തിരുവനന്തപുരം: നാലാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി കേരളത്തിലെ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി, സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈന്‍ഡ്. (Mobility in Dystrophy(MinD). രോഗബാധിതരായ ആളുകള്‍ക്ക് വേണ്ടി ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കുന്ന സംഘടനയുടെ നാലാം വാര്‍ഷികം ഏപ്രില്‍ 29 മുതല്‍ മൂന്ന്  ദിവസം നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പരിപാടികളുടെ ധനശേഖരണാര്‍ഥം ഏപ്രില്‍ 25ന് തിരുവനന്തപുരം ഗണേശം സൂര്യ നാടക കളരിയില്‍ വെച്ച് ഒരു സംഗീതസന്ധ്യയും സംഘടിപ്പിക്കുന്നുണ്ട്. 

ശാരീരിക പരിമിതികളുള്ള വ്യക്തികളെ മാറ്റിനിര്‍ത്താത്ത ഒരു സമൂഹത്തെ നിര്‍മ്മിക്കുക എന്നതാണ് മൈന്‍ഡിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെ നിരവധി പ്രചാരണപരിപാടികള്‍ ഇതിനോടകം തന്നെ മൈന്‍ഡ് വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി, മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി ബാധിതര്‍ക്കായി എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള ഒരു പുനരധിവാസകേന്ദ്രം ഒരുക്കുക എന്നതാണ് മൈന്‍ഡിന്റെ പരമപ്രധാന ലക്ഷ്യം. 'ഒരിടം' എന്ന് പേരിട്ട ആ സ്വപ്നപദ്ധതിയിലേക്കുള്ള ദൂരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന് ഈ കുടുംബമൊന്നാകെ. അതിന്റെ ഭാഗമായി, ഈ പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ് മൈന്‍ഡിന്റെ തന്നെ വോളന്റിയര്‍ ഗ്രൂപ്പ് ആയ കൂട്ട്, ' ഉയരാം ഒരിടത്തേക്ക് '  എന്നപേരില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം ഗണേശം സൂര്യ നാടക കളരിയില്‍ വെച്ച് ഒരു സംഗീതസന്ധ്യ സംഘടിപ്പിക്കുന്നത്. ഇര്‍ഫാന്‍ ഏര്‍ത്തൂത്, ജാവേദ് അസ്‌ലം എന്നിവര്‍ നയിക്കുന്ന ഇഫ്താര്‍ ഖവാലിയാണ് സംഗീതസന്ധ്യയുടെ പ്രധാന ആകര്‍ഷണം. മൈന്‍ഡ് സംഘടനയുടെ ഒരിടത്തിലേക്കുള്ള യാത്രയ്ക്ക് നമുക്കും കൂട്ടാവാം. ധനശേഖരണപരിപാടിയില്‍ പങ്കാളികളാവാം. 

എന്താണ് മൈന്‍ഡ്

കേരളത്തിലുടനീളമുള്ള മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി(MD), സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി(SMA) ബാധിതരായ വ്യക്തികള്‍ക്കായി 2017 മെയ് 1ന് രൂപം നല്‍കിയ കൂട്ടായ്മയാണ് Mobility in Dystrophy (MinD) ട്രസ്റ്റ്. മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ശരീരികവസ്ഥയാണ്. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ആദ്യം ബാധിക്കുന്ന തളര്‍ച്ച പടിപടിയായി ശരീരമൊട്ടാകെ വ്യാപിക്കുകയും ക്രമേണ ചലനശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.  ജീനുകള്‍ക്ക് സംഭവിക്കുന്ന തകരാറു മൂലം പേശികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിന് ഉല്‍പാദിപ്പിക്കാനാകാതെ വരികയും തുടര്‍ന്ന് അത് ആ വ്യക്തിയുടെ ചലനശേഷിയെ പൂര്‍ണ്ണമായും ബാധിക്കുന്ന നിലയിലേക്ക് മാറുകയും ചെയ്യുന്നു.

SMA, MD ബാധിതരായി, ശാരീരികചലനശേഷി പരിമിതപ്പെട്ടുപോയ വ്യക്തികളെ കണ്ടറിഞ്ഞ്, അവരെ മാനസികമായി ഉയര്‍ത്തിക്കൊണ്ടുവരിക, അതിനുള്ള പ്രോത്സാഹനവും ധൈര്യവും സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈന്‍ഡ് രൂപീകരിക്കുന്നത്.  SMA, MD ബാധിതരുടെ ഈ കൂട്ടം, ഇന്നൊരു കൂട്ടായ്മ എന്നതിലുപരി ഒരു കുടുംബം തന്നെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  9539744797,8547082321 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.