തിരുവല്ല: തലയ്ക്കുമീതെ വെള്ളംവന്നാല്‍ അതിന് മീതേ തോണിയിറക്കണം എന്ന പഴഞ്ചൊല്ലാണ് കല്ലുങ്കല്‍ കരുവേലില്‍ കെ.എസ്. ശരത്തിനെ മുന്നോട്ടുനയിക്കുന്നത്. ലോക്ഡൗണില്‍ രണ്ട് വട്ടം നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ വീടുകളില്‍ നേരിട്ട് പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുകയാണ് ഈ മുപ്പതുകാരന്‍. 

വിദേശജോലിയെന്ന മോഹമാണ് ലോക്ഡൗണില്‍ ആദ്യം തകരുന്നത്. അലൂമിനിയം ഫാബ്രിക്കേഷനില്‍ ഗള്‍ഫ് ജോലിക്കായി വിസയുംകിട്ടി ഇരിക്കുമ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മാര്‍ച്ചൊടുക്കം ഗള്‍ഫിലേക്ക് പറക്കാനിരുന്ന മോഹം അതോടെ പൊലിഞ്ഞു. വിസയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമായി ലക്ഷം രൂപയോളം വേണ്ടിവന്നിരുന്നു. പലരില്‍നിന്ന് കടംവാങ്ങിയതാണ് തുക. മറ്റ് മാര്‍ഗമില്ലാതെ മണിപ്പുഴയില്‍ വഴിയോര പച്ചക്കറി കച്ചവടം തുടങ്ങി. ഒട്ടും പരിചയമില്ലാത്ത മേഖലയാണെങ്കിലും പിടിച്ചുനിന്നു. ഒരു വിധം മെച്ചപ്പെട്ടു വരുമ്പോഴാണ് കോവിഡ് ബാധിച്ച തമിഴ്നാട് സ്വദേശി ലോറിയുമായി എത്തിയതിന്റെ പേരില്‍ തിരുവല്ല രാമപുരം ചന്ത അടയ്ക്കുന്നത്. തിരുവല്ല മുതല്‍ വൈക്കത്തില്ലം വരെയുള്ള വഴിയോര കച്ചവടം ഒഴിപ്പിക്കാനും തീരുമാനിച്ചു. ശരത്തിന്റെ കടയും പൂട്ടി. പുതിയ സംരംഭം തുടങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ അടുത്ത തിരിച്ചടി. 

തീര്‍ത്തും നിര്‍ധന കുടുംബത്തില്‍നിന്നാണ് ശരത്തിന്റെ വരവ്. അതിജീവനത്തിന് വീടുകളില്‍ നേരിട്ട് പച്ചക്കറി എത്തിക്കുന്ന തീരുമാനത്തിലെത്തി. ഫോണ്‍ വിളിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ പച്ചക്കറി വീട്ടിലെത്തിക്കുന്ന തരത്തിലാണ് വില്‍പ്പന. സമൂഹ മാധ്യമങ്ങളിലൂടെ കാര്യമായ പ്രചാരണവും നല്‍കി. നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ആയതിനാല്‍ മൂന്നു ദിവസം കൊണ്ട് ധാരാളം പേര്‍ പച്ചക്കറിക്കായി വിളിക്കുന്നുണ്ടെന്ന് ശരത്ത് പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് പുലര്‍ച്ചെ പച്ചക്കറി എടുത്താണ് വില്‍പ്പന. സഹായത്തിനായി സുഹൃത്ത് ഓട്ടോ ഡ്രൈവര്‍ എസ്. രഞ്ജിത് കൃഷ്ണനും ഉണ്ട്. ദിവസം മൂവായിരം രൂപയ്ക്കടുത്ത് വരുമാനവും ലഭിക്കുന്നുണ്ട്. ശരത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി മണിപ്പുഴ ദേവീക്ഷേത്ര കോംപ്ലക്സിലെ ഒരു കടമുറി വാടകയ്ക്ക് എടുത്തിരുന്ന ചിറ്റേഴുത്ത് ബി. രമേശ്കുമാര്‍ മുറി ഇവര്‍ക്കായി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായി.