മൂലമറ്റം: കാശില്ലാത്തതിനാല്‍ അനഘയുടെ അച്ഛന് നല്ല കുപ്പായം പലപ്പോഴും ഇല്ലായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കൊലുസ് സാമ്പത്തികബുദ്ധിമുട്ടു കാരണം അച്ഛന്‍ പണയവും വെച്ചിരുന്നു. കഴിയാനവര്‍ക്ക് സ്വന്തം വീടും സ്ഥലവും ഉണ്ടായിരുന്നുമില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരിച്ച അനഘ മരിച്ചപ്പോള്‍ സങ്കടം താങ്ങാനാവാതെ അച്ഛന്‍ അനില്‍ മകള്‍ക്കു കൊലുസ് കെട്ടി. ചിതയിലേക്കെടുക്കും മുമ്പ് വീണ്ടെടുത്ത പണയസ്വര്‍ണം. ഒപ്പം പുതിയ. കുപ്പായവും വാങ്ങി അണിഞ്ഞു. പൊന്നുമോളൊന്നും കണ്ടില്ലെന്നു മാത്രം.

മൂലമറ്റം ജി.വി.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അനഘയുടെ അന്ത്യയാത്ര കണ്ടുനിന്നവര്‍ക്കും വിങ്ങുന്ന ഓര്‍മയായി. ഇപ്പോള്‍ അനഘയറിയുന്നുണ്ടോ...അനഘയുടെ കുടുംബത്തിന്റെ സ്വന്തം വീടെന്ന സ്വപ്‌നം പൂവണിയുകയാണ്. അനഘയുടെ ചികിത്സക്ക് വേണ്ടി നാട്ടുകാര്‍ പിരിച്ച ഏഴുലക്ഷത്തിലധികം രൂപ വീട്ടുകാര്‍ക്ക് കിടപ്പാടം വാങ്ങാനായി നല്‍കുകയാണ്. തിങ്കളാഴ്ച സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പി.ടി.എ. കമ്മിറ്റിയുടേയും യോഗം ഈ തീരുമാനമെടുത്തു.

2016 ഡിസംബര്‍ 16- നാണ് കുളമാവ് പുതുപ്പറമ്പില്‍ അനിലിന്റേയും ശാന്തയുടേയും മകളായ അനഘക്ക് വാനിടിച്ച് പരിക്കേറ്റത്. മറ്റ് മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കും പരിക്കേറ്റിരുന്നു. ഗരുതരമായി പരിക്കേറ്റ അനഘയെ അന്നുമുതല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. നിര്‍ധന കുടുംബത്തില്‍പ്പെട്ട അനഘയുടെ ചികിത്സക്കുള്ള പണത്തിനായി ഒരു നാട് മുഴുവന്‍ ഒരുമിച്ചു. നാട്ടിലെ ഓട്ടോ, ബസ് തൊഴിലാളികളും പൊതുപ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം രംഗത്തിറങ്ങി. ദിവസേന ലക്ഷങ്ങള്‍ സഹായമായി ഒഴുകി. എങ്കിലും ചികിത്സ ഫലിച്ചില്ല. ഡിസംബര്‍ 24 ന് വൈകിട്ട് അനഘ വിടപറഞ്ഞു.

ക്രിസ്മസ് ദിനത്തിലെ ശവസംസ്‌കാരച്ചടങ്ങിലാണ് ഏവരുടെയും കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. അനഘ അപകടത്തില്‍പ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് അണിഞ്ഞിരുന്ന കൊലുസ് അച്ഛന് പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇതില്‍ പരിഭവിച്ച മകളുടെ മുഖം ഓര്‍മ്മ വന്ന അച്ഛന്‍ അനില്‍ ആളെ വിട്ട് പണയം എടുപ്പിച്ചു. പാദസ്വരം പോക്കറ്റില്‍ സൂക്ഷിച്ച് നടന്ന അച്ഛന്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അവ അണിയിച്ച് മകളെ അവസാനമായി യാത്രയാക്കി.

ചികിത്സക്കായി പിരിച്ചെടുത്ത ഏഴര ലക്ഷത്തിലധികം രൂപായാണ് ഇപ്പോള്‍ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ഉപയോഗിക്കുന്നത്. കുളമാവ് - പോത്തുമറ്റം റോഡരികില്‍ വീട് നിര്‍മ്മിക്കുന്നതിനായി 10 സെന്റ് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അനഘക്കൊപ്പം അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി 50000 രൂപാ നല്‍കാനും തീരുമാനമായി.