കൊച്ചി: രാം രത്തനും സഞ്ജയ് കുമാറും ഓട്ടത്തിലാണ്. ചെറിയ ദൂരമല്ല. കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് നെടുങ്കന്‍ ഓട്ടമാണ്.

നല്ല ആരോഗ്യം എന്ന സന്ദേശവുമായി 91 നഗരങ്ങളും ആയിരത്തിലധികം ഗ്രാമങ്ങളും പിന്നാണ് ഓട്ടം. സോള്‍സ് ഓഫ് കൊച്ചിന്‍ ചാപ്റ്റര്‍ ടീമായ പനമ്പിള്ളിനഗര്‍ റണ്ണേഴ്സിന്റെ ഓട്ടക്കാരാണ് ഇരുവരും. ലോക യുവജന ദിനമായ ജനുവരി 12-ന് കന്യാകുമാരിയില്‍നിന്ന് തുടങ്ങുന്ന ഓട്ടം 11 സംസ്ഥാനങ്ങള്‍ പിന്നിട്ട് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കശ്മീരില്‍ സമാപിക്കും. 'കെ 2 കെ റണ്‍ 2021' എന്ന പേരിലാണ് ഇവരുടെ ഓട്ടം. ദിവസേന 80 കിലോമീറ്ററോളം ഓടാനാണ് ഇന്ത്യന്‍ നാവിക സേനാംഗങ്ങളായ ഇരുവരും തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പരിപാടി ആവിഷ്‌കരിച്ചതെന്ന് ഇരുവരും പറഞ്ഞു. കോവിഡിനു പുറമേ സാംക്രമികേതര രോഗങ്ങളുടെ വര്‍ധന ഉണ്ടാകുമെന്ന ആശങ്ക രാജ്യത്ത് കൂടി വരികയാണ്. സാംക്രമികേതര രോഗങ്ങള്‍, ജീവിതശൈലി അപകടങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് രാജ്യമെമ്പാടും അവബോധം വളര്‍ത്തുകയാണ് ഓട്ടത്തിന്റെ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു.

ദിവസവും പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10 വരെ 50 കിലോമീറ്ററും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെ 25 മുതല്‍ 30 കിലോമീറ്റര്‍ വരെയും ഓടാനാണ് പദ്ധതി. ഫിസിയോതെറാപ്പിസ്റ്റ് ഉള്‍പ്പെടെ മൂന്ന് അംഗ ടീം യാത്രയില്‍ സഹായത്തിനുണ്ടാകും. മാനസികാരോഗ്യ, വൈകല്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 'ടുഗെദര്‍ വി കാന്‍' എന്ന എന്‍.ജി.ഒ. ഇവരുടെ ടീമിനെ പിന്തുണയ്ക്കാന്‍ ചേര്‍ന്നിട്ടുണ്ട്.