കുമരകം:  കോവിഡ് വ്യാപനത്തില്‍ ഉപജീവനം നഷ്ടമായ നിരവധി ജീവിതങ്ങളാണുള്ളത്. അതിജീവനത്തിന്റെ പാതയില്‍ വിജയം കൈവരിക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധിച്ചിട്ടുള്ളൂ. നവമാധ്യമങ്ങളുടെ സഹായത്തോടെ പുത്തന്‍ കച്ചവട തന്ത്രങ്ങളിലൂടെ തങ്ങള്‍ക്കൊപ്പം ഒരുപിടി കുടുംബങ്ങളെയും സംരക്ഷിക്കുകയാണ് നക്ഷത്ര ലോകത്തെ ഈ നളന്മാര്‍. ഇന്ത്യയിലെ തന്നെ ഒന്നാംനിര സെവന്‍ സ്റ്റാര്‍ ഹോട്ടലായ ബോംബെ ലീലയില്‍ നിന്നും നാട്ടിലെത്തി അച്ഛന്‍ നടത്തിയിരുന്ന അച്ചിനകത്തെ ചെറിയ ഹോട്ടല്‍ നാലുമണിക്കാപ്പി എന്ന പേരില്‍ വിപുലമാക്കിയാണ് ലീലയിലെ ഷെഫ് ശരത്ത് പി.എസ് വിജയം കൈവരിച്ചപ്പോള്‍ മത്സ്യവ്യാപാരത്തിലൂടെ ഏഴ് കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഹോളിഡേ ഇന്‍ കോണ്‍ഡിനെന്‍ല്‍ ഷെഫ് പ്രശാന്ത്.ടി.പി (കണ്ണപ്പന്‍) അതിജീവനം സാധ്യമാക്കിയത്. കഠിനാധ്വാനത്തിലൂടെ നടത്തിയ അതിജീവനത്തില്‍ നിന്നും ഒരു മടങ്ങിപ്പോക്കില്ലന്ന ഇരുവരും പറയുന്നു.

മീനിനൊപ്പം പഞ്ചനക്ഷത്ര രുചിക്കൂട്ടും

മാസങ്ങളോളം വരുമാനം വഴിമുട്ടിയതോടെ പ്രിയ സുഹൃത്ത് കുര്യച്ചനുമായി ചേര്‍ന്ന് കുമരകം പുത്തന്‍ റോഡിലാണ് കണ്ണപ്പന്‍ (പ്രശാന്ത്.ടി.പി) മത്സ്യവ്യാപാരം ആരംഭിച്ചത്. ആലപ്പുഴ , എറണാകുളം കടപ്പുറങ്ങളില്‍ നിന്നും വലക്കാരില്‍ നിന്നും നേരിട്ട് വാങ്ങി എത്തിച്ച് ശുദ്ധമായ മത്സ്യത്തിനൊപ്പം പുത്തന്‍ രുചിക്കൂട്ടുകളും ഉപഭോക്താക്കള്‍ക്ക് പകര്‍ന്ന് നല്‍കിയാണ് കണ്ണപ്പന്‍ വേറിട്ട വ്യാപാരം കാഴ്ചവെച്ചത്. പുത്തന്‍ മേഖലയില്‍ നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടും കഠിനാധ്വാനവും ആത്മവിശ്വാസവും വിജയത്തിന് കാരണമായി.  നവമാധ്യമമായ വാട്സ് ആപ്പില്‍ ആരംഭിച്ച ഗ്രൂ്പ്പിലൂടെ ആവശ്യകാര്‍ക്ക് വെട്ടി വൃത്തിയാക്കിയ മത്സ്യം വീട്ടിലെത്തിച്ച് നല്‍കിയതോടെ വ്യാപാരം അഭിവൃദ്ധിപ്പെട്ട് തുടങ്ങി.  ഏഴ് മാസത്തോളം നടത്തിയ വഴിയോര മത്സ്യകച്ചവടം തീരമൈത്രി പദ്ധതിയുടെ സഹായത്തോടെ വിപുലമാക്കി. ഹാര്‍ബര്‍ ഫ്രെഷ് എന്ന പേരില്‍ കുമരകത്തു നിന്നും  മണര്‍കാട് , വടവാതൂര്‍ , കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലേയക്ക് ഇപ്പോള്‍ കണ്ണപ്പന്റെ മീന്‍ എത്തുന്നുണ്ട്. ഓണ്‍ലെന്‍ മത്സ്യവിതരണം, മത്സ്യം ക്ലീനിംഗ് തുടങ്ങി ഏഴ് ജീവനക്കാരും കണ്ണപ്പനൊപ്പമുണ്ട്. സ്വന്തം ജീവിതം സംരക്ഷിച്ചതിനൊപ്പം ഏഴ് കുടുംബങ്ങള്‍ക്ക് കൂടി ജീവിതമാര്‍ഗ്ഗം നല്‍കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്ന് കണ്ണനും കുരിയച്ചനും പറയുന്നു. കോവിഡും നിയന്ത്രണങ്ങളും മാറി ഹോട്ടലുകള്‍ തുറന്നാലും ഇനി ഷെഫ് ജോലിയിലേയ്ക്ക് മടക്കമില്ലന്നും കണ്ണപ്പന്‍ പറയുന്നു. കുമരകം നടുവത്തറ പുഷ്പാധരന്റെയും ജയമ്മയുടെയും മൂത്തമകനാണ് കണ്ണപ്പന്‍. ഭാര്യ സച്ചു.കെ.എം മക്കള്‍ ആര്‍ച്ച , ആരോമല്‍

