കോട്ടയം: കൊറോണ കാരണം മാര്‍ച്ച് ഒന്‍പതിന് അടച്ചതാണ്. പിന്നീട് ജിം തുറക്കാനേ പറ്റിയിട്ടില്ല. പിന്നെ ഒന്നും നോക്കിയില്ല. വീട് ഗോദയാക്കി മാറ്റിയിരിക്കുകയാണ് ജിമ്മന്മാര്‍. സ്ഥിരമായി ജിമ്മില്‍ പോകുന്നവര്‍ക്ക് 'സൂം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ക്ലാസുകളും പരിശീലകര്‍ നല്‍കുന്നുണ്ട്. വൈകുന്നേരങ്ങളിലാണ് പരിശീലന ക്ലാസുകള്‍ നടത്തുന്നത്. നിലവിലുള്ള ആരോഗ്യസ്ഥിതി തുടര്‍ന്ന് കൊണ്ടുപോകാവുന്ന തരത്തിലുള്ള വ്യായാമമുറകളാണ് ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്. ശരീരഭാരംകൊണ്ട് ചെയ്യാവുന്ന പുഷപ്പ്, പ്ലാന്‍ക്, ബുര്‍പീ, സ്‌ക്വാട്സ് തുടങ്ങിയവയിലും നടത്തം, ഓട്ടം എന്നിവയിലുമാണ് ഇപ്പോള്‍ പരീശീലനം നടത്തുന്നതെന്ന് പരിശീലനകനായ നവീന്‍ നന്ദന്‍ പറയുന്നു.

സുംബയും സൂം വഴി

സുംബാ ഡാന്‍സുകളും ഇപ്പോള്‍ സൂം വഴിയാണ് പരിശീലിപ്പിക്കുന്നത്. വൈകുന്നേരങ്ങളിലെ ക്ലാസില്‍ 28 പേരുണ്ടെന്ന് നവീന്‍ നന്ദന്‍ പറഞ്ഞു. ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ അപകടമുണ്ടായേക്കാം. അതുകൊണ്ട് കഠിനമായ പരിശീലനങ്ങളൊന്നും നടത്താറില്ല. എല്ലാം നേരേയാകുമെന്ന് പ്രതീക്ഷയാണ് പരിശീലകര്‍ക്കുള്ളത്. രജിസ്‌ട്രേഷന്‍ ഉള്ളതും ഇല്ലാത്തതുമായി 210 പരിശീലനകേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോഡി ബില്‍ഡിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാക്കൂട്ടം പറഞ്ഞു.

മുടങ്ങരുത്

പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിച്ചുനിര്‍ത്തുന്നതിനായി ജിമ്മുകളില്‍ പോയിരുന്നവരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. കൊറോണക്കാലത്ത് അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നതും മതിയായ വ്യായാമം ഇല്ലാത്തതും ആളുകളെ പൊണ്ണത്തടിയിലേക്ക് നയിക്കാനും തുടങ്ങി. ഈ അവസ്ഥയില്‍ ജിം തുറക്കുന്നതിനായി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് വ്യായാമം മുടക്കാതിരിക്കാനായി വീട്ടില്‍ ഒരു ജിം ഒരുക്കുന്നതാണ്. കോട്ടയം നഗരത്തില്‍ നാലുപേര്‍ വീട്ടില്‍ ജിം ഒരുക്കാനുള്ള ആദ്യഘട്ട നടപടികള്‍ ആരംഭിച്ചതായി കഞ്ഞിക്കുഴിയിലെ ജിം പരിശീലകന്‍ അജിത്ത് പറയുന്നു