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി നിധീഷിന് കടലോളമാണ് അഭിമാനം. എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ് നിധീഷ്. കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് കോ-ഓര്‍ഡിനേറ്ററുമാണ്. ഒരു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഈ ചെറുപ്പക്കാരന്‍.
ചാലക്കുടിയിലെ പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നാണ് നിധീഷ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്. ബിരുദം കഴിഞ്ഞുള്ള ഇടവേളകളില്‍ ധനകാര്യസ്ഥാപനത്തില്‍ ജോലി കിട്ടിയിരുന്നു. പഠനത്തിനായി അത് ഉപേക്ഷിച്ചു. പഠനം കഴിഞ്ഞ ശേഷം കോവിഡ് കാലമെത്തി. പഴയ ജോലി തേടി പോയെങ്കിലും കിട്ടിയില്ല. പുതിയ ജോലികളൊന്നും ലഭിച്ചതുമില്ല.
മീന്‍പിടിത്ത തൊഴിലാളിയായ അച്ഛന്‍ തിലകന് ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായതോടെയാണ് നിധീഷ് ആ തൊഴിലിലേക്ക് ഇറങ്ങിയത്. 60 ജീവനക്കാരുള്ള ശ്രീ ഭരതന്‍ എന്ന ബോട്ടിലാണ് മീന്‍പിടിത്തം. പുലര്‍ച്ചെ നാലിന് ബോട്ടില്‍ കയറണം. എത്ര രാത്രിയായാലും മീന്‍ കിട്ടിയിട്ടേ മടക്കമുള്ളൂ. മീന്‍ കിട്ടുന്നതിനനുസരിച്ചാണ് കൂലി. കടലമ്മ എന്നും ഒരേ പോലെ കനിയാറില്ല.
അഭിഭാഷകനാവുകയാണ് ലക്ഷ്യം. വലപ്പാട് പാലപ്പെട്ടിയിലെ വീട്ടില്‍ അമ്മ രമണിയും സഹോദരി നീതുവും ഉണ്ട്.