കല്‍പറ്റ: സ്വപ്നങ്ങളില്‍ ധരിച്ച കറുത്ത ഗൗണ്‍ അണിയാന്‍ ഇനി രാധികയ്ക്ക് അധികകാലം കാത്തിരിക്കേണ്ടതില്ല. സ്വപ്നത്തിലേക്കുള്ള വഴിയില്‍ വലിയൊരു കടമ്പ അവള്‍ മറികടന്നു. നിയമപഠനത്തിനായുള്ള ദേശീയ യോഗ്യതാപരീക്ഷയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചാണ് കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ.കെ. രാധിക നിയമപഠനത്തിനൊരുങ്ങുന്നത്.

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ (സി.എല്‍.എ.ടി.) എസ്.ടി. വിഭാഗത്തില്‍ 1022-ാം റാങ്കാണ് രാധിക നേടിയത്. കാട്ടുനായ്ക്ക വിഭാഗത്തില്‍നിന്ന് നിയമപഠനത്തിന് പ്രവേശനം നേടുന്ന രാജ്യത്തെ ആദ്യവിദ്യാര്‍ഥിനിയാണ് രാധിക.

നിയമം പഠിക്കാന്‍ ആദിവാസി വിദ്യാര്‍ഥികള്‍ എത്തുന്നില്ലെന്ന് കണ്ടെത്തിയ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ആദിവാസി കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേകപരിശീലനമാണ് രാധികയുടെ ജീവിതത്തിലും സമുദായത്തിലും വഴിത്തിരിവായി മാറിയത്.

ലോക്ഡൗണ്‍ കാലത്ത് നടത്തിയ പരിശീലനത്തില്‍ രാധിക ഉള്‍പ്പെടെ ഒമ്പതുവിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മികച്ച റാങ്കു നേടിയ രാധികയ്ക്ക് കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനം ലഭിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ. രാജേഷ് പറഞ്ഞു. രാധികയുടെ വിജയം പ്രചോദനമായെന്നും പ്രവേശനപരീക്ഷാ പരിശീലനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി.ഡി.പി.യാണ് പരിശീലനത്തിന്റെ ചെലവു വഹിച്ചത്

കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്റെയും ബിന്ദുവിന്റെയും മകളാണ് രാധിക. മന്ത്രി എ.കെ. ബാലനും രാഹുല്‍ഗാന്ധി എം.പി.യും രാധികയെ അഭിനന്ദിച്ചു. തുടര്‍പഠനത്തിനുള്ള നടപടികള്‍ പട്ടികവര്‍ഗ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് രാധികയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച രാഹുല്‍ഗാന്ധി എം.പി.യും ഉറപ്പുനല്‍കി.

content highlights: KK Radhika from Kattunayakan section secured high rank in Common Low admission test