തൃശ്ശൂര്‍: പാവറട്ടി പാലുവായിലെ മുഹമ്മദ് സാലിഹിന്റെ വീട്ടില്‍ ഉപയോഗിക്കാതെയും ഉപേക്ഷിക്കാതെയും ഒട്ടേറെ വസ്തുക്കളുണ്ടായിരുന്നു.

പുതിയ കാര്‍ വാങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ട ഓംനി വാന്‍, യു.പി.എസ്. എത്തിയതോടെ ഉപയോഗിക്കാതായ ചെറിയ ജനറേറ്റര്‍, സ്റ്റീല്‍ വാട്ടര്‍ ടാങ്ക് വാങ്ങിയതോടെ ആക്രിക്കൂട്ടത്തിലിടംപിടിച്ച പ്ലാസ്റ്റിക് ടാങ്ക്... അങ്ങനെ പലതും.

ഇവയെല്ലാം ഉപയോഗപ്പെടുത്തി എന്തെങ്കിലും ചെയ്യാനാകുമോ എന്ന ചിന്തയുണ്ടായപ്പോളാണ് ആത്മമിത്രമായ ഗുരുവായൂര്‍ ബ്രഹ്മകുളത്തെ മുഹമ്മദ് ഹിഷാമിനെ വിളിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഒരേ ക്ലാസിലായിരുന്നു ഇരുവരും. ഡിഗ്രിക്ക് ഇരുവരും ഒരേ കോളേജിലെ ഒരേ കോഴ്‌സിനാണ് അപേക്ഷ നല്‍കിയിരിക്കുന്നതും.

ഇരുവരും ചേര്‍ന്ന് കൂട്ടുകാരനായ ചിറ്റിലപ്പിള്ളിയിലെ വരുണിന്റെ വീട്ടിലെത്തി പുതിയ സംരംഭത്തെപ്പറ്റി ചര്‍ച്ച നടത്തി.

ഉപേക്ഷിക്കപ്പെട്ട പഴയ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള പുതിയ വ്യവസായ സംരംഭം. തൃശ്ശൂര്‍ നഗരത്തില്‍ ഹിറ്റായ കാര്‍ ടബ് എന്ന സഞ്ചരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ തുടക്കം അവിടെനിന്നായിരുന്നു. വാഹനങ്ങള്‍ തേടി വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സര്‍വീസ് സ്റ്റേഷന്‍.

ഒരു മണിക്കൂര്‍കൊണ്ട് കാറിനകവും പുറവും ക്ലീന്‍. കാറുടമയ്ക്ക് സര്‍വീസ് സ്റ്റേഷനില്‍ പോയി സമയം മെനക്കെടുത്തേണ്ട; ചെലവും കുറവ്.

ഓംനി വാനിനകത്ത് ഘടിപ്പിച്ച 500 ലിറ്റര്‍ ടാങ്കില്‍ വെള്ളവുമായാണ് എത്തുക. ഈ വെള്ളം പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് ചീറ്റി കഴുകും. പിന്നീട് തുണികൊണ്ട് തുടച്ച് ഉണക്കും. കാറിനകം വാക്വം ക്ലീനര്‍കൊണ്ട് വൃത്തിയാക്കും. അകവും പുറവും ചില്ലും തുടച്ച് ശുചിയാക്കും. ഒടുവില്‍ ടയറിന് പോളിഷിടും.

സാധാരണ കാറിന് 300 രൂപ, എസ്.യു.വി.ക്ക് 400, ബൈക്കിന് 150-ഇതാണ് ചാര്‍ജ്. വെള്ളമടക്കം കൊണ്ടുവരും. പറ്റുമെങ്കില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുക. ഇല്ലെങ്കില്‍ ജനറേറ്റര്‍ ഉപയോഗിക്കും.

പഠനത്തിനായി വരുണ്‍ ഇപ്പോള്‍ ബെംഗളൂരുവിലാണ്. രണ്ടാഴ്ച മുന്പ് തുടങ്ങിയ പദ്ധതി വന്‍വിജയം. നിരവധി പേരാണ് കാര്‍ ടബ് സേവനത്തിനായി വിളിക്കുന്നത്.

മുഹമ്മദ് സാലിഹും മുഹമ്മദ് ഹിഷാമും മാത്രമാണ് സര്‍വീസിനുള്ളത്. ഒരു ദിവസം എട്ട് കാറുകള്‍ മാത്രമാണ് സര്‍വീസ് നടത്താനാകുക.

അത് ചെയ്യുന്നുണ്ട്.കോളേജ് തുറന്നാല്‍ രാവിലെയും വൈകീട്ടുമാണ് സേവനം നടത്താനാകുക. ബാക്കിസമയത്ത് ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് ഇവരുടെ തീരുമാനം.

Content Highlights: mobile vehicle service station, start up by youth, thrissur, young entrepreneurs, business idea, car service