ലോകമെമ്പാടുമുള്ള 'കൊച്ചു' വലിയ മിടുമിടുക്കന്മാരെയും അവരുടെ പ്രതിഭയെയും തിരിച്ചറിയാന്‍ ഫെയ്‌സ്ബുക്ക് സ്ഥാപകര്‍ സംഘടിപ്പിക്കുന്ന ആഗോള ശാസ്ത്ര മത്സരം-ദ ബ്രേക്ക്ത്രൂ ജൂനിയര്‍ ചലഞ്ചില്‍ ശ്രദ്ധേയനാവുകയാണ് സമയ് ഗോദിക എന്ന പതിനഞ്ചുകാരന്‍.

അല്‍ഷിമേഴ്‌സും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രക്രിയയെ അടിസ്ഥാനമാക്കി സമയ് തയ്യാറാക്കിയ വീഡിയോ മത്സരത്തിന്റെ സെമി ഫൈനലില്‍ ഇടം പിടിച്ചു കഴിഞ്ഞു.  മനുഷ്യശരീരത്തില്‍ ആന്തരികമായി നടക്കുന്ന ഓട്ടോഫാജി പ്രക്രിയയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തെ ആധാരമാക്കിയാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ.

'ഓട്ടോഫാജി- ദ റോസെറ്റ സ്‌റ്റോണ്‍ ഓഫ് ഡിസീസസ്' എന്നാണ് വീഡിയോയുടെ പേര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആറായിരത്തിലധികം അപേക്ഷകളില്‍നിന്നാണ് 29 പേരുടെ സെമി ഫൈനല്‍ പട്ടികയില്‍ സമയ് ഇടംപിടിച്ചത്. ലഭിച്ചിരിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും പോപുലറായ വീഡിയോക്ക് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും.

മത്സരത്തില്‍ ജയിച്ചാല്‍ ഇത്തരമൊരു അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പ്രത്യേകത സമയിന് സ്വന്തമാകും. ബ്രേക്ക്ത്രൂ ജൂനിയര്‍ ചലഞ്ചിനായി സമയ് തയ്യാറാക്കിയ വീഡിയോ കാണാം...