ലീലയുടെ രുചി ഇനി നാലുമണിക്കാപ്പി കടയില്‍

നക്ഷത്ര ഹോട്ടല്‍ ലീലയുടെ രുചിക്കൂട്ടുകള്‍ ഇനി അച്ചിനകത്തെ ശരത്തിന്റെ നാലുമണിക്കാപ്പി കടയില്‍ ലഭിക്കും. നാല്‍പ്പത് വര്‍ഷങ്ങളായി അച്ഛന്‍ പീടികപ്പറമ്പില്‍ ശശിധരപ്പണിക്കര്‍ നടത്തുന്ന നാടന്‍ ഹോട്ടല്‍ പലഹാരത്തില്‍ പ്രശസ്തമാണ്. കേക്കും , കുഴലപ്പവും , മധുരസേവയും തുടങ്ങി പഴമയുടെ പലഹാരങ്ങള്‍ ഇവിടെ സുലഭം. നക്ഷത്ര ഹോട്ടലിലെ ഷെഫിന്റെ രുചിക്കൂട്ടുകള്‍ ഇതിനോടകം പ്രശസ്തമായി കഴിഞ്ഞു. തന്റേതായ മസാലക്കൂട്ടുകള്‍ കൊണ്ട് രുചിയുടെ കലവറ ഒരുക്കുകയാണ് ശരത്ത്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയുള്ള ഓണ്‍ലൈന്‍ വ്യാപാരം കോവിഡ് നിയന്ത്രണങ്ങളിലും നാലുമണിക്കാപ്പി കടയെ വേറിട്ടതാക്കി. കുമരകം , വൈക്കം , തണ്ണീര്‍മുക്കം തുടങ്ങിയ പ്രദേശങ്ങില്‍ നിന്നുപോലും നക്ഷത്രരുചി തേടി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വരുന്നുണ്ട്. കിഴിപ്പൊറോട്ട , മലബാര്‍ ബിരിയാണി , ചിക്കന്‍ ചെട്ടിനാട് , സീഫുഡ് വിഭവങ്ങള്‍ തുടങ്ങി എല്ലാം തന്നെ നാലുമണിക്കാപ്പിയില്‍ സുലഭം. പീടികപ്പറമ്പില്‍ ശശിധരപ്പണിക്കരുടെയും ഉഷാകുമാരിയുടെയും മകനാണ് ശരത്ത്.പി.എസ് .ഭാര്യ - ഷാനിമോള്‍ , മകന്‍ - ആരവ്.

Content Highlights: Lockdown Survival stories