കണ്ണൂർ: നീണ്ടമുടിയിൽ കത്രിക ചേർക്കുമ്പോൾ ആരുടെ കണ്ണിലുമുണ്ടായിരുന്നില്ല സങ്കടം. നിങ്ങൾ തനിച്ചല്ല, ഒപ്പം ഞങ്ങളുമുണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ചായിരുന്നു അവരുടെ വരവ്. നീട്ടിവളർത്തിയ മുടി അവർ സന്തോഷത്തോടെ മുറിച്ചുനൽകി. 
 
കാൻസർ രോഗികൾക്ക് വിഗ് നിർമാക്കാനായാണ് സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർഥികൾ ഈ കാരുണ്യപ്രവൃത്തിയുമായെത്തിയത്. വിദ്യാർഥികളുടെ നല്ല പ്രവൃത്തിക്കൊപ്പം അധ്യാപകരും ചേർന്നതോടെ കൂടുതൽ വിദ്യാർഥികളും മുടി നൽകാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടെത്തി.
 
മുടിമുറിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കും സങ്കടമില്ല. മുടി മാത്രമല്ല മരണാനന്തരം അവയവദാനത്തിനും  സമ്മതമാണെന്നായിരുന്നു ചില മിടുക്കികളുടെ മറുപടി. കരൾ ദാനംചെയ്ത ആൽഫ്രഡ് സെൽവരാജ് സ്കൂളിലെത്തി കുട്ടികളുമായി നടത്തിയ സംഭാഷണമാണ് ഇവരുടെ ചിന്തയെ മാറ്റിമറിച്ചത്.  
 
 സ്കൂളിലെ നാഷണൽ സർവീസ് സ്കീം നേതൃത്വം നൽകി. എൻ.എസ്.എസ്. െവാളന്റിയർമാരും പ്ലസ്ടു വിദ്യാർഥിനികളുമടക്കം 40 വിദ്യാർഥിനികളാണ് മുടിമുറിച്ചു നൽകിയത്. ഇവർക്കൊപ്പം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം.എം.ആലിസ് എന്നിവരും രക്ഷിതാവും അധ്യാപികയുമായ സി.പി.രഹന എന്നിവരും മുടി ദാനംചെയ്തു.
 
തൃശ്ശൂരിലെ അമല കാൻസർ കെയർ സെന്ററിനാണ് വിഗ് നിർമിക്കാൻ മുടി നൽകുന്നത്. ഏറ്റവും കുറഞ്ഞത് ആറിഞ്ച് നീളത്തിലാണ് മുടി മുറിച്ചത്. ചടങ്ങ് കണ്ണൂർ ടൗൺ സി.ഐ. ടി.കെ.രത്നകുമാർ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലൂസി ജോർജ്, മുൻപ് കാൻസർ രോഗികൾക്കായി മുടി നൽകിയ ആനന്ദ് ജ്യോതി, ആൽഫ്രഡ് സെൽവരാജ്, റാനിയ, സുലൈഖ, കിരൺ ബെന്നി എന്നിവർ സംസാരിച്ചു.